Home കർണാടക 21 എംഎല്‍എമാര്‍ കൂട്ടത്തോടെ വിനോദയാത്രക്കായി വിദേശത്തേക്ക്, എല്ലാവരും സിദ്ധരാമയ്യ അനുകൂലികള്‍; കര്‍ണാടകയില്‍ അഭ്യൂഹം പുകയുന്നു

21 എംഎല്‍എമാര്‍ കൂട്ടത്തോടെ വിനോദയാത്രക്കായി വിദേശത്തേക്ക്, എല്ലാവരും സിദ്ധരാമയ്യ അനുകൂലികള്‍; കര്‍ണാടകയില്‍ അഭ്യൂഹം പുകയുന്നു

by ടാർസ്യുസ്

ബെംഗളൂരു: കർണാടകയിലെ കോണ്‍ഗ്രസിനുള്ളില്‍ അധികാര തർക്കം തുടരുന്നതിനിടെ, 21 കോണ്‍ഗ്രസ് എംഎല്‍എമാർ ഒരുമിച്ച്‌ വിദേശയാത്രയ്ക്കായി പുറപ്പെട്ടു.മാർച്ച്‌ 6 ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പതിനേഴാമത് ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് എംഎല്‍എമാരുടെ വിദേശയാത്ര എന്നതും അഭ്യൂഹമുയർത്തുന്നു. മാർച്ച്‌ 27 വരെയാണ് നിയമസഭാ സമ്മേളനം. സിദ്ധരാമയ്യയോട് അടുപ്പം പുലർത്തുന്ന എംഎല്‍എമാരാണ് ഒരുമിച്ച്‌ വിദേശയാത്ര നടത്തുന്നതെന്നാണ് വിവരം.ചൊവ്വാഴ്ച 11 എംഎല്‍എമാർ പറന്നുയർന്നുവെന്നും മറ്റ് 10 പേർ കുടുംബത്തോടൊപ്പം വിവിധ വിദേശ സ്ഥലങ്ങളിലേക്ക് പോകുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. സി പുട്ടരംഗ ഷെട്ടി, ബി ദേവേന്ദ്രപ്പ, എച്ച്‌ഡി തമ്മയ്യ, ഹമ്പനഗൗഡ ബദർലി, ബിഎം നാഗരാജ്, എ വസന്ത് കുമാർ, ഡി തിമ്മയ്യ, ശരണഗൗഡ പാട്ടീല്‍ ബയ്യപൂർ എന്നിവർ വിദേശയാത്ര നടത്തുന്നവരില്‍ ഉള്‍പ്പെടുന്നു. നിയമസഭാംഗങ്ങള്‍ ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും പര്യടനം നടത്തും. ക്വാലാലംപൂരിലേക്കാണ് ആദ്യം പോകുക. അവിടെനിന്നായിരിക്കും ഓസ്‌ട്രേലിയയിലേക്കും ന്യൂസിലൻഡിലേക്കും യാത്ര തിരിക്കുക.യാത്ര, വ്യക്തിപരമാണെന്നും പാർട്ടിയുമായോ സർക്കാരുമായോ ഇതിന് യാതൊരു ബന്ധവുമില്ലെന്നും എംഎല്‍എമാർ വ്യക്തമാക്കി. ഞങ്ങള്‍ ഒരു സ്വകാര്യ ടൂർ പോകുകയാണ്. ഞാനും എന്റെ കുടുംബവും മാത്രമാണ് യാത്ര ചെയ്യുന്നതെന്ന് കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാധ്യമപ്രവർത്തകരോട് തമ്മയ്യ പറഞ്ഞു. ബെലഗാവി നിയമസഭാ സമ്മേളനത്തിലാണ് തീരുമാനമെടുത്തതെന്ന് ചിക്കമഗളൂരു എംഎല്‍എ പറഞ്ഞു. ഞങ്ങള്‍ പലപ്പോഴും വിദേശത്തേക്ക് പോകാറുണ്ട്, പക്ഷേ ഇത് വാർത്തയാകുന്നത് ഇതാദ്യമാണെന്നും തമ്മയ്യ പറഞ്ഞു. എല്ലാ എംഎല്‍എമാരും ടൂറിന് പണം കണ്ടെത്തുന്നത് സ്വന്തമായിട്ടാണെന്നും രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നും ബദർലി വ്യക്തമാക്കി.നേരത്തെ, മസ്കറ്റ്, യൂറോപ്യൻ രാജ്യങ്ങള്‍, അമേരിക്ക എന്നിവിടങ്ങളില്‍ ഞങ്ങള്‍ സന്ദർശനം നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാർച്ച്‌ രണ്ടിനോ മൂന്നിനോ എംഎല്‍എമാർ തിരിച്ചെത്തുമെന്ന് പുട്ടരംഗ ഷെട്ടി പറഞ്ഞു. മുഖ്യമന്ത്രിക്ക് ഞങ്ങളുടെ യാത്രയെക്കുറിച്ച്‌ അറിയില്ല. എന്തിനാണ് അദ്ദേഹത്തിന്റെ പേര് അനാവശ്യമായി ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നും ഷെട്ടി ചോദിച്ചു. സുഹൃത്തുക്കള്‍ ഒരുമിച്ച്‌ വിദേശയാത്ര നടത്തുന്നതില്‍ അസാധാരണമായി ഒന്നുമില്ലെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി അടുപ്പമുള്ള എംഎല്‍എമാർ പറഞ്ഞു. ഞങ്ങളും വിദേശയാത്ര നടത്തിയിട്ടുണ്ട്. അതില്‍ എന്താണ് തെറ്റ്? എന്നെ ക്ഷണിച്ചിട്ടില്ല. അതുകൊണ്ട് പോയില്ലെന്ന് എംഎല്‍എ എച്ച്‌.സി. ബാലകൃഷ്ണ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group