ദില്ലി: സുപ്രീം കോടതി സ്വമേധയാ കേസെടുത്തതിന് പിന്നാലെ എൻസിഇആർടി എട്ടാംക്ലാസ് സാമൂഹിക ശാസ്ത്ര പാഠപുസ്തകം പിൻവലിച്ചു.പാഠപുസ്തകത്തില്‍ ജുഡീഷ്യറിയിലെ അഴിമതി എന്ന ഭാഗം ഉള്‍പ്പെടുത്തിയതില്‍ സുപ്രീം കോടതി കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നടപടി. ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സ്വമേധയാ കേസടുത്തത്.വിവാദ പാഠഭാഗം ഉള്‍പ്പെടുത്തിയത് കരുതിക്കൂട്ടിയുള്ള നീക്കമാണെന്നും ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്കറിയാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണവും പാഠപുസ്തകത്തില്‍ വിവരിച്ചിരുന്നു. മുതിർന്ന അഭിഭാഷകരായ കപില്‍ സിബലും മനു അഭിഷേക് സിങ്വിയുമാണ് ചീഫ് ജസ്റ്റിസിന് മുന്നില്‍ പരാമർശിച്ചത്.