Home തിരഞ്ഞെടുത്ത വാർത്തകൾ ഇറാന്‍-ഇസ്രായല്‍ യുദ്ധം: ഗള്‍ഫില്‍ സിബിഎസ്‌ഇ 10, 12 ക്ലാസ് പരീക്ഷകള്‍ മാറ്റിവെച്ചു: വിശദാംശങ്ങള്‍

ഇറാന്‍-ഇസ്രായല്‍ യുദ്ധം: ഗള്‍ഫില്‍ സിബിഎസ്‌ഇ 10, 12 ക്ലാസ് പരീക്ഷകള്‍ മാറ്റിവെച്ചു: വിശദാംശങ്ങള്‍

by ടാർസ്യുസ്

ദോഹ: ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം ഗള്‍ഫ് രാജ്യങ്ങളിലേക്കു വ്യാപിച്ചതോടെ മിഡില്‍ ഈസ്റ്റില്‍ ജനങ്ങളുടെ ദൈനംദിന ജീവിതം തടസപ്പെട്ടിരിക്കുകയാണ്.ഗള്‍ഫിലെ പലയിടങ്ങളിലും ജനവാസ മേഖലയില്‍ മിസൈല്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ജനങ്ങളോട് വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാനാണ് ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സിബിഎസ്‌ഇ (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍) 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു. നാളെ നടത്താനിരുന്ന പരീക്ഷകളാണ് ബോര്‍ഡ് മാറ്റിവെച്ചത്.

ബഹ്‌റൈന്‍, ഇറാന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളെയാണ് ഈ തീരുമാനം ബാധിക്കുക. മാറ്റി വെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ ബോര്‍ഡ് പിന്നീട് പ്രഖ്യാപിക്കും. പരീക്ഷ മാറ്റം സംബന്ധിച്ച അറിയിപ്പ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും ഗള്‍ഫ് രാജ്യങ്ങളിലെ സ്ഥാനപതിമാര്‍ക്കും സിബിഎസ്‌ഇ അറിയിപ്പ് നല്‍കിക്കഴിഞ്ഞു.ഗള്‍ഫ് മേഖലയിലെ സുരക്ഷാ സാഹചര്യം സംബന്ധിച്ച്‌ മാര്‍ച്ച്‌ മൂന്നിന് ചേരുന്ന യോഗത്തില്‍ സിബിഎസ്‌ഇ വിലയിരുത്തും. ഇതിനു ശേഷമായിരിക്കും മാര്‍ച്ച്‌ അഞ്ചു മുതല്‍ നടക്കാനിരിക്കുന്ന പരീക്ഷകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി അതത് സ്‌കൂളുകളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തണമെന്ന് സിബിഎസ്‌ഇ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും ബോര്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ കൊല്ലപ്പെട്ടതിനാല്‍ മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം രൂക്ഷമാകുമെന്ന മുന്നറിയിപ്പുകളാണ് വരുന്നത്. ഗള്‍ഫ് മേഖലയിലെ അമേരിക്കയുടെ സൈനിക താവളങ്ങള്‍ക്കു നേരെ രൂക്ഷമായ വ്യോമാക്രമണമാണ് ഇറാന്‍ നടത്തുന്നത്. ദുബായിലും ബഹ്‌റൈനിലും ഉള്‍പ്പെടെ മിസൈലുകള്‍ പതിച്ച്‌ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ ഗള്‍ഫ് മേഖലയില്‍ ഒരാളുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി പരീക്ഷകള്‍ മാറ്റിവെച്ചത്. പരീക്ഷ മാറ്റം ഗള്‍ഫ് മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും കനത്ത ആശങ്കയാണ് സമ്മാനിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group