Home കർണാടക ബെംഗളൂരു ബിസിനസ് കോറിഡോര്‍ പദ്ധതി; എതിര്‍പ്പ് ശക്തമാക്കി കര്‍ഷകര്‍, ആവശ്യം ന്യായമായ നഷ്‌ട പരിഹാരം

ബെംഗളൂരു ബിസിനസ് കോറിഡോര്‍ പദ്ധതി; എതിര്‍പ്പ് ശക്തമാക്കി കര്‍ഷകര്‍, ആവശ്യം ന്യായമായ നഷ്‌ട പരിഹാരം

by ടാർസ്യുസ്

ബെംഗളൂരു: നഗരവാസികള്‍ ഒരുപാട് കാലമായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിർണായക പദ്ധതികളില്‍ ഒന്നാണ് ബെംഗളൂരു പെരിഫറല്‍ റിംഗ് റോഡ് പദ്ധതി അഥവാ ബിസിനസ് കോറിഡോർ.പലവിധ തടസങ്ങളില്‍പെട്ട് പദ്ധതി വൈകുകയാണ്. ഇപ്പോഴിതാ വീണ്ടും പദ്ധതി കടുത്ത എതിർപ്പാണ് നേരിടേണ്ടി വരുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നഗരത്തില്‍ കർഷകർ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി കാര്യമായ പുരോഗതിയില്ലാത്ത ഒരു പദ്ധതി സുതാര്യതാ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ മുന്നോട്ട് കൊണ്ടുപോകാൻ ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ശ്രമിക്കുന്നു എന്നാരോപിച്ചാണ് കർഷകർ ഒത്തുകൂടിയത്. 74 കിലോമീറ്റർ ദൈർഘ്യമുള്ള പെരിഫറല്‍ റിംഗ് റോഡ് പദ്ധതിക്ക് ഭൂമി വിട്ടുനല്‍കുന്ന ഉടമകള്‍ക്ക് ബിഡിഎ നഷ്‌ടപരിഹാരം നല്‍കിത്തുടങ്ങിയപ്പോഴും ഒരു വിഭാഗം കർഷകർ ഈ നീക്കത്തെ ശക്തമായി എതിർക്കുകയാണ്.കേന്ദ്രത്തിന്റെ 2013-ലെ പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ച്‌ ന്യായമായ നഷ്‌ടപരിഹാരം ഉറപ്പാക്കണമെന്ന് കർഷകർ സർക്കാരിനോട് ആവശ്യപ്പെട്ടു. പദ്ധതിക്കാവശ്യമായ ഭൂമിയുടെ ചുരുങ്ങിയത് 80 ശതമാനം ഏറ്റെടുക്കുന്നതിന് മുമ്പ് സിവില്‍ ടെൻഡറുകള്‍ ക്ഷണിക്കാനുള്ള അധികൃതരുടെ തീരുമാനത്തെയും കർഷകർ എതിർത്തു.ന്യായമായ നഷ്‌ടപരിഹാരം ലഭിച്ചാല്‍ മാത്രമേ നോ-ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റുകള്‍ നല്‍കൂ എന്ന് അവർ ഒരു പത്രസമ്മേളനത്തില്‍ വ്യക്തമാക്കുകയുണ്ടായി.

ബിഡിഎ നിയമത്തിലെ സെക്ഷൻ 27 പ്രകാരം പിആർആർ പദ്ധതി റദ്ദായിപ്പോയതാണെന്ന് കർഷകർ തങ്ങളുടെ നിവേദനത്തില്‍ സർക്കാരിനെ അറിയിക്കുകയും ചെയ്‌തിട്ടുണ്ട്‌.’ഒരു പദ്ധതി വിജ്ഞാപനം ചെയ്‌ത്‌ അഞ്ച് വർഷത്തിനുള്ളില്‍ നടപ്പിലാക്കിയില്ലെങ്കില്‍ അത് സ്വയമേവ റദ്ദാകും’ എന്നാണ് കർഷകരുടെ വാദം. 2007-നും 2012-നും ഇടയിലാണ് പിആർആർ ആരംഭിച്ചതെന്നായിരുന്നു അവർ അവകാശപ്പെടുന്നത്. റദ്ദാക്കിയ ഒരു പദ്ധതി പുനരുജ്ജീവിപ്പിക്കാനോ ടെൻഡറിനായി ഉപയോഗിക്കാനോ കഴിയില്ലെന്ന് വ്യക്തമാക്കിയ കർഷകർ, തങ്ങളുടെ ഭൂമി ഏറ്റെടുക്കലില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.പദ്ധതിക്കാവശ്യമായ 80 ശതമാനം ഭൂമി പോലും ഏറ്റെടുക്കാതെ ടെൻഡറുകള്‍ ക്ഷണിക്കാൻ ബിഡിഎ ഒരുങ്ങുകയാണെന്ന് കർഷകർ ആരോപിച്ചു. മാർച്ചോടെ ടെൻഡറുകള്‍ ക്ഷണിച്ചേക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ചായിരുന്നു ഈ പരാതി.

ബെംഗളൂരു ബിസിനസ് കോറിഡോർ പദ്ധതിയുമായി മുന്നോട്ട് പോവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് നഷ്‌ട പരിഹാരത്തിന്റെ പേരില്‍ ഒരുവിഭാഗം കർഷകർ മുഖം തിരിക്കുന്നത്.കൂടാതെ, നിർദ്ദിഷ്‌ട 100 മീറ്റർ ‘റൈറ്റ് ഓഫ് വേ’ ജരകബന്ദെ കാവല്‍ പാരിസ്ഥിതിക മേഖലയിലൂടെയും അർക്കാവതി നദീതട പ്രദേശത്തിലൂടെയും കടന്നുപോകുന്നതും കർഷകർ എതിർക്കുന്നു. നിർബന്ധിതമായ വനം, വന്യജീവി, പാരിസ്ഥിതിക അനുമതികള്‍ നേടാതെയാണ് ബിഡിഎ മുന്നോട്ട് പോകുന്നതെന്നാണ് പ്രതിഷേധിക്കുന്ന കർഷകർ ചൂണ്ടിക്കാണിക്കുന്നത്.ബെംഗളൂരു ബിസിനസ് കോറിഡോർ പദ്ധതി74 കിലോമീറ്റർ ദൈർഘ്യം വരുന്ന പദ്ധതി മുൻപ് പെരിഫറല്‍ റിംഗ് റോഡ് പ്രോജക്റ്റ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പദ്ധതിക്ക് ആകെ 2560 ഏക്കർ ഭൂമി ആവശ്യമുണ്ട്. ഇതില്‍ ഏകദേശം 140 ഏക്കർ ഭൂമി തർക്കങ്ങളില്‍ പെട്ട് കിടക്കുകയാണ്. ഇതിനിടയിലാണ് കർഷകർ പ്രതിഷേധം ശക്തമാക്കുന്നത്. ഇതോടെ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങള്‍ നിലയ്ക്കുമോ എന്നാണ് ആശങ്ക. ആകെ 117 കിലോമീറ്റർ ദൈർഘ്യത്തിലാണ് ബെംഗളൂരു ബിസിനസ് കോറിഡോർ ഒരുങ്ങുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group