ബെംഗളൂരു: ബെംഗളൂരു -തുമകുരു ഹൈവേയിലെ നെലമംഗലയ്ക്ക് സമീപം സ്വകാര്യ സ്ലീപ്പർ ബസ് കുഴിയിലേക്ക് മറിഞ്ഞ് തീപിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.വെള്ളിയാഴ്‌ച പുലർച്ചെ 1.30 ഓടെ ബുഡിഹാൽ ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. ബെംഗളൂരുവിൽനിന്ന് കലബുറഗിയിലേക്കു പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. 30 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് നടപ്പാതയിലേക്ക് ഇടിച്ചു കയറുകയും വൈദ്യുതി പോസ്റ്റിലിടിച്ച് മറിയുകയുമായിരുന്നു. ഉടൻ യാത്രക്കാരും ഡ്രൈവറും ക്ലീനറും വാഹനത്തിന് പുറത്തിറങ്ങി. പിന്നാലെ ബസിനു തീപിടിക്കുകയും പൂർണമായി കത്തി നശിക്കുകയും ചെയ്‌തു.നെലമംഗല ട്രാഫിക് പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി തീ അണച്ചെങ്കിലും ബസ് പൂർണ്ണമായും കത്തിനശിച്ചു. യാത്രക്കാർ രക്ഷപ്പെട്ടുവെങ്കിലും ലഗേജ് കമ്പാർട്ടുമെൻറിൽ സൂക്ഷിച്ചിരുന്ന എല്ലാ സാധനങ്ങളും തീപിടിത്തത്തിൽ നശിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.