കല്‍പ്പറ്റ: വയനാട്ടില്‍ നിന്ന് ബെംഗളൂരുവിലേക്ക് അതിവേഗം എത്താൻ കഴിയുന്ന ബദല്‍പാതയില്‍ ബൈരക്കുപ്പ പാലത്തിൻ്റെ നിർമാണം ഉടൻ ആരംഭിക്കും.കേന്ദ്രത്തിൻ്റെ സേതുബന്ധൻ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലം നിർമാണത്തിനായി 27 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പികെ ബഷീർ അറിയിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി മുടങ്ങിക്കിടന്ന പദ്ധതിയാണ് പെരിക്കല്ലൂർ – ബൈരക്കുപ്പ പാലം.പാലം നിർമാണത്തിന് കർണാടകയുടെ അനുമതി നേരത്തെ ലഭിച്ചിരുന്നു. സേതുബന്ധൻ പദ്ധതിയില്‍ തുക വകയിരുത്തിയതോടെ പാലം നിർമാണഘട്ടത്തിലേക്ക് അടുക്കുകയാണ്. കർണാടക സർക്കാരുമായി നടത്തിയ ചർച്ചകള്‍ക്കൊടുവില്‍ പദ്ധതിക്ക് ആവശ്യമായ നിരാക്ഷേപ പത്രം (എൻ ഒ സി) ലഭ്യമായതായും വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഇടപെടലുകളും നടപടികള്‍ വേഗത്തിലാക്കാൻ സഹായിച്ചെന്നും മന്ത്രി പികെ ബഷീർ പറഞ്ഞു.
കർണാടക ഭാഗത്തേതുള്‍പ്പെടെയുള്ള അപ്രോച്ച് റോഡുകള്‍ക്കാവശ്യമായ ഭൂമി ഏറ്റെടുക്കല്‍, നിർമാണം, തുടർ അറ്റകുറ്റപ്പണികള്‍ എന്നിവ കേരള പൊതുമരാമത്ത് വകുപ്പാണ് നിർവഹിക്കുക. ഇതിൻ്റെ മുഴുവൻ ചെലവും കേരള സർക്കാർ തന്നെ വഹിക്കും. നിലവില്‍ അപ്രോച്ച് റോഡിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കായി ഭൂവുടമകളുമായി ചർച്ചകള്‍ പുരോഗമിക്കുകയാണ്.ബെംഗളൂരുവിലേക്കുള്ള ബദല്‍പാതപാലം പൂർത്തിയാകുന്നതോടെ പെരിക്കല്ലൂർ ഉള്‍പ്പെടെയുള്ള അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമാകും. ബെംഗളൂരുവിലേക്കും മൈസൂരുവിലേക്കും യാത്ര ചെയ്യുന്നവർക്ക് സുപ്രധാന ബദല്‍ പാതയായി ഇത് മാറും. സുല്‍ത്താൻ ബത്തേരിയില്‍നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രാദൂരത്തില്‍ ഏകദേശം 40 കിലോമീറ്ററോളം കുറവുണ്ടാകും.
ബന്ദിപ്പൂർ വനമേഖലയിലെ രാത്രിയാത്രാ നിരോധനത്തിൻ്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസം, ചികിത്സ, ചരക്കുനീക്കം എന്നിവയ്ക്ക് വലിയ ആശ്വാസമേകുന്ന പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ പൂർത്തിയാക്കുമെന്നും മന്ത്രി പികെ ബഷീർ കൂട്ടിച്ചേർത്തു.1994ല്‍ ആരംഭിച്ച റോഡ് നിർമാണം1994 സെപ്റ്റംബർ 24ന് തറക്കല്ലിട്ട പാലത്തിൻ്റെ നിർമാണം വിവിധ തടസ്സങ്ങള്‍ കാരണം നീണ്ടുപോവുകയായിരുന്നു. സുല്‍ത്താന്‍ബത്തേരിയെ കര്‍ണാടകയിലെ എച്ച്‌ഡി കോട്ട താലൂക്കുമായി ബന്ധിപ്പിച്ച് 145 മീറ്റര്‍ നീളത്തില്‍ പാലം നിര്‍മിക്കാനായിരുന്നു അന്നത്തെ പദ്ധതി. കേരളത്തിൻ്റെ ഭാഗത്തെ അപ്രോച്ച് റോഡ് ഇതിനകം നിർമിച്ചിട്ടുണ്ട്.1994 സെപ്റ്റംബറില്‍ കേരള മുഖ്യമന്ത്രിയായിരുന്നു കെ കരുണാകരനും, കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന വീരപ്പമൊയ്ലിയും ചേര്‍ന്നാണ് പെരിക്കല്ലൂര്‍ തോണിക്കടവില്‍ പാലത്തിന്‍റെ തറക്കല്ലിടല്‍ നടത്തിയത്. എന്നാല്‍ പിന്നീട് ഒരുനടപടിയും ഉണ്ടായില്ല. 2002 മാർച്ചില്‍ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം പദ്ധതിയ്ക്ക് അംഗീകാരം നല്‍കിയിരുന്നു.