Home കർണാടക പുലികേശി നഗറിലെ സ്ഫോടനം; ഐ.ഇ.ഡി നിര്‍മിച്ചത് ചാറ്റ് ജിപിടിയുടെ സഹായത്തോടെ, തീവ്രവാദ ബന്ധമില്ല, കാരണം കല്യാണം മുടക്കിയതിലെ വൈരാഗ്യം

പുലികേശി നഗറിലെ സ്ഫോടനം; ഐ.ഇ.ഡി നിര്‍മിച്ചത് ചാറ്റ് ജിപിടിയുടെ സഹായത്തോടെ, തീവ്രവാദ ബന്ധമില്ല, കാരണം കല്യാണം മുടക്കിയതിലെ വൈരാഗ്യം

ബെംഗളൂരു: ദസറത്തലേന്ന് ബെംഗളൂരു നഗരത്തെ നടുക്കിയ പുലികേശി നഗർ സ്ഫോടനത്തിന് പിന്നില്‍ തീവ്രവാദ ബന്ധമില്ലെന്ന് കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം.സ്ഫോടനത്തിന് പിന്നില്‍ ഭീകരാക്രമണ ബന്ധമില്ലെന്നും വ്യക്തിവൈരാഗ്യമാണ് കാരണമെന്നും പൊലീസ്‌ കമ്മീഷണർ സീമന്ത് കുമാർ സിംഗ് അറിയിച്ചു. സംഭവത്തില്‍ അസം സ്വദേശികളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹം മുടക്കിയതിലുള്ള വിരോധത്തില്‍ കെട്ടിടത്തിന്റെ സുരക്ഷാ ജീവനക്കാരനെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികള്‍ ചാറ്റ് ജിപിടിയുടെ സഹായത്തോടെയാണ് സ്ഫോടക വസ്തു നിർമിച്ചത് എന്ന കണ്ടെത്തല്‍ കർണാടക പൊലീസിനെ ഞെട്ടിച്ചിരിക്കുകയാണ്.കഴിഞ്ഞ ആഴ്ച ദസറ ആഘോഷങ്ങള്‍ക്ക് ഒരുങ്ങുന്നതിനിടെയാണ് നഗരവാസികളെ ഞെട്ടിച്ച്‌ ബെംഗളൂരു പുലികേശി നഗർ പൊലീസ് സ്റ്റേഷന്റെ പരിധിയില്‍ നിർമ്മാണത്തിലിരുന്ന കെട്ടിടത്തില്‍ ശക്തമായ സ്ഫോടനമുണ്ടാകുന്നത്.

ഐഇഡി അഥവാ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡീവൈസ് ആണ് പൊട്ടിത്തെറിച്ചത് എന്ന് വ്യക്തമായതോടെ അന്വേഷിക്കുന്നതിനായി ഭീകരവിരുദ്ധ സേനയും ദേശീയ അന്വേഷണ ഏജൻസിയും ഉള്‍പ്പെടെ രംഗത്തെത്തി. തീവ്രവാദ ബന്ധമുള്‍പ്പെടെ സംശയിക്കപ്പെട്ട കേസില്‍ പല സംഘങ്ങളായി തിരിഞ്ഞ് കർണാടക പൊലീസും അന്വേഷണം ഊർജിതമാക്കി. ഇതിനൊടുവിലാണ് ആശങ്കകളെ എല്ലാം അസ്ഥാനത്താക്കി അസം സ്വദേശികളായ മൂന്നുപേർ പിടിയിലായത്. അസമിലെ ധീനത്പൂർ സ്വദേശിയായ സാഹിദ് ഉള്‍ ഹുസൈൻ ബാർബിയ ഇയാളുടെ ബന്ധുക്കളായ സാജുദുല്‍ ഇസ്ലാം ലസ്കർ, ബുർഹാൻ അഹമ്മദ് ബാർബിയ എന്നിവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.മുഖ്യപ്രതി സാഹിദ് ഉള്‍ ഹുസൈന് ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനായ അലാവുദ്ദിനോടുണ്ടായിരുന്ന വ്യക്തിവൈരാഗ്യമാണ് സ്ഫോടനത്തിന്റെ കാരണമെന്ന് പൊലീസ് വ്യക്തമാക്കി. അലാവുദ്ദീൻ മൂലം വിവാഹം മുടങ്ങിയതിലുള്ള വിരോധവും നാട്ടില്‍ വച്ചുണ്ടായ വസ്തു തർക്കവും മനസില്‍ വച്ച്‌ ബന്ധുക്കളായ രണ്ടുപേരെയും കൂട്ടുപിടിച്ച്‌ സാഹിദ് ഉള്‍ ഹുസൈൻ തന്നെയാണ് ടോർച്ചിനുള്ളില്‍ ഘടിപ്പിക്കാവുന്ന ഐഇഡി നിർമിച്ചത്.

ചാറ്റ് ജിപിടിയില്‍ നിന്ന് വിവരങ്ങള്‍ എടുത്താണ് ഐഇഡി ഉണ്ടാക്കിയതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പിന്നീട് ബസ് മാർഗം ബെംഗളൂരുവിലെത്തിച്ച്‌ പുലികേശി നഗറിലെ നിർമാണത്തിലിരുന്ന കെട്ടിടത്തിന് മുന്നില്‍ ഉപേക്ഷിച്ചു.തുടർന്ന് അലാവുദീനെ ഫോണ്‍ ചെയ്ത് പാഴ്സല്‍ ഉണ്ടെന്ന് അറിയിച്ചു. പെട്ടി അലാവുദ്ദീൻ ഫ്ലാറ്റിലെ പെയിന്റർ സൂരജിന്റെ സഹായത്തോടെ തുറക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. പൊട്ടിത്തെറി ഉണ്ടായി 72 മണിക്കൂറിനിടെ പ്രതികളെ പിടികൂടാനായതും തീവ്രവാദ ബന്ധമില്ല എന്ന് സ്ഥിരീകരിക്കാനായതും ബെംഗളൂരു പൊലീസിന്റെ അന്വേഷണ മികവാണെങ്കിലും ഐഇഡി ഉണ്ടാക്കിയ വിധവും അത് ബസില്‍ എത്തിച്ച രീതിയും ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഐഇഡി കൊണ്ടുവരുന്ന സമയത്തോ മറ്റോ അപ്രതീക്ഷിതമായി സ്ഫോടനം നടത്തിരുന്നെങ്കില്‍ എന്താകുമായിരുന്ന എന്ന ചോദ്യമാണ് പൊലീസിനെ അലട്ടുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group