കർണാടക ആഭ്യന്തര വകുപ്പില്‍ ഉയർന്ന തസ്തികകളിലിരിക്കുന്ന വനിത ഐ.പി.എസ് ഓഫിസർമാർ തമ്മില്‍ പോര്. ഐ.ജിക്കെതിരെ പരാതി നല്കിയ ഡി.ഐ.ജിയെ സ്ഥലംമാറ്റി സർക്കാർ ഉത്തരവ്.ആഭ്യന്തര സുരക്ഷവിഭാഗത്തില്‍ ഡി.ഐ.ജിയായ വർത്തിക കത്യാറിനെയാണ് സ്ഥലംമാറ്റിയത്. ആഭ്യന്തര സുരക്ഷവിഭാഗം ഐ.ജി.ഡി രൂപയുടെ പേരില്‍ വർത്തിക കഴിഞ്ഞമാസം ചീഫ് സെക്രട്ടറി ശാലിനി രജനീഷിന് പരാതി നല്‍കിയിരുന്നു. രൂപയുടെ നിർദേശപ്രകാരം രണ്ടു പൊലീസുകാർ തന്റെ ഓഫിസിലെത്തി ചില രേഖകളുടെ ഫോട്ടോയെടുത്ത് കൊണ്ടുപോയെന്നായിരുന്നു പരാതിയില്‍ പറഞ്ഞത്.
താൻ ഓഫിസിലില്ലാത്ത സമയം പൊലീസ് കണ്ട്രോള് റൂമില്‍നിന്ന് താക്കോല്‍ വാങ്ങിക്കൊണ്ടുവന്ന് ഓഫിസ് അനധികൃതമായി തുറന്ന് പൊലീസുകാർ അകത്ത് പ്രവേശിക്കുകയായിരുന്നു. തന്റെപേരില്‍ മോശം റിപ്പോർട്ട് മേലുദ്യോഗസ്ഥർക്ക് നല്‍കുമെന്ന് രൂപ ഭീഷണിപ്പെടുത്തിയതായും വർത്തികയുടെ പരാതിയില്‍ ആരോപിച്ചു. ഇതിന്റെ തുടർച്ചയായാണ് വർത്തികയെ സ്ഥലംമാറ്റിയത്. സിവില്‍ ഡിഫൻസ് വിഭാഗത്തില്‍ ഡി.ഐ.ജിയായാണ് സ്ഥലംമാറ്റം.
രൂപയുടെ പേരില്‍ നേരത്തേ അവരുടെ കീഴ്ജീവനക്കാർ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നല്‍കിയിരുന്നു. ഇത് വർത്തികയുടെ നിർദേശപ്രകാരമാണെന്ന് രൂപ കരുതുന്നു.ഇരുവരും തമ്മിലുള്ള പോരുമുറുകാൻ ഇതാണ് കാരണമെന്നാണ് സൂചന. നേരത്തേ വനിത ഐ.എ.എസ് ഓഫിസറായ രോഹിണി സിന്ദൂരിയും ഡി. രൂപയും തമ്മില്‍ സമാനമായ പോര് നടന്നിരുന്നു. രോഹിണിയുടെ പേരില്‍ രൂപ നല്കിയ മാനനഷ്ടക്കേസ് ഇപ്പോള്‍ ഹൈകോടതിയുടെ പരിഗണനയിലാണ്.