ബെളഗാവി ജില്ലയിലെ സാന്റി ബസ്തവാദ് ഗ്രാമത്തില്‍ ഈദ്ഗാഹില്‍ അതിക്രമം കാണിച്ച കേസില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.ലക്ഷ്മണ്‍ യല്ലപ്പ ഉച്ചവാഡെ (30), മുത്തപ്പ ഭർമ ഉച്ചവാഡെ (26), ലക്ഷ്മണ്‍ നാഗപ്പ നായക് (30), ശിവരാജ് യല്ലപ്പ ഗുഡ്‌ലി (29) എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. പ്രതികള്‍ ആരാധനകേന്ദ്രത്തിന്റെ നാല് താഴികക്കുടങ്ങളും സമീപത്തെ ചില ഘടനകളും ഉള്‍പ്പെടെ ചില ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയിരുന്നെന്ന് ബെളഗാവി പൊലീസ് കമീഷണർ ഇയാഡ മാർട്ടിൻ മാർബനിയാങ്ങി പറഞ്ഞു.
ഖബറുകളും ഫലകങ്ങളും വികൃതമാക്കിയതിലും ഇവർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നു. അവരുടെ കുറ്റസമ്മതത്തെത്തുടർന്നാണ് അറസ്റ്റ്. ‘ഞങ്ങള്‍ കാര്യമായ തെളിവുകള്‍ ശേഖരിച്ചു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്’ -കമീഷണർ പറഞ്ഞു.ഇതേ ഗ്രാമത്തില്‍ നിർമാണം നടക്കുന്ന മസ്ജിദില്‍നിന്ന് തിങ്കളാഴ്ച രാത്രി ഖുർആൻ ഗ്രന്ഥങ്ങള്‍ മോഷ്ടിച്ച് കൊണ്ടുപോയി കത്തിച്ചിരുന്നു. മസ്ജിദിന് സമീപത്തെ വയലില്‍നിന്ന് വിശുദ്ധ ഗ്രന്ഥങ്ങള്‍ കരിഞ്ഞ അവശിഷ്ടം കണ്ടെത്തി.ആക്രമികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഇസ് ലാം മത വിശ്വാസികള്‍ അന്ന് പ്രതിഷേധറാലി നടത്തിയിരുന്നു. കമീഷണറുടെ ഉറപ്പിനെത്തുടർന്നാണ് പ്രതിഷേധക്കാർ പിരിഞ്ഞു പോയത്.എന്നാല്‍, ഇതുവരെ ആരേയും അറസ്റ്റ് ചെയ്യാത്തതിനാല്‍ ആയിരക്കണക്കിന് മുസ്‌ലിംകള്‍ അണിനിരന്ന പ്രതിഷേധ റാലി ബെളഗാവി നഗരത്തിലെ ചെന്നമ്മ സർക്കിളില്‍ സംഘടിപ്പിച്ചു. ഇതേത്തുടർന്ന് കേസ് കൈകാര്യം ചെയ്യുന്നതില്‍ അലംഭാവം കാണിച്ചു എന്നതിന് ബെളഗാവി റൂറല്‍ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറെ വകുപ്പുതല അന്വേഷണം വരെ സസ്പെൻഡ് ചെയ്തു.