ബെംഗളൂരു: നഗരവാസികള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന നിർദ്ദിഷ്‌ട തുരങ്കപാത പദ്ധതിയുടെ കരാർ അദാനി എന്റർപ്രൈസസ് ലിമിറ്റഡിന് നല്‍കാനുള്ള നിർദ്ദേശം കർണാടക സർക്കാർ ഡികെ ശിവകുമാർ മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കും.ഇതുമായി ബന്ധപ്പെട്ട ഫയല്‍ ബെംഗളൂരു സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (ബി സ്‌മൈല്‍) മെയ് 29-ന് സംസ്ഥാന സർക്കാരിന് കൈമാറിയിരുന്നു.മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി ഗവർണർ താവർ ചന്ദ് ഗെഹ്‌ലോട്ട് ഔപചാരികമായി അംഗീകരിച്ച അതേ ദിവസമാണ് ഇത് സംഭവിച്ചത്. ജൂണ്‍ 3ന് ഡികെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
സെൻട്രല്‍ സില്‍ക്ക് ബോർഡിനും ഹെബ്ബാളിനും ഇടയിലുള്ള 16.75 കിലോമീറ്റർ തുരങ്കപാതയുടെ രണ്ട് പാക്കേജുകള്‍ക്കും 2025 ഡിസംബറില്‍ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയിരുന്നു.എന്നാല്‍, കരാർ ഇതുവരെ നല്‍കിയിരുന്നില്ല. കഴിഞ്ഞ ഡിസംബറില്‍ ബി സ്‌മൈല്‍ തുറന്ന സാമ്പത്തിക ബിഡ്ഡുകളില്‍, ഇരു പാക്കേജുകളിലും ഏറ്റവും കുറഞ്ഞ തുക സമർപ്പിച്ചത് അദാനി എന്റർപ്രൈസസ് ആയിരുന്നു. പദ്ധതിയുടെ മൊത്തം ചെലവ് 17,698 കോടി രൂപയായി സംസ്ഥാന സർക്കാർ കണക്കാക്കിയിരുന്നു. എന്നാല്‍ അദാനി എന്റർപ്രൈസസ് 22,267 കോടി രൂപയാണ് ക്വോട്ട് ചെയ്‌തത്. ഇത് ഏകദേശം 4600 കോടി രൂപയുടെ അധികബാധ്യതയാണ് സർക്കാരിന് ഉണ്ടാക്കുക.എന്നാല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അദാനി ഗ്രൂപ്പിനെതിരെ നിരന്തരം വിമർശനങ്ങള്‍ ഉന്നയിച്ച പശ്ചാത്തലത്തില്‍ ഈ തീരുമാനം ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. നരേന്ദ്ര മോദി സർക്കാരിനെതിരെ അദാനി ഗ്രൂപ്പിന് അനുകൂലമായി പ്രവർത്തിക്കുന്നു എന്നാരോപിച്ച് രാഹുല്‍ ഗാന്ധി ഗ്രേറ്റ് നിക്കോബാർ പദ്ധതി ഉള്‍പ്പെടെ അദാനിയുമായി ബന്ധപ്പെട്ട പല പദ്ധതികളെയും എതിർത്തിരുന്നു. എന്നാല്‍, സർക്കാരും കമ്പനിയും ഈ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.
അവിടെയാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സർക്കാർ വലിയൊരു പദ്ധതിക്ക് അദാനിയെ തന്നെ ചുമതലപ്പെടുത്തുമോ എന്ന ചോദ്യം ഉയരുന്നത്. അതേസമയം, ഈ തുരങ്കപാത ഡികെ ശിവകുമാറിന്റെ സ്വപ്‌ന പദ്ധതികളില്‍ ഒന്നാണ്. നഗരത്തിലെ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളുടെയും അർബൻ മൊബിലിറ്റി വിദഗ്‌ധരുടെയും എതിർപ്പുകള്‍ക്കിടയിലും ബെംഗളൂരു വികസന മന്ത്രിയെന്ന നിലയില്‍ അദ്ദേഹം ഈ പദ്ധതിക്ക് സ്ഥിരമായി പിന്തുണ നല്‍കിയിരുന്നു.ഈ ബിഡ് തുക, പദ്ധതിയുടെ അംഗീകൃത എസ്‌റ്റിമേറ്റില്‍ അനുവദനീയമായ പരിധിയില്‍ കവിഞ്ഞതിനാലാണ് ക്യാബിനറ്റ് അനുമതി ആവശ്യമായി വന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഫയല്‍ സർക്കാരിന് അയച്ചിട്ടുണ്ട്, അന്തിമ തീരുമാനം മന്ത്രിസഭ എടുക്കും. ബിഡ് തുക യഥാർത്ഥത്തില്‍ കണക്കാക്കിയതിലും കൂടുതലാണ്. നിശ്ചിത പരിധി കവിഞ്ഞതിനാല്‍ ക്യാബിനറ്റ് അംഗീകാരം ആവശ്യമാണെന്ന് ബി സ്‌മൈല്‍ ഉദ്യോഗസ്ഥൻ പറയുന്നു.പരിഷ്‌കരിച്ച ബില്‍ഡ്, ഓണ്‍, ഓപ്പറേറ്റ് ആൻഡ് ട്രാൻസ്‌ഫർ (ബിഒഒടി) മാതൃകയിലാണ് തുരങ്കപാത നടപ്പാക്കുക. പദ്ധതിച്ചെലവിന്റെ 40 ശതമാനം വരുന്ന വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് സർക്കാർ നല്‍കും. സ്വകാര്യ കണ്‍സെഷനയർക്ക് 30 വർഷത്തിനുള്ളില്‍ ഒരു കണ്‍സെഷൻ സംവിധാനത്തിലൂടെ നിക്ഷേപം തിരികെ ലഭിക്കും. പദ്ധതിക്ക് കാര്യമായ എതിർപ്പുകള്‍ ഉയരുന്നതിനിടെയാണ് പുതിയ മുഖ്യമന്ത്രിക്ക് മുൻപാകെ ഫയല്‍ എത്തുന്നത്.