Home കർണാടക ബെംഗളൂരുവിലെ യാത്രക്കാര്‍ക്ക് ആശ്വസിക്കാം; നൈസ് റോഡിലേക്ക് എളുപ്പത്തില്‍ കയറാം, 1.5 കി.മീ പാത വരുന്നു!

ബെംഗളൂരുവിലെ യാത്രക്കാര്‍ക്ക് ആശ്വസിക്കാം; നൈസ് റോഡിലേക്ക് എളുപ്പത്തില്‍ കയറാം, 1.5 കി.മീ പാത വരുന്നു!

by ടാർസ്യുസ്

ബെംഗളൂരു: നഗരത്തിലെ ഗതാഗത സൗകര്യങ്ങളുടെ വികസനം തകൃതിയായി നടക്കുകയാണ്. മൈസൂരു റോഡിലെ ദീപാഞ്ജലിനഗര്‍ ജംഗ്ഷനെയും (ബിഎച്ച്‌ഇഎല്‍ സമീപമുള്ള) പിഇഎസ് കോളേജിനടുത്തുള്ള നൈസ് റോഡ് ക്ലോവര്‍ലീഫിനെയും ബന്ധിപ്പിക്കുന്ന 1.5 കിലോമീറ്റർ നാല് വരിപ്പാത ഉടൻ തുറക്കും.ഇത് ബെംഗളൂരു നിവാസികള്‍ക്ക് ടോള്‍ റോഡിലേക്ക് എളുപ്പ പ്രവേശനം നല്‍കുമെന്നതാണ് ഏറ്റവും വലിയ ഗുണം.ഈ പാത നിലവില്‍ വരുന്നതോടെ ദീപാഞ്ജലിനഗറില്‍ നിന്ന് നൈസ് റോഡ് ടോള്‍ഗേറ്റിലേക്ക് മൂന്ന് മിനിറ്റിനുള്ളില്‍ എത്താൻ വാഹന യാത്രക്കാർക്ക് സാധിക്കും. ഇതുവഴി മുൻപുണ്ടായിരുന്ന ദീർഘയാത്ര സമയം ഒഴിവാക്കാം. ദീപാഞ്ജലിനഗർ ജംഗ്ഷനില്‍ നിന്ന് മൈസൂരു ഹൈവേയിലേക്കുള്ള യാത്രാസമയം 15-20 മിനിറ്റ് വരെ കുറയുമെന്നതാണ് കാര്യം.ചള്ളഘട്ടയിലേക്ക് പോവുന്നവർക്ക് തിരക്കേറിയ നായണ്ടഹള്ളി ജംഗ്ഷൻ, ആർആർ നഗർ പ്രവേശന കവാടം, ജ്ഞാനഭാരതി എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പുതിയ ലിങ്ക് റോഡ് കാരണം സാധിക്കും. തിരക്കേറിയ സമയങ്ങളില്‍ 45-50 മിനിറ്റ് വേണ്ടിവന്നിരുന്ന യാത്ര ഇപ്പോള്‍ ഏകദേശം 30 മിനിറ്റിനുള്ളില്‍ പൂർത്തിയാക്കാൻ സാധിക്കും.നന്ദി ഇൻഫ്രാസ്ട്രക്ച്ചർ കോറിഡോർ എന്റർപ്രൈസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്‌ടർ അശോക് ഖേനി, ബെംഗളൂരു നിവാസികളുടെ നീണ്ട കാത്തിരിപ്പ് അവസാനിച്ചെന്ന് തന്റെ എക്‌സ് പോസ്‌റ്റില്‍ കുറിച്ചു. റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങള്‍ ഉടൻ പൂർത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു. ബെംഗളൂരുവിലെ യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതികളില്‍ ഒന്നിനാണ് ഇപ്പോള്‍ വഴി തെളിയുന്നത്.’പ്രിയപ്പെട്ട ബെംഗളൂരുവിലെ ജനങ്ങളെ, ഒരു നീണ്ട കാത്തിരിപ്പ് ഒടുവില്‍ അവസാനിക്കുന്നു! നമ്മുടെ നഗരത്തിലെ ഏറ്റവും മനോഹരവും മികച്ചതുമായ നൈസ് റോഡ് ഉടൻ നിങ്ങളെ സേവിക്കാൻ തയ്യാറാണ്. ദീപാഞ്ജലിനഗർ ജംഗ്ഷനെ നൈസ് എക്‌സ്പ്രസ് വേയുമായി ബന്ധിപ്പിക്കുന്ന ഈ പുതിയ പാത നിങ്ങളുടെ യാത്രയെ സുഗമവും വേഗതയുള്ളതും സന്തോഷകരവുമാക്കും. തടസങ്ങളില്ലാത്ത യാത്രയും മെച്ചപ്പെട്ട കണക്റ്റിവിറ്റിയും ഈ നവീകരിച്ച പാതയിലൂടെ ലഭിക്കാൻ തയ്യാറാകൂ. യാത്ര ആസ്വദിക്കാൻ തയ്യാറാകൂ… ഉടൻ വരുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്‌റ്റില്‍ പറഞ്ഞത്.അതേസമയം, ഏറെക്കാലമായി അണിയറയില്‍ ഉണ്ടായിരുന്ന പദ്ധതികളില്‍ ഒന്നാണിത്. വർഷങ്ങള്‍ മുമ്ബ് തന്നെ ആസൂത്രണം ചെയ്‌ത ഈ പദ്ധതിക്ക് ഭൂമി തർക്കങ്ങളെ തുടർന്ന് കാലതാമസം നേരിടുകയായിരുന്നു. മജസ്‌റ്റിക്, കെആർ മാർക്കറ്റ്, ബാപ്പുജിനഗർ, ബൈത്തരായനപുര, വിജയനഗർ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാർക്ക് നൈസ് റോഡിലേക്ക് ഈ പുതിയ പാത എളുപ്പ പ്രവേശനം നല്‍കും.എന്നാല്‍ പുതിയ പാതയിലൂടെ ദീപാഞ്ജലിനഗര്‍ ജംഗ്ഷനിലേക്ക് ഒരേ സമയം നിരവധി വാഹനങ്ങള്‍ എത്തുന്നത് അവിടുത്തെ ഗതാഗതക്കുരുക്ക് കൂട്ടാനിടയുണ്ടെന്ന ആശങ്കയുമുണ്ട്. എന്തെന്നാല്‍ നിലവില്‍ ഒരേ സമയം അധിക വാഹനങ്ങള്‍ ഇവിടേക്ക് എത്തുന്നില്ല. പുതിയ പാത തുടർന്നാല്‍ അനിയന്ത്രിതമായ വാഹനങ്ങളുടെ ഒഴുക്ക് ഉണ്ടാവുമോ എന്നതാണ് ആശങ്ക.

You may also like

error: Content is protected !!
Join Our WhatsApp Group