കൊച്ചി: കുട്ടികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനായി എറണാകുളം എൻഫോഴ്സ്മെന്‍റ് ആർടിഒ ബിജു ഐസക്കിന്‍റെ നേതൃത്വത്തില്‍ സ്കൂള്‍ ബസുകളില്‍ മിന്നല്‍ പരിശോധന നടത്തി.കാക്കനാട്, കളമശ്ശേരി, ഇടപ്പള്ളി മേഖലകളില്‍ മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയില്‍ വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടർന്ന് 34 വാഹനങ്ങള്‍ക്കെതിരെ ചലാൻ തയ്യാറാക്കുകയും ആകെ 57,250 രൂപ പിഴ ചുമത്തുകയും ചെയ്തു. ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനം ഓടിക്കല്‍, നികുതി അടയ്ക്കാതിരിക്കല്‍, ഫസ്റ്റ് എയ്ഡ് ബോക്സിന്‍റെയും ഫയർ എക്സ്റ്റിംഗുഷറിന്‍റെയും അഭാവം, ഡ്രൈവർമാർ യൂണിഫോം ധരിക്കാതിരിക്കല്‍, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, അറ്റൻഡറുടെ അഭാവം തുടങ്ങിയ ക്രമക്കേടുകളാണ് പരിശോധനയില്‍ പ്രധാനമായും കണ്ടെത്തിയത്.
സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കർശനമായി പാലിക്കേണ്ടതുണ്ടെന്നും ചെറിയ അശ്രദ്ധകള്‍ പോലും കുട്ടികളുടെ ജീവന് ഭീഷണിയാകാമെന്നും അധികൃതർ വ്യക്തമാക്കി. വാഹനങ്ങളുടെ സുരക്ഷാ സംവിധാനങ്ങള്‍, രേഖകള്‍, ജീവനക്കാരുടെ യോഗ്യത എന്നിവ ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിലും വിവിധ മേഖലകളില്‍ പരിശോധന തുടരും. നിയമലംഘനം നടത്തുന്ന സ്കൂള്‍ വാഹനങ്ങള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എറണാകുളം എൻഫോഴ്സ്മെന്‍റ് വിഭാഗം അറിയിച്ചു.