ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാൻ മൂന്ന് നിബന്ധനകളുമായി ഇറാൻ. സമാധനത്തിന് തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ തന്റെ എക്സ് പേജിലൂടെ അറിയിച്ചു.പക്ഷേ മൂന്ന് നിബന്ധനങ്ങളും അദ്ദേഹം മുന്നോട്ട് വച്ചിട്ടുണ്ട്.

ഇറാന്റെ പരമാധികാരം അംഗീകരിക്കണം, യുദ്ധം മൂലം ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം വേണം, ഭാവിയില്‍ സംഘർഷങ്ങളുണ്ടാകാതിരിക്കാൻ അന്താരാഷ്ട്ര തലത്തില്‍ ഉറപ്പ് നല്‍കണം എന്നിവയാണ് നിബന്ധനകള്‍.അതേസമയം, ഇറാനില്‍ ഒരുവിധം എല്ലാ ലക്ഷ്യസ്ഥാനങ്ങളെയും തകർത്തെന്നും യുദ്ധം ഉടൻ അവസാനിപ്പിക്കാൻ കഴിഞ്ഞേക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഹോർമുസിലൂടെയുള്ള ഊർജ്ജ നീക്കം തടസ്സപ്പെടുത്തിയാല്‍ ഇതുവരെ കാണാത്ത തീവ്രതയിലെ പ്രത്യാഘാതങ്ങള്‍ ഇറാൻ കാണേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്കി.ഇതിനിടെ, തലസ്ഥാനമായ ടെഹ്റാനില്‍ സെപാ ബാങ്കിന്റെ ഓഫീസുകള്‍ക്ക് ചൊവ്വാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമായി വ്യോമാക്രമണമുണ്ടായത് ഇറാനെ ചൊടിപ്പിച്ചു. ഇസ്രയേലും യു.എസുമായും ബന്ധമുള്ള സാമ്പത്തിക, ബാങ്കിംഗ് കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. മിഡില്‍ ഈസ്റ്റിലെ ജനങ്ങള്‍ ബാങ്കുകളില്‍ നിന്ന് 1,000 മീറ്റർ അകലം പാലിക്കണമെന്നും മുന്നറിയിപ്പ് നല്കി.