Home കർണാടക ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍

ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍

by ടാർസ്യുസ്

ബെംഗളൂരു: മെട്രോ യെല്ലോ ലൈനിലെ യാത്രക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വീട്ടില്‍ നിന്ന് സ്വന്തം വാഹനമെടുത്ത് ബെംഗളൂരുവിലെ ട്രാഫിക്കില്‍ മണിക്കൂറുകളോളം കുരുങ്ങിക്കിടക്കാതെ തന്നെ മെട്രോ സ്റ്റേഷനിലെത്താം.യെല്ലോ ലൈന്‍ യാത്രക്കാര്‍ക്കായി ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബിഎംടിസി) ഒരുക്കിയിരിക്കുന്ന പുതിയ സൗകര്യം യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്പെടും. നഗരത്തിലുടനീളം കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ഫീഡര്‍ ബസുകള്‍ പുറത്തിറക്കിയിരിക്കുകയാണ് ബിഎംടിസി. ഇനി ഈ ബസുകളില്‍ വീടുകളില്‍ നിന്ന് നേരെ മെട്രോ സ്‌റ്റേഷനിലേക്ക് എത്താം.

ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി (ബിഎംആര്‍സിഎല്‍) ചേര്‍ന്നാണ് ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ എട്ട് പുതിയ ഫീഡര്‍ ബസുകള്‍ ഓടിക്കുന്നത്. എട്ട് ഫീഡര്‍ ബസ് സര്‍വീസുകളാണ് ആരംഭിച്ചത്. ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. കഴിഞ്ഞ ദിവസം മുതലാണ് ഈ സേവനങ്ങള്‍ ഔദ്യോഗികമായി ആരംഭിച്ചത്. ആദ്യ ബസ് രാവിലെ ആറു മണിക്ക് പുറപ്പെടും. അവസാന ബസ് രാത്രി 9.40 നാണ്. മെട്രോ ട്രെയിനുകളുടെ സമയം അനുസരിച്ചാണ് ബസുകളുടെ സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.രാഷ്ട്രീയ വിദ്യാലയ റോഡ് മുതല്‍ ബൊമ്മസന്ദ്ര വരെയുള്ള യെല്ലോ ലൈന്‍ ഇടനാഴിയിലെ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വലിയ വര്‍ധന പരിഗണിച്ചാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഹോസ റോഡ്, സിംഗസന്ദ്ര, കൂഡ്‌ലു ഗേറ്റ് എന്നീ സ്റ്റേഷനുകളുടെ ചുറ്റുമുള്ള താമസസ്ഥലങ്ങളുമായും വാണിജ്യ കേന്ദ്രങ്ങളുമായും ബന്ധിപ്പിക്കുന്ന രീതിയിലാണ് ഈ സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.ഹോസ റോഡ് മെട്രോ സ്റ്റേഷനെ ഒരു പ്രധാന ട്രാന്‍സിറ്റ് ഹബ്ബായാണ് ബിഎംടിസി വികസിപ്പിക്കുന്നത്.

ഇവിടെ നിന്ന് രണ്ട് പ്രധാന റിങ് റൂട്ടുകളിലേക്കുള്ള ബസ് സര്‍വീസുകള്‍ ഒരേ സമയം പ്രവര്‍ത്തിക്കും. സെന്‍ട്രല്‍ ജയില്‍, നാഷണല്‍ പബ്ലിക് സ്‌കൂള്‍, ഹാരളൂര്‍, ഹാരളൂര്‍ ക്രോസ്, അഗര, പരംഗിപാളയ, സോമസുന്ദരപാളയ, കൂഡ്‌ലു ഗേറ്റ്, സിംഗസന്ദ്ര തുടങ്ങിയ സ്ഥലങ്ങളെ കോര്‍ത്തിണക്കിയാണ് ഈ ബസുകള്‍ സഞ്ചരിക്കുന്നത്. ഒരേ റൂട്ടില്‍ രണ്ട് ദിശകളിലേക്കും ബസ് സര്‍വീസുകള്‍ ലഭ്യമാകുന്നത് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകും. രാവിലെ ആറു മണി മുതല്‍ രാത്രി വൈകുന്നത് വരെ കൃത്യമായ ഇടവേളകളില്‍ ബസുകള്‍ ലഭ്യമാകുമെന്നതിനാല്‍ യാത്രക്കാര്‍ക്ക് സമയലാഭവും ഉറപ്പാക്കാം.ഇതുകൂടാതെ ഹോസ റോഡ് മെട്രോ സ്റ്റേഷനെ കാര്‍മലാരം ബസ് സ്റ്റോപ്പുമായി ബന്ധിപ്പിക്കുന്ന മറ്റൊരു സുപ്രധാന റൂട്ടും ബിഎംടിസി അവതരിപ്പിച്ചിട്ടുണ്ട്. സെന്‍ട്രല്‍ ജയില്‍, ദൊഡ്ഡമാര, ചിക്കനായകനഹള്ളി, ദൊഡ്ഡക്കനള്ളി വഴി കടന്നുപോകുന്ന ഈ ബസ് സര്‍വീസുകള്‍ സര്‍ജാപ്പൂര്‍ റോഡ്, ഇലക്‌ട്രോണിക് സിറ്റി ഇടനാഴികളില്‍ താമസിക്കുന്നവര്‍ക്ക് വലിയൊരു അനുഗ്രഹമാകും. തെക്കന്‍ ബെംഗളൂരുവിലെ ട്രാഫിക് കുരുക്കുകളില്‍ പെടാതെ സുഗമമായും വേഗത്തിലും ലക്ഷ്യസ്ഥാനത്തെത്താന്‍ ഈ പുതിയ ഫീഡര്‍ സര്‍വീസുകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group