പാലക്കാട്: സ്കൂള്‍ വിദ്യാർത്ഥിനികള്‍ക്ക് 3 ദിവസത്തെ ആർത്തവ അവധി നല്‍കുമെന്ന യു ഡി എഫ് സർക്കാർ പ്രഖ്യാപനം വിവാദമാക്കരുതെന്ന അഭ്യർഥനയുമായി മന്ത്രി കെ എ തുളസി രംഗത്ത്.ആർത്തവകാലത്ത് മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് അവധി നല്‍കേണ്ടത് അനിവാര്യമാണെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് മന്ത്രി പ്രതികരിച്ചു. സർക്കാരിന്റെ നല്ലൊരു തീരുമാനം വിവാദമാക്കി മാറ്റരുതെന്നും പൊതു സമൂഹത്തോട് തുളസി അഭ്യർഥിച്ചു. നേരത്തെ മുൻ ഡി ജി പിയും ബി ജെ പി നേതാവുമായ ആർ ശ്രീലേഖയും വനിത ലീഗ് മുൻ നേതാവ് നൂർബിന റഷീദുമടക്കമുള്ളവർ ആർത്തവ അവധി, പെണ്‍കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
വേനലവധി കഴിഞ്ഞ് നാളെ സ്കൂള്‍ തുറക്കാനിരിക്കെ പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താൻ പാലക്കാട് സ്കൂളിലെത്തിയപ്പോളായിരുന്നു മന്ത്രി നിലപാട് വ്യക്തമാക്കിയത്.ശ്രീലേഖയുടെ അഭിപ്രായംവിദ്യാർഥിനികള്ക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം ശരിക്കും പെണ്‍കുട്ടികളെ ശക്തരാക്കുമോ അതോ കൂടുതല്‍ അബലകള്‍ ആക്കുമോയെന്ന സംശയമാണ് ആർ ശ്രീലേഖ ഉന്നയിച്ചത്. ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണ്. അതില്‍ ചിലർക്ക് ചില വേദനയും ബുദ്ധിമുട്ടും ഒക്കെ ഉണ്ടാകും. ചിലക്ക് വളരെ സ്വാഭാവികമായും അനുഭവപ്പെടും. ആ സമയം വളരെ കഠിനമായ വേദനയുണ്ടായിരുന്ന ഞാൻ, ഒരിക്കല്‍ പോലും ഈ കാരണം പറഞ്ഞ് സ്കൂളിലോ കോളേജിലോ പോകാതിരുന്നിട്ടില്ല. ഐ പി എസ് പരിശീലന സമയത്തെ കഠിനമായ വ്യായാമ മുറകളില്‍ നിന്ന് ആ ദിവസങ്ങളില്‍ ഞങ്ങള്‍ പെണ്‍കുട്ടികള്‍ ഒരിക്കലും മാറി നിന്നിട്ടില്ല. തീരെ വയ്യാത്തപ്പോള്‍ മാത്രമാണ് അവധി എടുത്തിരുന്നത്. അതൊക്കെയാണ് സ്ത്രീകളുടെ ശക്തി. എന്നാല്‍ ഇപ്പോള്‍ മാസാമാസം ക്ലാസ്സില്‍ പോകാതിരുന്നാല്‍ വീട്ടുകാരും, വിദ്യാലയവും, നാട്ടുകാരും ഒക്കെ അറിയും എപ്പോഴാണ് ഏതു കുട്ടിക്ക് ആർത്തവം എന്ന്.
ഇതാണോ മെൻസ്ട്രുല്‍ ഡിഗ്നിറ്റി? നാണക്കേടല്ലേ? ഇതുപോലുള്ള സൗജന്യങ്ങള്‍ക്ക് പകരം എല്ലാ സ്കൂളിലും കോളേജിലും പെണ്‍കുട്ടികള്‍ക്ക് വൃത്തിയുള്ള ശൗചാലയങ്ങളും നാപ്കിൻ വെൻഡിംഗ് മെഷീനുകളും നല്കാൻ ഏർപ്പാടാക്കിക്കൂടെ? അത്യാവശ്യമെങ്കില്‍ സൗജന്യ വേദന സംഹാരി മരുന്നുകള്‍ വിദ്യാലയങ്ങളില്‍ ലഭ്യമാക്കുകയും ചെയ്യാം. അതൊക്കെ എല്ലാ വനിതാ ടീച്ചറിനും സ്റ്റാഫിനും ഗുണകരമാവുകയും ചെയ്യും. ഒരു പെണ്‍കുട്ടിയും ഈ കാരണം പറഞ്ഞുകൊണ്ട് പഠിക്കാൻ പോകാതെ മൂന്നല്ല, ഒരു ദിവസം പോലും വീട്ടില്‍ ഇരിക്കാൻ ആഗ്രഹിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇതു സാധാരണ നിലയില്‍ സമ്മതിക്കുന്ന മാതാപിതാക്കളും ഉണ്ടാവില്ലെന്നും ആർ ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരുന്നു.നൂർബിനയുടെ അഭിപ്രായംആർത്തവ അവധി പ്രഖ്യാപിക്കുന്നത് പെണ്‍കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങളോടുള്ള കരുതലായി കാണാമെങ്കിലും, അത് പ്രായോഗികമായി പെണ്‍കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിക്കാം. സ്കൂളുകളിലും കോളേജുകളിലും ആർത്തവ അവധി ആവശ്യപ്പെടുകയോ രേഖപ്പെടുത്തുകയോ ചെയ്യുമ്പോള്‍ ആർത്തവ ദിവസങ്ങള്‍ പരസ്യമാകാൻ സാധ്യതയുണ്ട്. ഇത് പല. കുട്ടികള്‍ക്കും അനാവശ്യമായ മാനസിക അസ്വസ്ഥത ഉണ്ടാക്കിയേക്കാം. അതിനാല്‍, പെണ്‍കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്ന രീതിയിലുള്ള സംവിധാനങ്ങള്‍ ഉറപ്പാക്കിയ ശേഷമേ ഇത്തരം നയങ്ങള്‍ നടപ്പാക്കാവൂ.