ടി20 ലോകകപ്പിലെ നിർണ്ണായകമായ വെസ്റ്റ് ഇൻഡീസ് പോരാട്ടത്തിന് തൊട്ടുമുമ്പ് ഇന്ത്യൻ ടീമിന് രസകരമായ ഒരു വെല്ലുവിളിയുമായി മുൻ താരം മനോജ് തിവാരി.ഈഡൻ ഗാർഡൻസില്‍ ഇന്ന് നടക്കുന്ന ജീവൻമരണ പോരാട്ടത്തില്‍ വെസ്റ്റ് ഇൻഡീസിനെ തോല്‍പ്പിക്കാൻ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യൻ താരങ്ങളുടെ ഐപിഎല്‍ (IPL) കരാറുകളെ അത് ബാധിക്കുമെന്നാണ് തിവാരി തമാശരൂപേണ പറഞ്ഞത്. സിംബാബ്‌വെയ്‌ക്കെതിരെ 256 റണ്‍സ് അടിച്ചുകൂട്ടി ഫോമിലേക്ക് തിരിച്ചെത്തിയ ഇന്ത്യക്ക് സെമിയിലെത്താൻ ഇന്ന് ജയം അനിവാര്യമാണ്.

‘സമ്മർദ്ദമില്ലാതെ കളിക്കണം’ക്രിക്ബസിലെ ചർച്ചയ്ക്കിടെയാണ് മനോജ് തിവാരി തന്റെ നിരീക്ഷണം പങ്കുവെച്ചത്. “കഴിഞ്ഞ മത്സരത്തില്‍ 256 റണ്‍സ് നേടിയ ടീമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് യാതൊരു സമ്മർദ്ദവുമില്ല. 200-ന് മുകളില്‍ സ്കോർ ചെയ്ത് വിൻഡീസിനെ എളുപ്പത്തില്‍ തോല്‍പ്പിക്കുകയാണ് വേണ്ടത്. ഇനി അഥവാ വിൻഡീസിനോട് തോറ്റാല്‍ പിന്നെ ആർക്കും ഐപിഎല്‍ കരാറുകള്‍ ലഭിക്കില്ല,” തിവാരി തമാശയായി പറഞ്ഞു. ഇന്ത്യക്ക് ഈ മത്സരത്തില്‍ വ്യക്തമായ മേല്‍ക്കൈ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.’നമ്മള്‍ തോല്‍ക്കാത്തവരല്ല’ – സെവാഗ്അതേസമയം, ഇന്ത്യൻ ടീം അജയ്യരൊന്നുമല്ലെന്ന് മുൻ വെടിക്കെട്ട് ഓപ്പണർ വീരേന്ദർ സെവാഗ് ഓർമ്മിപ്പിച്ചു. “നമ്മള്‍ ആർക്കും തോല്‍പ്പിക്കാൻ കഴിയാത്തവരാണെന്ന് കരുതരുത്. എതിർ ടീമും വന്നിരിക്കുന്നത് ജയിക്കാനാണ്. ദക്ഷിണാഫ്രിക്കയോട് ഒരു മോശം ദിവസം നമുക്കുണ്ടായി, അന്ന് നമ്മള്‍ തോറ്റു. എന്നാല്‍ സിംബാബ്‌വെയ്‌ക്കെതിരെ ജയിച്ചു. ഇനി വിൻഡീസിനെയും തോല്‍പ്പിച്ച് നമുക്ക് ചിരിച്ചുകൊണ്ട് സെമിയിലേക്ക് കടക്കാം,” സെവാഗ് പറഞ്ഞു. ഒരു മത്സരം തോറ്റാലുടൻ ലോകകപ്പ് നഷ്ടപ്പെട്ടത് പോലെ പ്രതികരിക്കുന്ന ആരാധകരുടെ വൈകാരികതയെയും സെവാഗ് വിമർശിച്ചു.
2024-ലെ ലോകകപ്പ് കിരീടം നേടിയ ശേഷം തോല്‍വിയറിയാതെ 11 മത്സരങ്ങള്‍ പിന്നിട്ട ഇന്ത്യയുടെ വിജയക്കുതിപ്പ് ദക്ഷിണാഫ്രിക്കയാണ് തടഞ്ഞത്. കൊല്‍ക്കത്തയിലെ ഈഡൻ ഗാർഡൻസില്‍ കഴിഞ്ഞ 10 മത്സരങ്ങളില്‍ എട്ടിലും ഇന്ത്യ വിജയിച്ചിട്ടുണ്ട് എന്ന റെക്കോർഡ് സൂര്യകുമാറിനും സംഘത്തിനും ആത്മവിശ്വാസം നല്‍കുന്നു. മനോജ് തിവാരി പറഞ്ഞതുപോലെ ഐപിഎല്‍ കരാറുകള്‍ നിലനിർത്താനും (തമാശയാണെങ്കിലും) ലോകകപ്പ് സ്വപ്നങ്ങള്‍ സജീവമാക്കാനും ഇന്ത്യക്ക് ഇന്ന് ജയം അത്യാവശ്യമാണ്.അതേസമയം, സിംബാബ്‌വെയ്‌ക്കെതിരെ 256 റണ്‍സ് അടിച്ചുകൂട്ടിയ ഇന്ത്യയെ വിൻഡീസ് എങ്ങനെ നേരിടുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഈഡൻ ഗാർഡൻസിലെ പിച്ച് ബാറ്റിംഗിനെ തുണയ്ക്കുമെന്നതിനാല്‍ വലിയൊരു സ്കോർ തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. സമി നായകനായി കിരീടമുയർത്തിയ അതേ മണ്ണില്‍ ഇന്ന് പരിശീലകനായി അദ്ദേഹം ഇന്ത്യയെ വീഴ്ത്തുമോ അതോ സൂര്യകുമാറും സംഘവും പകരം ചോദിക്കുമോ എന്ന് കാത്തിരുന്നു കാണാം. ക്രിക്കറ്റ് ലോകം വിളിക്കുന്നത് പോലെ ഇന്ത്യ വിൻഡീസ് മത്സരം അക്ഷരാർത്ഥത്തില്‍ ഒരു വെർച്വല്‍ ക്വാർട്ടർ ഫൈനല്‍ തന്നെയാണ്. അതിന്റെ ആകാംഷയില്‍ ക്രിക്കറ്റ് ലോകം ഈഡൻ ഗാർഡൻസില്‍ കണ്ണും നട്ട് ഇരിക്കുകയാണ്.