ബെംഗളൂരു: ഓഫീസിന് മുന്നിലെ ഹോട്ടലിലേക്ക് ഉച്ചഭക്ഷണം കഴിക്കാനായി പോകവെ അമിത വേഗത്തില്‍ വന്ന ബൈക്കിടിച്ച് ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം.കേമ്പെഗൗഡ സ്വദേശിയായ 27 കാരി യോഗേശ്വരിയാണ് മരിച്ചത്.ഉച്ചഭക്ഷണം കഴിക്കാനായി ഓഫീസിന് മുന്നിലെ ഹോട്ടലിലേക്ക് സഹപ്രവർത്തകയ്ക്കൊപ്പം പോകുമ്പോഴായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കവേ അമിത വേഗതയിലെത്തിയ ബൈക്ക് യോഗേശ്വരിയെ ഇടിച്ചിടുകയായിരുന്നു. ബെംഗളൂരുവിലെ വ്യാപാര കേന്ദ്രമായ രാജാജിനഗറിലെ ഡോ. രാജ്കുമാർ റോഡിലാണ് ദാരുണമായ അപകടം സംഭവിച്ചത്.യോഗേശ്വരിയും സഹപ്രവർത്തകയും റോഡ് മുറിച്ച് കടന്ന് എതിർവശത്തെ ഹോട്ടലിലേക്ക് പോവുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. മുന്നില്‍ നടന്നിരുന്ന യോഗേശ്വരി ബൈക്ക് വരുന്നത് കണ്ട് വേഗത്തില്‍ റോഡ് ക്രോസ് ചെയ്തെങ്കിലും അമിത വേഗതയിലെത്തിയ ബൈക്ക് യുവതിയെ ഇടിച്ചിടുകയായിരുന്നു. ബൈക്ക് വരുന്നത് കണ്ട് പേടിച്ച സഹപ്രവർത്തക മുന്നോട്ട് നീങ്ങാഞ്ഞതിനാല്‍ ഇവരെ ബൈക്ക് ഇടിച്ചില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യള്‍ പുറത്തുവന്നിട്ടുണ്ട്.ബൈക്ക് വന്നിടിച്ച് യോഗേശ്വരി റോഡിലേക്ക് തെറിച്ചുവീഴുന്നതും, ഇടിയുടെ ആഘാതത്തില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഏറെ ദൂരം തെന്നി നീങ്ങുന്നതും വീഡിയോയില്‍ കാണാം. യോഗേശ്വരിയെ ഉടൻ തന്നെ അടുത്തുള്ള സുഗുണ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഗുരുതരമായ ആന്തരിക രക്തസ്രാവത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്ന ദീപനും(22) പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.