Home Featured ബെംഗളൂരു നഗരത്തില്‍ ഇനി ഒറ്റക്ക് കാറോടിച്ചാല്‍ പിഴ വരും; തിരക്ക് കുറക്കാൻ കണ്‍ജഷൻ ടാക്സ് വരുന്നു

ബെംഗളൂരു നഗരത്തില്‍ ഇനി ഒറ്റക്ക് കാറോടിച്ചാല്‍ പിഴ വരും; തിരക്ക് കുറക്കാൻ കണ്‍ജഷൻ ടാക്സ് വരുന്നു

by admin

കഴിഞ്ഞ ഏറെ ദിവസങ്ങളായി ബംഗളൂരു നഗരത്തില്‍ അനുഭവപ്പെടുന്ന തിരക്ക് കുറക്കാൻ പുതിയ വഴിയുമായി സർക്കാർ.ഉയർന്ന സാന്ദ്രതയുള്ള പ്രദേശങ്ങളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കാവുന്ന കാറുകള്‍ക്ക് കണ്‍ജഷൻ ടാക്സ് (congestion tax) ഏർപ്പെടുത്താനാണ് തീരുമാനം. ഗതാഗതക്കുരുക്കിലും കുഴികള്‍ നിറഞ്ഞ റോഡുകളിലും പെട്ട് ജനങ്ങളുടെ സമയം ഏറെ നഷ്ടമാകുന്ന സാഹചര്യത്തിലാണ് പുതിയ നടപടി ഉണ്ടാകുന്നത് എന്ന് ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു.നഗരത്തിലെ ദീർഘകാല അടിസ്ഥാന സൗകര്യ പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള വഴികള്‍ ചർച്ച ചെയ്യുന്നതിനായി കോർപ്പറേറ്റ് നേതാക്കളുമായും നഗര ആസൂത്രകരുമായും സംസ്ഥാന സർക്കാർ ബുധനാഴ്ച വിളിച്ചുചേർത്ത യോഗത്തില്‍ ചർച്ച ചെയ്ത നിരവധി ആശയങ്ങളില്‍ ഒന്നാണ് പുതിയ നിർദ്ദേശം.”

ഒരു കണ്‍ജെഷൻ ചാർജ് ചുമത്തുന്നതിനെക്കുറിച്ച്‌ ഞങ്ങള്‍ ചർച്ച ചെയ്തു. ഔട്ടർ റിംഗ് റോഡില്‍ (ORR) പ്രവേശിച്ചാല്‍, കാറില്‍ ഒരാള്‍ മാത്രമേ ഉള്ളൂവെങ്കില്‍, നിങ്ങള്‍ പണം നല്‍കണം.” നഗര ആസൂത്രകനും യുലു സഹസ്ഥാപകനുമായ ആർ.കെ. മിശ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു. കർണാടക ചീഫ് സെക്രട്ടറി ശാലിനി രജനീഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബയോകോണ്‍ മേധാവി കിരണ്‍ മജുംദാർ-ഷാ, നഗര ഡിസൈനറും ആർക്കിടെക്റ്റുമായ നരേഷ് നരസിംഹൻ തുടങ്ങിയവർ പങ്കെടുത്തു.

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കാറുകള്‍ക്ക് മാത്രമേ ഈ നികുതി ബാധകമാകൂ എന്നും കൂടുതല്‍ ആളുകളെ കാർ പൂളിംഗ് പരിഗണിക്കാൻ ഇത് പ്രോത്സാഹിപ്പിക്കുമെന്നും ഇത് നഗരത്തിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്നും മിശ്ര വ്യക്തമാക്കി. ഫോർ വീലർ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനുള്ള ഒരു മാർഗമായി ORR-ലും മറ്റ് ഉയർന്ന സാന്ദ്രതയുള്ള കോറിഡോറിലോ പ്രധാന റോഡുകളിലോ കണ്‍ജഷൻ ടാക്സ് ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഔട്ടർ റിംഗ് റോഡ് ബെംഗളൂരു നഗരത്തിലെ ഏറ്റവും വലിയ സാങ്കേതിക ഇടനാഴിയാണ്.

മിക്കവാറും എല്ലാ വലിയ ആഗോള കോർപറേറ്റ് കമ്ബനികളും ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. വടക്ക് വശത്തുള്ള ഹെബ്ബാല്‍ മുതല്‍ തെക്ക് വശത്തുള്ള സില്‍ക്ക് ബോർഡ് വരെ നീളുന്ന ഈ റോഡ് നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളില്‍ ഒന്നാണ്. എന്നാല്‍ ഈ റോഡ് ഇപ്പോള്‍ ബെംഗളൂരുവിലെ യാത്രയുടെ പേടിസ്വപ്നം ആയി മാറുകയാണ്.

കുഴികള്‍ നിറഞ്ഞ റോഡുകള്‍, പൂർത്തിയാകാത്ത അടിസ്ഥാന സൗകര്യ പദ്ധതികള്‍, വെള്ളക്കെട്ട് തുടങ്ങിയ പ്രശ്നങ്ങള്‍ ഇന്ത്യയുടെ ഐടി തലസ്ഥാനത്ത് എങ്ങും കാണാം.ഡല്‍ഹി പോലുള്ള മറ്റ് നഗരങ്ങള്‍ റോഡുകളിലെ തിരക്ക് കുറയ്ക്കാൻ ‘ഒറ്റ-ഇരട്ട’, പൊതുഗതാഗത ഓപ്ഷനുകള്‍ പോലുള്ള പരിഹാരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ബെംഗളൂരുവില്‍, മെട്രോ, സബർബൻ റെയില്‍ പോലുള്ള പ്രധാന പൊതുഗതാഗത പദ്ധതികള്‍ വികസിപ്പിക്കുന്നതിലെ കാലതാമസവും ബസ് സർവീസുകള്‍ സ്തംഭിക്കുന്നതും സ്വകാര്യ വാഹനങ്ങളെ കൂടുതലായി ആശ്രയിക്കാൻ ആളുകളെ നിർബന്ധിതരാക്കുന്നു

You may also like

error: Content is protected !!
Join Our WhatsApp Group