തിരുപ്പതി: കേരളം, ആന്ധ്രാപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളില്‍ വൻകിട കവർച്ചകളും കൊലപാതകങ്ങളും നടത്തി മുങ്ങിനടന്ന കുപ്രസിദ്ധ കുറ്റവാളി അബ്ദുല്‍ അസീസിനെ ആന്ധ്രാപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തുഇയാളുടെ സഹായി രാജമ്മ എന്ന സ്ത്രീയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തനിച്ച് താമസിക്കുന്ന സ്ത്രീകളെ സൗഹൃദം സ്ഥാപിച്ച് കൊലപ്പെടുത്തി സ്വർണം കവരുന്നതാണ് ഇയാളുടെ ക്രൂരമായ രീതി.ആന്ധ്രാപ്രദേശില്‍ 11 കേസുകള്‍, കേരളത്തില്‍ ആറ് കേസുകള്‍, കർണാടകയില്‍ നാല് കേസുകള്‍ എന്നിങ്ങനെ 21 കൊലപാതക കേസുകളാണ് ഇയാളുടെ പേരിലുള്ളത്. 2018-ല്‍ കേരളത്തില്‍ നടന്ന ഒരു കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഇയാള്‍, പോലീസുകാരെ ആക്രമിച്ച് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
കസ്റ്റഡിയില്‍ നിന്ന് ചാടിയത് മുതല്‍ കേരള പോലീസിന്റെ ഏറ്റവും അപകടകാരികളായ പ്രതികളുടെ പട്ടികയില്‍ (Most Wanted List) അബ്ദുല്‍ അസീസും ഉണ്ടായിരുന്നു. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവർക്ക് കേരള പോലീസ് രണ്ട് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. വർഷങ്ങളോളം വിവിധ വേഷങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷമാണ് ഇപ്പോള്‍ പിടിയിലാകുന്നത്.വിശ്വാസം നേടിയെടുക്കാൻ പ്രാവീണ്യമുള്ള ഇയാള്‍, തനിച്ച് കഴിയുന്ന സ്ത്രീകളെയാണ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. സൗഹൃദം സ്ഥാപിച്ച് വീട്ടില്‍ പ്രവേശനം ഉറപ്പാക്കിയ ശേഷം കൊലപ്പെടുത്തി ആഭരണങ്ങളുമായി കടന്നുകളയുന്നതായിരുന്നു രീതി.അറസ്റ്റ് സംബന്ധിച്ച് ആന്ധ്ര പോലീസ് കേരള പോലീസിനെ വിവരമറിയിച്ചിട്ടുണ്ട്. പ്രതിയെ വൈകാതെ കേരളത്തിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് നീക്കം.