ബെംഗളൂരു: നഗരത്തില്‍ മൂന്ന് മേല്‍പ്പാലങ്ങളും എലിവേറ്റഡ് ഹൈവേകളും നിർമ്മിക്കുന്നതിനായി ബെംഗളൂരു സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് അഥവാ ബി സ്‌മൈല്‍ ടെൻഡറുകള്‍ ക്ഷണിച്ചു.ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ കീഴില്‍ പ്രവർത്തിക്കുന്ന സ്ഥാപനമായ ബി സ്മൈല്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് ആകെ 1320 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.മഹാലക്ഷ്‌മി ലേഔട്ടില്‍ വെസ്‌റ്റ് ഓഫ് കോർഡ് റോഡില്‍നിന്ന് ഔട്ടർ റിങ് റോഡിലേക്കുള്ള പൈപ്പ്‌ലൈൻ റോഡില്‍ ഗ്രേഡ് സെപ്പറേറ്റർ നിർമ്മിക്കുന്നതാണ് ഒരു പദ്ധതി. 314.56 കോടി രൂപയാണ് ഇതിന് കണക്കാക്കിയ ചെലവ്. മൈസൂരു റോഡിലെ സിർസി സർക്കിളില്‍നിന്ന് നയനദഹള്ളിയിലേക്കുള്ള ഉയർന്ന പാതയാണ് രണ്ടാമത്തെ പദ്ധതി.
509 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പാത നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമാണ്. സർജാപുര ജങ്ഷനില്‍നിന്ന് ഇലക്‌ട്രോണിക്‌സ് സിറ്റി മേല്‍പ്പാലം വരെയുള്ള ഉയർന്ന പാതയാണ് മൂന്നാമത്തെ പദ്ധതി. 500 കോടി രൂപ ചെലവ് കണക്കാക്കുന്ന ഈ പാതയില്‍ ഈജിപുര മേല്‍പ്പാലം, മടിവാള അടിപ്പാത, സെന്റ് ജോണ്‍സ് ആശുപത്രി ജങ്ഷൻ, സില്‍ക്ക് ബോർഡ് ജങ്ഷൻ എന്നിവയും സംയോജിപ്പിക്കും.മൂന്ന് പദ്ധതികളുടെയും നിർമ്മാണം പൂർത്തിയാക്കാൻ 30 മാസത്തെ സമയപരിധിയാണ് ബി സ്മൈല്‍ നിശ്ചയിച്ചിരിക്കുന്നത്. രണ്ട് ടോള്‍ ഈടാക്കുന്ന ഉയർന്ന പാതകള്‍ ഉള്‍പ്പെടെ 11 മേല്‍പ്പാല പദ്ധതികള്‍ക്ക് സർക്കാർ അംഗീകാരം നല്‍കിയിട്ടുണ്ട്. ഏകദേശം 13,000 കോടി രൂപയാണ് ഈ പദ്ധതികളുടെ ആകെ ചെലവ്. എല്ലാ പദ്ധതികളും ടെൻഡർ നടപടികളുടെ വിവിധ ഘട്ടങ്ങളിലാണ്.അതിനിടെ പ്രദേശവാസികളുടെ എതിർപ്പിനെത്തുടർന്ന് മേല്‍പ്പാല പദ്ധതികളില്‍ ചില മാറ്റങ്ങളും ബി സ്‌മൈല്‍ വരുത്തിയിട്ടുണ്ട്.
ഓള്‍ഡ് മദ്രാസ് റോഡില്‍നിന്ന് ഇന്ദിരാനഗറിലെ 80 അടി റോഡ്, സി എം എച്ച് റോഡ്, 100 അടി റോഡ് എന്നിവയിലൂടെ ഡോംലൂരിലേക്ക് മേല്‍പ്പാലം നിർമ്മിക്കാനുള്ള നിർദേശം ഉപേക്ഷിച്ചു.ഓള്‍ഡ് മദ്രാസ് റോഡിനെയും ഡോംലൂരിനെയും ബന്ധിപ്പിക്കുന്ന നിർദ്ദിഷ്‌ട മേല്‍പ്പാല പദ്ധതിയാണ് ഉപേക്ഷിച്ചത്. 11.62 കിലോമീറ്റർ ദൈർഘ്യമുള്ള എലിവേറ്റഡ് ലൈൻ പദ്ധതിയുടെ ഭാഗമായാണ് ഈ മേല്‍പ്പാലം നിർമിക്കാൻ ആലോചിച്ചിരുന്നത്. മരങ്ങള്‍ നിറഞ്ഞ ഇന്ദിരാനഗറിലെ 80 അടി റോഡിലൂടെയും 100 അടി റോഡിലൂടെയും കടന്നുപോകുന്ന രീതിയിലായിരുന്നു മേല്‍പ്പാലം വിഭാവനം ചെയ്‌തിരുന്നത്.പദ്ധതി ഉപേക്ഷിച്ചതോടെ ഈ റോഡുകളിലെ മരങ്ങളും പ്രദേശത്തെ നിലവിലുള്ള പരിസ്ഥിതിയും സംരക്ഷിക്കപ്പെടുമെന്ന ആശ്വാസത്തിലാണ് നാട്ടുകാർ.
എന്നാല്‍ ഡോംലൂരില്‍നിന്ന് ആരംഭിച്ച് നിർമ്മാണത്തിലിരിക്കുന്ന ഈജിപുര മേല്‍പ്പാലവുമായി ചേരുന്നതുവരെ ഇന്നർ റിംഗ് റോഡിലൂടെയുള്ള എലിവേറ്റഡ് ഹൈവേ പദ്ധതി തുടരും.കൂടാതെ സെൻട്രല്‍ സില്‍ക്ക് ബോർഡിനും മടിവാളയ്ക്കും ഇടയില്‍ ഹൊസൂർ റോഡില്‍ മേല്‍പ്പാലം നിർമ്മിക്കാനുള്ള പദ്ധതിയും ബി സ്‌മൈല്‍ നിലനിർത്തിയിട്ടുണ്ട്. ആദ്യഘട്ട പദ്ധതിപ്രകാരം, ഇന്നർ റിംഗ് റോഡിനെയും ഹൊസൂർ റോഡിനെയും ബന്ധിപ്പിക്കുന്ന 11.62 കിലോമീറ്റർ ദൈർഘ്യമുള്ള മേല്‍പ്പാലം നിർമ്മിക്കാൻ ആയിരുന്നു ബി സ്മൈല്‍ ലക്ഷ്യമിട്ടിരുന്നത്, അതാണ് ഇപ്പോള്‍ ഉപേക്ഷിച്ചത്.