കൊച്ചി: കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് മന്ത്രിക്കു നേരെ നടന്ന പ്രതിഷേധത്തില്‍ വീണ ജോർജിന് പരിക്കേറ്റുവെന്ന വാദം പച്ചക്കള്ളമാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.ദീപ്തി മേരി വർഗീസ്. ആരോഗ്യ വകുപ്പിലെ തുടർച്ചയായ വീഴ്ചകള്‍ മറച്ചുവെക്കാൻ മന്ത്രിയും സിപിഎമ്മും ചേർന്ന് നാടകം കളിക്കുകയാണെന്ന് അവർ ആരോപിച്ചു. പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നതിനിടെയാണ് മന്ത്രിക്ക് അസ്വസ്ഥത ഉണ്ടായതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സമരക്കാർ മന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടുപോലുമില്ല. ദൃശ്യങ്ങള്‍ കണ്‍മുന്നിലുണ്ടായിട്ടും ജനങ്ങളെ കൊഞ്ഞനം കുത്തിക്കൊണ്ട് സർക്കാർ കള്ളം പറയുകയാണ്. ആരോഗ്യവകുപ്പിലെ ഗുരുതരമായ വീഴ്ചകള്‍ക്കെതിരെയാണ് കെഎസ്‌യു സമരം ചെയ്യുന്നത്. പിഴവുകള്‍ തിരുത്താനോ പദവി ഒഴിയാനോ ഉള്ള രാഷ്ട്രീയ ഔന്നത്യം കാണിക്കുന്നതിന് പകരം സമരക്കാർക്ക് നേരെ ആക്രോശിക്കുകയാണ് മന്ത്രി ചെയ്തത്. കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചു എന്ന് കള്ളം പറഞ്ഞ് നാടിനെ കലാപത്തിലേക്ക് തള്ളിവിടാനാണ് സിപിഎം ശ്രമിക്കുന്നത്. ഇത്രയും വലിയ കള്ളം പറയുന്ന ഒരു പാർട്ടി ഭരണത്തില്‍ എത്രമാത്രം അഴിമതിയും കൊള്ളയും നടത്തിയിട്ടുണ്ടാകുമെന്ന് ജനങ്ങള്‍ ചിന്തിക്കണം. രാഷ്ട്രീയ ധാർമികതയും സത്യസന്ധതയും ഇല്ലാത്ത ഈ കൂട്ടത്തെ കേരളം തിരിച്ചറിയണമെന്നും ദീപ്തി മേരി വർഗീസ് ആഹ്വാനം ചെയ്തു.ദീപ്തി മേരി വര്‍ഗീസിന്റെ ഫേസ്ബുക്ക് കുറിപ്പ്പ്രിയപ്പെട്ട വീണ ജോർജ്, എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ നിങ്ങള്‍ ഇപ്പോള്‍ കളിക്കുന്ന നാണംകെട്ട നാടകം നിങ്ങള്‍ക്ക് മാത്രമല്ല, നിങ്ങളുടെ പ്രസ്ഥാനത്തിന് മാത്രമല്ല കേരളത്തിൻ്റെ പൊതുരംഗത്തിന് ഒന്നടങ്കം അപമാനകരമാണ്. നിങ്ങള്‍ക്കെതിരെ കെഎസ്‌യു അടക്കമുള്ള പ്രതിപക്ഷത്തെ സംഘടനകള്‍ സമരം ചെയ്യുന്നത് ആരോഗ്യവകുപ്പില്‍ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ വീഴ്ചകളുടെ പേരിലാണ്.അത്തരം സമരങ്ങള്‍ ജനാധിപത്യത്തില്‍ അനിവാര്യമാണ്. പ്രതിഷേധക്കാർ ഉയർത്തുന്നത് ജനങ്ങളുടെ ശബ്ദമാണ്. വീഴ്ചകള്‍ പരിശോധിച്ചു തിരുത്താനും തുടർച്ചയായി ആവർത്തിക്കുമ്പോള്‍ പദവിയില്‍ നിന്നും മാറി നില്‍ക്കാനുമുള്ള രാഷ്ട്രീയ ഔന്നത്യമാണ് നിങ്ങള്‍ കാണിക്കേണ്ടിയിരിക്കുന്നത്. അതിനുപകരം ജനാധിപത്യപരമായി സമരം ചെയ്യുന്ന സമരക്കാർക്ക് നേരെ ആക്രോശിച്ച് പാഞ്ഞടുക്കുന്ന മന്ത്രി കേരള സമൂഹത്തിന് ഭൂഷണമല്ല.പോലീസുകാർ നിങ്ങളെ ബലം പ്രയോഗിച്ചു നീക്കം ചെയ്യുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സമരക്കാർ നിങ്ങളുടെ ഏഴയലത്ത് വന്നിട്ടില്ല .എന്നിട്ടും കെഎസ്‌യുവിന്റെ പ്രവർത്തകർ നിങ്ങളെ ആക്രമിച്ചു എന്ന് വ്യാജ പ്രചാരണം നടത്തി നാടിനെ കലാപകലുഷിതമാക്കാൻ നോക്കുന്ന നിങ്ങള്‍ക്ക് എന്ത് രാഷ്ട്രീയ ധാർമികതയാണ് ഉള്ളത്? നിങ്ങള്‍ മാത്രമല്ല സിപിഎമ്മിലെ നിങ്ങളുടെ സഹപ്രവർത്തകർ ഒന്നടങ്കം ജനങ്ങളുടെ കണ്‍മുമ്പില്‍ ഉള്ള ദൃശ്യങ്ങളെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് ജനങ്ങളോട് ഒരു നാണവുമില്ലാതെ കള്ളം പറഞ്ഞുകൊണ്ടിരിക്കുകയാണ്.നിങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് ആ ദൃശ്യങ്ങള്‍ കണ്ട മുഴുവൻ ജനത്തിനും മനസ്സിലായിരിക്കുന്നു. നമ്മുടെ കണ്‍മുമ്പില്‍ കാണുന്ന ദൃശ്യങ്ങളില്‍ വരെ ഇതുപോലെ കള്ളം പറയുന്ന ഒരു പാർട്ടി എത്രമാത്രം കള്ളങ്ങള്‍ ആയിരിക്കും ഭരണത്തില്‍ ചെയ്തിട്ടുണ്ടാവുക? എത്രമാത്രം കൊള്ളകള്‍ ആയിരിക്കും ഭരണത്തില്‍ നടത്തിയിട്ടുണ്ടാകുക?രാഷ്ട്രീയ ധാർമികതയും സത്യസന്ധതയും തൊട്ടു തീണ്ടിയിട്ടില്ലാത്ത ഈ കൂട്ടത്തെ തിരിച്ചറിയാൻ കേരള സമൂഹത്തിന് ഒരു സംഭവം കൂടി കിട്ടിയിരിക്കുകയാണ്. പ്രിയപ്പെട്ട ജനങ്ങളേ, നിങ്ങള്‍ തന്നെ ഈ വ്യാജ പ്രചാരകരെ തിരിച്ചറിയുക, വിലയിരുത്തുക