ബെംഗളൂരു: ഇന്ത്യയുടെ ഐടി ഹബ്ബായി ബെംഗളൂരുവിനെയാണ് കണക്കാക്കുന്നത്. ആഗോള കമ്പനികളുടെയെല്ലാം ഓഫീസുകള്‍ ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.സാങ്കേതിക മേഖലയിലെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും പ്രാഗത്ഭ്യമുള്ള ഐടി പ്രൊഫണലുകളുടെ സാന്നിധ്യവുമാണ് കമ്പനികളെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നത്. എന്നാലിപ്പോള്‍ ബെംഗളൂരുവിന് ഭീഷണി ഉയര്‍ത്തി ബിസിനസ് മേഖലയില്‍ മറ്റു പല ഇന്ത്യന്‍ നഗരങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. വലിയ കമ്പനികളെ ആകര്‍ഷിക്കാന്‍ കടുത്ത മത്സരമാണ് സംസ്ഥാനങ്ങള്‍ തമ്മില്‍ നടക്കുന്നത്.

ഇപ്പോഴിതാ, ബെംഗളൂരുവിന്റെ പദവിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി ഹൈദരാബാദാണ് ആഗോള ബിസിനസ് രംഗത്ത് വന്‍ മുന്നേറ്റം നടത്തുന്നത്. അന്താരാഷ്ട്ര കമ്പനികള്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത് ഹൈദരാബാദിനോടാണ്. തങ്ങളുടെ പ്രവര്‍ത്തന കേന്ദ്രങ്ങള്‍ (ഗ്ലോബല്‍ കേപബിലിറ്റി സെന്ററുകള്‍ – ജിസിസി) സ്ഥാപിക്കാന്‍ തിരഞ്ഞെടുക്കുന്ന നഗരവും ഹൈദരാബാദാണ്. പ്രമുഖ സ്വിസ് മരുന്ന് നിര്‍മ്മാണ കമ്പനിയായ ലോണ്‍സ ഗ്രൂപ്പ് തങ്ങളുടെ പുതിയ പ്ലാന്റും പ്രവര്‍ത്തന കേന്ദ്രവും ഹൈദരാബാദില്‍ തുടങ്ങാന്‍ തീരുമാനിച്ചത് ഈ മാറ്റത്തിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ നിര്‍മ്മാണ സ്ഥാപനങ്ങളിലൊന്നാണ് ലോണ്‍സ ഗ്രൂപ്പ്. അതുകൊണ്ടു തന്നെ ബെംഗളൂരുവിനെ മറികടന്ന് ഹൈദരാബാദിനെ തിരഞ്ഞെടുത്തത് ആ നഗരത്തിന്റെ ഭാവി സാധ്യതകളെ തുറന്നുകാട്ടുന്നു.ഡിജിറ്റല്‍ യുഗം മുതല്‍, പ്രമുഖ ഐടി തലസ്ഥാനമെന്ന നിലയില്‍ ബെംഗളൂരുവാണ് മുന്നിലുള്ളത്. എന്നാല്‍ കണക്കുകള്‍ പരിശോധിച്ചാല്‍ ഹൈദരാബാദിന്റെ വളര്‍ച്ച വ്യക്തമാണ്. 2025-ല്‍ ഇന്ത്യയില്‍ പുതുതായി ആരംഭിച്ച 85 ആഗോള കേന്ദ്രങ്ങളില്‍ 35 എണ്ണവും സ്വന്തമാക്കിയത് ഹൈദരാബാദാണ്.
എന്നാല്‍ ഇതേ കാലയളവില്‍ ബെംഗളൂരുവിന് കേവലം 21 കേന്ദ്രങ്ങള്‍ മാത്രമേ നേടാനായുള്ളൂ. നിലവില്‍ ഇന്ത്യയിലുള്ള ആകെ ആഗോള കേന്ദ്രങ്ങളില്‍ അഞ്ചില്‍ ഒന്ന് ഹൈദരാബാദിലാണ് പ്രവര്‍ത്തിക്കുന്നത്. ബെംഗളൂരുവിലെ വലിയ ഗതാഗതക്കുരുക്കാണ് ഏറ്റവും വലിയ വില്ലന്‍. അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ, കുതിച്ചുയരുന്ന ജീവിതച്ചെലവ് എന്നിവ കമ്പനികളെയും ജീവനക്കാരെയും അവിടെ നിന്ന് മാറ്റിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു.മറുഭാഗത്ത്, മികച്ച റോഡുകളും പൊതുഗതാഗത സൗകര്യങ്ങളും കുറഞ്ഞ ജീവിതച്ചെലവുമാണ് ഹൈദരാബാദിനെ ആകര്‍ഷകമാക്കുന്നത്. മൈക്രോസോഫ്റ്റ്, ആമസോണ്‍, ഗൂഗിള്‍ തുടങ്ങിയ വന്‍കിട കമ്പനികളുടെ സാന്നിധ്യം നഗരത്തിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നു. കേവലം ഐടി മേഖലയില്‍ മാത്രം ഒതുങ്ങാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), ആനിമേഷന്‍ തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളിലും ഹൈദരാബാദ് വന്‍ നിക്ഷേപമാണ് ആകര്‍ഷിക്കുന്നത്. ഒപ്പം ഗ്രാമീണ മേഖലയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പോലും ആഗോള കമ്പനികളില്‍ ജോലി നേടാനുള്ള മികച്ച അവസരങ്ങള്‍ ഈ നഗരം ഒരുക്കുന്നുണ്ട്. പാരമ്പര്യവും ആധുനികതയും ഒരുപോലെ ചേര്‍ത്തുവെച്ചുള്ള ഹൈദരാബാദിന്റെ ഈ കുതിപ്പ് വരും വര്‍ഷങ്ങളിലും തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.