ബെംഗളൂരു: ബെംഗളൂരുവില്‍ പൂച്ച പ്രസവിച്ചതിനെച്ചൊല്ലി രണ്ട് വീട്ടുകാർ തമ്മില്‍ മുട്ടൻ തല്ല്. തങ്ങളുടെ വീട്ടിലെ പൂച്ചയെ അയല്‍ക്കാരന്റെ വീട്ടിലെ പൂച്ച ഗർഭിണിയാക്കി എന്നതാണ് രണ്ട് വീട്ടുകാർ തമ്മിലുള്ള തല്ലിന് കാരണം.ഒടുവില്‍ പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.ബെംഗളൂരു ശേഷാദ്രിപുരത്താണ് സംഭവം. പെണ്‍പൂച്ചയുടെ ഉടമയാണ് ആദ്യം പ്രശ്നമുണ്ടാക്കിയത് എന്നാണ് റിപ്പോർട്ട്. പെണ്‍പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചു. അയല്‍ക്കാരന്റെ ആണ്‍പൂച്ച മൂലമാണ് തന്റെ പൂച്ച പ്രസവിച്ചത് എന്നുപറഞ്ഞ് ഉടമ അയല്‍ക്കാരനുമായി തർക്കത്തിലേർപ്പെട്ടു.വാക്കുതർക്കത്തില്‍ തുടങ്ങിയ തല്ല് പതിയെ കയ്യാങ്കളിയിലേക്ക് മാറി. അസഭ്യവർഷവും ആരംഭിച്ചു.ഇതിനിടെ പെണ്‍പൂച്ചയുടെ ഉടമ ഒരു പൂച്ചക്കുട്ടിയെ എടുത്ത് അയല്‍ക്കാരന്റെ വീട്ടിലേക്ക് എറിഞ്ഞു. ഇതോടെ തർക്കം മൂർച്ഛിച്ചു. പ്രദേശവാസികള്‍ ഇരുവരെയും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ പൊലീസ് എത്തി രംഗം ശാന്തമാകുകയായിരുന്നു. സംഭവത്തില്‍ പരാതി സ്വീകരിക്കാത്ത പൊലീസ് ഇരുവരെയും കാര്യം പറഞ്ഞ് മനസിലാക്കി വിടുകയായിരുന്നു.