മലയാളികള്‍ക്ക് അടക്കം ഏറെ സുപരിചിതനായ ആളാണ് ബാലയ്യ എന്ന് ആരാധകർ വിളിക്കുന്ന നന്ദമൂരി ബാലകൃഷ്ണ. തെലുങ്ക് സിനിമാസ്വാദകർക്ക് ബാലയ്യ മാസ് ഹീറോ ആണെങ്കില്‍ മലയാളികള്‍ക്ക് പലപ്പോഴും നടൻ ട്രോള്‍ മെറ്റീരിയലാണ്.എന്നാല്‍ തന്നെയും അഖണ്ഡ പോലുള്ള സിനിമകള്‍ മലയാളി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പൊതുവേദികളില്‍ ബാലയ്യ എത്തിയാല്‍ പലപ്പോഴും എന്തെങ്കിലും തരത്തിലുള്ള വിമർശനങ്ങള്‍ ഉണ്ടാകാറുണ്ട്. അദ്ദേഹം നടത്തുന്ന പരാമർശങ്ങളോ പ്രവർത്തികളോ ഒക്കെയാകും അതിന് കാരണം.
അത്തരത്തില്‍ തന്റെ പിറന്നാള്‍ ദിനത്തില്‍ ബലയ്യ കാണിച്ചുകൂട്ടിയ കാര്യങ്ങളാണ് വിമർശനങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്.ജൂണ്‍ 10ന് ആയിരുന്നു ബാലയ്യയുടെ അറുപത്തി അഞ്ചാം പിറന്നാള്‍. ഇതോട് അനുബന്ധിച്ച് വൻ ആഘോഷ പരിപാടികള്‍ ആരാധകർ സംഘടിപ്പിച്ചിരുന്നു. ഇവിടെ എത്തിയതായിരുന്നു ബാലയ്യ. ആരാധകർക്ക് മുന്നില്‍ പ്രസംഗിക്കുന്നതിനിടെ അദ്ദേഹത്തിന്റെ മീശ ഇളകുന്നുണ്ട്. ഇത് മനസിലാക്കിയ ബാലയ്യ സംസാരത്തിനിടയില്‍ തന്നെ ഗം ആവശ്യപ്പെടുന്നുണ്ട്. ശേഷം മീശ ശരിയാക്കി വീണ്ടും പ്രസംഗം തുടർന്നു.
എന്നാല്‍ കേക്ക് മുറിക്കുന്നതിനിടെ ബലയ്യ നടത്തിയ പ്രകടനമാണ് വൻ വിമർശനങ്ങള്‍ക്ക് വഴിവച്ചത്. നാല് തട്ടുള്ള കേക്കായിരുന്നു ആരാധകർ ബാലയ്യയ്ക്ക് വേണ്ടി ഒരുക്കിയിരുന്നത്. കേക്ക് മുറിക്കാൻ വന്ന ബാലയ്യ, കത്തി എറിഞ്ഞ് കളിക്കുന്നുണ്ട്. മൂന്ന് തവണയാണ് ബാലയ്യ കത്തി മുകളിലേക്ക് എറിഞ്ഞ് പിടിക്കുന്നത്. വീഡിയോ ഏറെ ശ്രദ്ധനേടി. എന്നാല്‍ അടുത്ത് നില്ക്കുന്നവർ ഭയപ്പെടുന്നുണ്ടെങ്കിലും അത് മുഖത്ത് കാണിക്കുന്നില്ലെന്നാണ് കമന്റുകള്‍. “ഓവർ ആക്ടിംഗ് ആണ്, തിമിര് പുടിച്ചിരിക്ക്, ഇയാള്‍ക്ക് വേറെ പണിയൊന്നും ഇല്ലേ, കത്തി വാക്കില്ലാതെ വീണാല്‍ തീരുമാനം ആകും, കുട്ടികളിത് അനുകരിക്കില്ലേ? ഇയാള്‍ക്ക് ബോധമുണ്ടോ?”, എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകള്‍. “എന്ത് പ്രഹസനമാണ് സജി” എന്ന് ചോദിച്ച് മലയാളികളും കമന്റ് ചെയ്തിട്ടുണ്ട്.