Home കർണാടക ബെംഗളൂരു സബര്‍ബൻ റെയില്‍വേ പദ്ധതി; ആദ്യ ട്രെയിൻ 2027 നവംബറില്‍ എത്തും, കോച്ചില്‍ സൈക്കിള്‍ സ്‌റ്റാൻഡും

ബെംഗളൂരു സബര്‍ബൻ റെയില്‍വേ പദ്ധതി; ആദ്യ ട്രെയിൻ 2027 നവംബറില്‍ എത്തും, കോച്ചില്‍ സൈക്കിള്‍ സ്‌റ്റാൻഡും

by ടാർസ്യുസ്

ബെംഗളൂരു: നഗരത്തിലെ തിരക്കേറിയ റോഡുകളിലൂടെയുള്ള യാത്ര എന്നും വലിയൊരു വെല്ലുവിളിയാണ്, പ്രത്യേകിച്ച്‌ ജോലി ആവശ്യങ്ങള്‍ക്കും ഉന്നത പഠനത്തിനുമായി ഈ നഗരത്തിലെത്തുന്ന യുവതലമുറയ്ക്ക്.മണിക്കൂറുകളോളം നീളുന്ന ട്രാഫിക് ബ്ലോക്കിലും ഓണ്‍ലൈൻ ടാക്‌സികളുടെ അമിത നിരക്കിലും വലയുന്ന ഐടി നഗരത്തിലെ സാധാരണ യാത്രക്കാർക്ക് വലിയൊരു ആശ്വാസമാവുകയാണ് പുതിയ ബെംഗളൂരു സബർബൻ റെയില്‍വേ പദ്ധതി (ബിഎസ്‌ടിപി).ഇതിലൂടെ നഗരത്തിലെ യാത്രാദുരിതങ്ങള്‍ക്ക് വേഗത്തില്‍ ശാശ്വതമായ പരിഹാരം കാണാനുള്ള ശ്രമത്തിലാണ് അധികൃതർ. പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ട്രെയിൻ 2027 നവംബറോടെ ഇവിടെയെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

ക്യാബുകള്‍ക്കായി ദീർഘനേരം കാത്തുനില്‍ക്കാതെയും വൻ തുക നല്‍കാതെയും സാധാരണക്കാർക്ക് ആശ്വാസത്തോടെ യാത്ര ചെയ്യാൻ സഹായിക്കുന്ന ഈ പുതിയ പ്ലാറ്റ്ഫോം നഗരത്തിലെ പ്രതിദിന യാത്രാസംസ്‌കാരത്തെത്തന്നെ മാറ്റിമറിക്കും.ചെന്നൈയിലെ പ്രശാസ്‌തമായ ഇന്റഗ്രല്‍ കോച്ച്‌ ഫാക്‌ടറിയിലാണ് (ഐസിഎഫ്) ബെംഗളൂരുവിന്റെ വികസനക്കുതിപ്പിന് കരുത്തേങ്ങാൻ പോകുന്ന അത്യാധുനിക കോച്ചുകള്‍ നിർമ്മിക്കുന്നത്. ആദ്യ ഘട്ട ട്രെയിനുകള്‍ എത്തുന്നതോടെ ആവശ്യമായ പരീക്ഷണ ഓട്ടങ്ങള്‍ ആരംഭിച്ച്‌ 2028 ഡിസംബറോടെ ആദ്യ പാത പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാൻ ബി-റൈഡ് പദ്ധതിയിടുന്നുണ്ട്.തുടക്കത്തില്‍ മൂന്ന് കോച്ചുകളുള്ള ട്രെയിനുകളായിരിക്കും സർവീസിന് ഇറക്കുകയെങ്കിലും യാത്രക്കാരുടെ തിരക്ക് അനുസരിച്ച്‌ ഭാവിയില്‍ ആറും ഒൻപതും കോച്ചുകളുള്ള ട്രെയിൻ സെറ്റുകളും ഉപയോഗിക്കും. തിരക്കേറിയ സമയങ്ങളില്‍ വെറും അഞ്ച് മിനിറ്റ് ഇടവേളയില്‍ ബെഞ്ചുകളില്‍ നല്ല സൌകര്യത്തോടെ യാത്ര ചെയ്യാൻ ട്രെയിൻ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതൊരുക്കുന്ന കൃത്യസമയത്തുള്ള യാത്രാ സൗകര്യവും മെച്ചപ്പെട്ട സുരക്ഷിതത്വവും കൂടുതല്‍ ആളുകളെ നഗരത്തില്‍ പൊതുഗതാഗതത്തിലേക്ക് ആകർഷിക്കും.യാത്രക്കാർക്കായി മെട്രോ മോഡല്‍ കോച്ചുകളും സൈക്കിള്‍ സ്‌റ്റാൻഡുംസബർബൻ പാതകളില്‍ ഓടുന്ന സ്‌റ്റെയിൻലെസ് സ്‌റ്റീല്‍ ട്രെയിനുകള്‍ക്ക് നമ്മള്‍ കാണുന്ന മെട്രോ കോച്ചുകളോട് ഡിസൈനില്‍ വലിയ സമാനതകളുണ്ടാകും.

മെട്രോയിലെ പോലെ വശങ്ങളിലായുള്ള ബെഞ്ച് സീറ്റുകളായിരിക്കും ഇതില്‍ സജ്ജീകരിക്കുക. ഇതിലൂടെ നടുവിലെ വഴിയിലൂടെ കൂടുതല്‍ പേർക്ക് സൗകര്യപ്രദമായി നില്‍ക്കാനും യാത്ര ചെയ്യാനും സാധിക്കും. എന്നാല്‍ സാധാരണ മെട്രോ കോച്ചുകളെ അപേക്ഷിച്ച്‌ കൂടുതല്‍ യാത്രക്കാരെ ഒരേസമയം ഉള്‍ക്കൊള്ളാൻ സാധിക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പന.ഓഫീസുകളിലേക്കും ഐടി പാർക്കുകളിലേക്കും സ്വന്തം സൈക്കിളില്‍ യാത്ര ചെയ്യാനിഷ്‌ടപ്പെടുന്ന പരിസ്ഥിതി സൗഹൃദ സഞ്ചാരികള്‍ക്കും ഈ പുതിയ വലിയ കോച്ചുകള്‍ അനുഗ്രഹമാകും. ഓരോ കോച്ചിലും സൈക്കിളുകള്‍ സുരക്ഷിതമായി സൂക്ഷിക്കാൻ പ്രത്യേക സൈക്കിള്‍ സ്‌റ്റാൻഡുകള്‍ ഇവിടെ സജ്ജീകരിക്കുന്നുണ്ട്. ഇതിനുപുറമെ വിമാനത്താവളത്തിലേക്കും മറ്റ് പ്രധാന നഗരങ്ങളിലേക്കും ലഗേജുകളുമായി യാത്ര ചെയ്യുന്നവർക്കായി സീറ്റുകള്‍ക്ക് മുകളിലോ താഴെയോ ബാഗേജുകള്‍ സുരക്ഷിതമായി സൂക്ഷിക്കാൻ വിപുലമായ പ്രത്യേക റാക്കുകളും ഇതിലൂടെ ഒരുക്കുന്നുണ്ട്.സാങ്കേതിക സുരക്ഷാ കാര്യത്തിലും യാത്രാ സുഖത്തിലും അന്താരാഷ്ട്ര നിലവാരമുള്ളവയാണ് ഈ പുതിയ ട്രെയിൻ സെറ്റുകള്‍. ഇന്ത്യൻ റെയില്‍വേയുടേതിന് സമാനമായി 25 കെവി ഓവർഹെഡ് ട്രാക്ഷൻ വഴിയാണ് ഇവയ്ക്ക് ആവശ്യമായ വൈദ്യുതോർജ്ജം ലഭ്യമാക്കുന്നത്.

മൂന്ന് കോച്ചുകള്‍ അടങ്ങിയ ട്രെയിനുകള്‍ക്ക് പരമാവധി ആയിരം യാത്രക്കാരെ വരെ ഒരേസമയം ഉള്‍ക്കൊള്ളാൻ സാധിക്കും. കൂടാതെ മികച്ച ബ്രേക്കിംഗ് സംവിധാനങ്ങളും യാത്രാ വേഗത്തെ നിയന്ത്രിക്കാനുള്ള ഡിജിറ്റല്‍ സിഗ്നലിംഗ് സാങ്കേതികതയും ഈ ട്രെയിനുകളുടെ മാത്രം പ്രത്യേകതയാണ്.പദ്ധതിയുടെ വിജയത്തിനായി ആകെ 306 കോച്ചുകളാണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. ടെൻഡറുകള്‍ ക്ഷണിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ കർണാടക ട്രാൻസ്‌പരൻസി ഇൻ പബ്ലിക് പ്രൊക്യുർമെന്റ് നിയമത്തില്‍ പ്രത്യേക ഇളവ് നല്‍കി ചെന്നൈ റെയില്‍വേ കോച്ച്‌ ഫാക്ടറിയുമായി നേരിട്ട് കരാറില്‍ ഏർപ്പെടുകയാണ് ചെയ്‌തത്. റെയില്‍വേ ബോർഡിന്റെ പ്രാഥമിക അംഗീകാരത്തോടെ സംസ്ഥാന സർക്കാരും റെയില്‍വേയും ഇതിനായുള്ള 4270.30 കോടി രൂപയുടെ നിർമ്മാണ ഫണ്ടിന്റെ ബാധ്യതകള്‍ തുല്യ പകുതിയായാണ് വഹിക്കുക.

You may also like

error: Content is protected !!
Join Our WhatsApp Group