വെല്ലൂർ: സൈനിക രഹസ്യങ്ങള്‍ വനിതാ സുഹൃത്തിന് വാട്ട്സ്ആപ്പിലൂടെ കൈമാറിയതിന് കരസേനാ മുൻ ക്യാപ്റ്റൻ അറസ്റ്റില്‍.വെല്ലൂർ ജില്ലയിലെ കീഴ്വെള്ളം സ്വദേശിയും കരസേനയില്‍ 28 വർഷം സേവനമനുഷ്ടിക്കുകയും ചെയ്ത ബാബു പി (52) ആണ് ശനിയാഴ്ച രാത്രി അറസ്റ്റിലായത്. 2025-ലാണ് മിലിട്ടറി എക്യുപ്മെന്റ് ഡിവിഷനില്‍ നിന്ന് ക്യാപ്റ്റനായി ബാബു വിരമിച്ചത്. ആയുധങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇയാള്‍ വനിതാ സുഹൃത്തിന് പറഞ്ഞുകൊടുത്തത്. ഒരു വർഷം മുൻപാണ് ബാബുവും യുവതിയും സൗഹൃദം തുടങ്ങിയത്. ഇവരുടെ ആവശ്യപ്രകാരം കരസേനയിലെ സുഹൃത്തുക്കളോടു ചോദിച്ചു മനസ്സിലാക്കിയ കാര്യങ്ങളും പങ്കുവച്ചിരുന്നു.
സംശയം തോന്നിയ ഉദ്യോഗസ്ഥർ കേന്ദ്ര അന്വേഷണ ഏജൻസികളെ വിവരം അറിയിച്ചതോടെയാണ് പിടിയിലായത്.ഡിആർഡിഒ ഉദ്യോഗസ്ഥ എന്ന വ്യാജേന ബാബുവുമായി ബന്ധപ്പെട്ട സ്ത്രീയെ ഇതുവരെ തിരിചറിഞ്ഞിട്ടില്ലെന്നും, ഇവർ വിദേശ വനിതയാണോ എന്ന് അന്വേഷണ ഏജൻസികള്‍ പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. ഇവർക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന വാർത്തകളില്‍ ഇതുവരെ സ്ഥിരീകരണമില്ല. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിലെ പ്രോജക്ടിനായി ജോലി ചെയ്യുന്ന വ്യക്തിയാണെന്ന് അവകാശപ്പെട്ടാണ് യുവതി ബാബുവിനെ വാട്സ്ആപ്പിലൂടെ ബന്ധപ്പെടുന്നത്. പ്രോജക്ട് ആവശ്യങ്ങള്‍ക്കെന്ന വ്യാജേന ഇവർ പ്രതിയില്‍ നിന്ന് വിവരങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു.
സൈനിക ഉപകരണങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ബാബു ഇവർക്ക് കൈമാറിയതായും നിലവില്‍ സേവനത്തിലുള്ള മറ്റ് ആർമി ഉദ്യോഗസ്ഥരില്‍ നിന്നും ഇയാള്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നതായും സംശയിക്കുന്നു. തുടർന്ന് ഇന്റലിജൻസ് ബ്യൂറോ (IB) ഇവരുടെ മൊബൈല്‍ നമ്പറുകള്‍ നിരീക്ഷിച്ചപ്പോഴാണ് തന്ത്രപ്രധാനമായ സൈനിക രഹസ്യങ്ങള്‍ കൈമാറിയതായി കണ്ടെത്തിയത്. കേന്ദ്ര ഇന്റലിജൻസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിന് ശേഷം ശനിയാഴ്ച രാത്രി അറസ്റ്റ് രേഖപ്പെടുത്തിയ ബാബുവിനെ കോടതി റിമാൻഡ് ചെയ്തു. നിലവില്‍ വെല്ലൂർ സെൻട്രല്‍ ജയിലിലാണ് ബാബു.