Home കർണാടക ബെംഗളൂരുവിലെ യുവാക്കളെ..5000 രൂപ വാടകയ്ക്ക് റൂം കിട്ടുന്ന സ്ഥലങ്ങള്‍ ഇവിടെയുണ്ട്..ഇനി അധികം കഷ്ടപ്പെടേണ്ട

ബെംഗളൂരുവിലെ യുവാക്കളെ..5000 രൂപ വാടകയ്ക്ക് റൂം കിട്ടുന്ന സ്ഥലങ്ങള്‍ ഇവിടെയുണ്ട്..ഇനി അധികം കഷ്ടപ്പെടേണ്ട

by ടാർസ്യുസ്

ബെംഗളൂരു: ഉന്നത പഠനത്തിനോ ജോലിക്കോ ബെംഗളൂരുവിലെത്തുന്ന യുവാക്കള്‍ക്ക് താമസ സൌകര്യം കണ്ടെത്തുന്നത് പലപ്പോഴും വലിയ വെല്ലുവിളിയാണ്.ഉയർന്ന വാടക തന്നെയാണ് പ്രധാന വില്ലൻ. ഇനി പൈസ കൊടുക്കാമെന്ന് തീരുമാനിച്ചാല്‍ തന്നെ ആ തുകയ്ക്കുള്ള സൌകര്യങ്ങള്‍ ഉണ്ടാവുകയുമില്ല. ബാച്ചിലേഴ്സ് ആണ് ഈ പ്രതിസന്ധികളില്‍ പെട്ടുപോകുക. ഇങ്ങനെൊക്കെ ആണെങ്കിലും പൂർണമായി അങ്ങനെ മനസ് മടുക്കേണ്ട കേട്ടോ, കാരണം ബാച്ചിലേഴ്സിന് നല്ല അടിസ്ഥാന സൌകര്യങ്ങളുള്ള, മിതമായ നിരക്കില്‍ ലഭ്യമാകുന്ന താമസ സൌകര്യങ്ങളും ബെംഗളൂരുവില്‍ ഉണ്ട്. പേയിംഗ് ഗസ്റ്റ് സൗകര്യങ്ങള്‍, ഷെയേർഡ് ഫ്ലാറ്റുകള്‍, കോ-ലിവിംഗ് സ്പേസുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഇടങ്ങളെ കുറിച്ചാണ് പറയുന്നത്.

വിശദമായി നോക്കിയാലോ?

ബാച്ചിലേഴ്സിന് പ്രിയപ്പെട്ട ബെംഗളൂരിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്ന് ബിടിഎം ലേഔട്ട് ആണ്. മലയാളികളെ സംബന്ധിച്ച്‌ ഒരു കൊച്ച്‌ കേരളം എന്ന് വേണമെങ്കില്‍ പറയാവുന്ന ഇടം. എവിടെ തിരഞ്ഞാലും മലയാളി കടകളും ആളുകളും ഒക്കെ കാണും. ആയിരക്കണക്കിന് പിജികളും ഒറ്റമുറികളും ഇവിടെ കുറഞ്ഞ നിരക്കില്‍ ലഭ്യമാണ്. പിജി വാടക സാധാരണയായി പ്രതിമാസം 6,000 മുതല്‍ 12,000 വരെയാണ് ഇവിടെ ഈടാക്കാറുള്ളത്. ഒരു ബെഡ്‌റൂം ഹാള്‍ കിച്ചണ്‍ ഉള്‍പ്പെടുന്ന 1 ബിഎച്ച്‌കെ ഫ്ലാറ്റിന് 10,000 മുതല്‍ 16,000 വരെയാണ് വാടക. ഐടി ഹബുകളായ കോറമംഗല, ബോമ്മനഹള്ളി എന്നിവയുമായി അടുത്ത കിടക്കുന്ന പ്രദേശം കൂടിയാണ്. കുറഞ്ഞ നിരക്കില്‍ ഭക്ഷണം കിട്ടുന്ന ഇടം എന്നതും ഇവിടേക്ക് ആളുകളെ ആകർഷിക്കും.മാരത്തഹള്ളി, ബെല്ലന്ദൂർ പ്രദേശങ്ങളാണ് മറ്റൊന്ന്. ഐടി പ്രൊഫഷണലുകള്‍ക്കിടയില്‍ ഏറെ പ്രിയമുള്ള ഒരിടം. ഔട്ടർ റിംഗ് റോഡില്‍ ) നിരവധി ഐടി പാർക്കുകള്‍ ഉള്ളതിനാല്‍ ഫ്ലാറ്റുകളും ഷെയേർഡ് താമസസൗകര്യങ്ങളും ബാച്ചിലർമാർക്ക് ഇവിടെ എളുപ്പത്തില്‍ കിട്ടും. സുഹൃത്തുക്കളോടൊപ്പം താമസിക്കാവുന്ന ഫ്ലാറ്റ് ഷെയറിംഗ് ഇവിടെ സാധാരണമാണ്. ഇവിടത്തെ പിജി വാടക 7,000 മുതല്‍ 15,000 വരെയും, ഷെയേർഡ് ഫ്ലാറ്റുകള്‍ക്ക് സാധാരണയായി 15,000 മുതല്‍ 25,000 വരെയുമാണ്.

സ്റ്റാർട്ടപ്പ് ഹബുകളായ കോറമംഗലയും എച്ച്‌എസ്‌ആർ ലേഔട്ടും ബാച്ചിലർമാർക്ക് മികച്ച ഓപ്ഷനുകളാണ്. ഈ പ്രദേശങ്ങളില്‍ പ്രീമിയം പിജികളും കോ-ലിവിംഗ് സ്പേസുകളും ധാരാളമുണ്ട്. പിജി താമസത്തിന് 8,000 മുതല്‍ 18,000 വരെയും, 1BHK ഫ്ലാറ്റുകള്‍ക്ക് 18,000 മുതല്‍ 30,000 വരെയുമാണ് വാടക. സജീവമായ ജീവിതശൈലിയും കഫേകളും പബുകളും ഇവിടത്തെ പ്രധാന ആകർഷണങ്ങളാണ്.ശാന്തമായ നഗരസൌകര്യങ്ങളാണ് നിങ്ങള്‍ നോക്കുന്നതെങ്കില്‍ കാമനഹള്ളി, കല്യാണ്‍ നഗർ എന്നിവ തിരഞ്ഞെടുക്കാം. ഈ പ്രദേശങ്ങളില്‍ അപ്പാർട്ട്‌മെന്റുകളും വീടുകളുമെല്ലാം ബാച്ചിലേഴ്സിന് ലഭിക്കുമെന്ന് ന്യൂസ് 18 റിപ്പോർട്ടില്‍ പറയുന്നു. പിജി വാടക 6,000 മുതല്‍ 13,000 വരെയാണ്, ഒറ്റമുറികള്‍ക്ക് സാധാരണയായി 12,000 മുതല്‍ 20,000 വരെയാണ് വാടക. മികച്ച റെസ്റ്റോറന്റുകള്‍, ഷോപ്പിംഗ് സെന്ററുകള്‍, ഗതാഗത സൗകര്യങ്ങള്‍ എന്നിവയാണ് ഇവിടുത്തെ പ്രത്യേകത.വലിയ അപ്പാർട്ട്‌മെന്റ് കോംപ്ലക്സുകളില്‍ ഷെയേർഡ് ഫ്ലാറ്റുകള്‍ തേടുന്നവർക്ക് ഇലക്‌ട്രോണിക് സിറ്റിയും വൈറ്റ്ഫീല്‍ഡും തിരഞ്ഞെടുക്കാം. ഇവിടത്തെ റെസിഡൻഷ്യല്‍ സൊസൈറ്റികള്‍ ബാച്ചിലർമാരോട് കൂടുതല്‍ അനുഭാവം കാണിക്കുന്നവരാണ്. പിജി വാടക 5,000 മുതല്‍ 10,000 വരെയാണ്, കൂടാതെ 1BHK ഫ്ലാറ്റുകള്‍ 10,000 മുതല്‍ 18,000 രൂപക്ക് വരെ ലഭ്യമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group