ബെംഗളൂരു: ഹോളിയോടനുബന്ധിച്ച് വലിയ തിരക്ക് ട്രെയിനുകളില്‍ അനുഭവപ്പെടാറുണ്ട്. ഹോളി ആഘോഷിക്കാനും വിനോദ യാത്രയ്ക്കും നാട്ടിലേക്കു പോകാനുമൊക്കെ ആയിരക്കണക്കിന് ആളുകള്‍ ട്രെയിനുകളെ ആശ്രയിക്കാറുണ്ട്.പ്രത്യേകിച്ച് ഈ സീസണില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് ഉത്തരേന്ത്യയിലേക്ക് യാത്രക്കാരുടെ വലിയ ഒഴുക്ക് ഉണ്ടാകാറുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ബെംഗളൂരു-ഡല്‍ഹി റൂട്ട്. ബെംഗളൂരുവില്‍ നിന്ന് വിദ്യാര്‍ത്ഥികളും ജോലിക്കാരും വിനോദ സഞ്ചാരികളും ഉള്‍പ്പെടെ ആയിരക്കണക്കിന് യാത്രക്കാരാണ് ഡല്‍ഹിയിലേക്കു ദിനംപ്രതി പോകുന്നത്.ഹോളി പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ബെംഗളൂരുവിനും ഡല്‍ഹിക്കും ഇടയില്‍ പ്രത്യേക സിംഗിള്‍ ട്രിപ്പ് ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു. വരാനിരിക്കുന്ന ഹോളി ഉത്സവത്തോടനുബന്ധിച്ച് രാജ്യത്തുടനീളം ആയിരത്തി അഞ്ഞൂറോളം പ്രത്യേക ട്രെയിനുകള്‍ ഓടിക്കാനുള്ള റെയില്‍വേയുടെ തീരുമാനത്തിന് പിന്നാലെയാണ് ഈ പുതിയ പ്രഖ്യാപനം വന്നത്. 23 കോച്ചുകളുള്ള ഈ പ്രത്യേക ട്രെയിന്‍ യശ്വന്ത്പൂരിനും ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീനും ഇടയിലാണ് സര്‍വീസ് നടത്തുന്നത്. തെലങ്കാനയിലെ കാച്ചെഗുഡ വഴിയാണ് ട്രെയിന്‍ പോകുന്നത്.നമ്പര്‍ ട്രെയിന്‍ 06569 ഫെബ്രുവരി 25-ന് രാത്രി 10.40-ന് യാത്ര ആരംഭിക്കും. രണ്ട് ദിവസത്തെ യാത്രയ്ക്ക് ശേഷം ഫെബ്രുവരി 27-ന് ഉച്ചയ്ക്ക് 2.45-ന് ട്രെയിന്‍ ഡല്‍ഹിയില്‍ എത്തിച്ചേരും. മടക്കയാത്രയ്ക്കായി 06570 നമ്പര്‍ ട്രെയിന്‍ മാര്‍ച്ച് ഒന്നിന് രാവിലെ ഏഴു മണിക്ക് ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് പുറപ്പെട്ട് മാര്‍ച്ച് രണ്ടാം തീയതി രാത്രി 9.40-ന് യശ്വന്ത്പൂരില്‍ തിരിച്ചെത്തും.ഈ പ്രത്യേക ട്രെയിനിലേക്കുള്ള ടിക്കറ്റുകള്‍ ഐആര്‍സിടിസി പോര്‍ട്ടല്‍ വഴിയോ റെയില്‍വേയുടെ മറ്റ് ഔദ്യോഗിക ചാനലുകള്‍ വഴിയോ ബുക്ക് ചെയ്യാവുന്നതാണ്. യാത്രാ തീയതിയോട് അടുപ്പിച്ച് തന്നെ ബുക്കിങ് ആരംഭിക്കാനാണ് സാധ്യത. ടിക്കറ്റ് നിരക്കുകളെയും സ്റ്റോപ്പുകളെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി യാത്രക്കാര്‍ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.ബെംഗളൂരുവില്‍ നിന്ന് ഡല്‍ഹിയിലേക്കോ തിരിച്ചോ ഈ ദിവസങ്ങളില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ യാത്രക്കാര്‍ മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടിവരും. ഉത്സവ സീസണ്‍ ആയതിനാല്‍ വലിയ തിരക്ക് ട്രെയിനുകളില്‍ അനുഭപ്പെടാനുള്ള സാധ്യതയുണ്ട്.
ബെംഗളൂരു നിന്ന് ഡല്‍ഹിയിലേക്ക് നേരിട്ടെത്താം; പ്രത്യേക ട്രെയിനുമായി റെയില്‍വേ; റൂട്ട് ഇങ്ങനെ
previous post