വീട്ടുജോലി അവഗണിച്ച് ഫോണില്‍ ഗെയിം കളിച്ചുവെന്നാരോപിച്ച് മകളെ പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി ഒരച്ഛൻ.അതിക്രൂരമായ ഈ സംഭവമുണ്ടായത് ഗുജറാത്തിലെ സൂറത്തിലാണ്.മരിച്ചത് 18കാരിയായ ഹെതാലിയാണ്. സംഭവത്തില്‍ 40കാരനായ മുകേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഓട്ടോറിക്ഷാ ഡ്രൈവറായി ജോലി ചെയ്യുകയാണ്.അറസ്റ്റ് നടപടിയുണ്ടായത് പെണ്‍കുട്ടിയുടെ അമ്മ നല്കിയ പരാതിയെ അടിസ്ഥാനമാക്കിയാണ്.
വ്യാഴാഴ്ച്ച സമീപത്തെ മാളില്‍ അമ്മ ജോലിക്ക് പോയപ്പോള്‍ മകളെ വീട്ടുജോലികള്‍ ചെയ്യാൻ ഏല്‍പ്പിച്ചിരുന്നു. അസുഖം മൂലം പിതാവും വീട്ടിലുണ്ടായിരുന്നു.ഇയാള്‍ എത്ര ആവശ്യപ്പെട്ടിട്ടും പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നതില്‍ മുഴുകി ഇരിക്കുകയായിരുന്നു. തുടർന്നാണ് പ്രഷർ കുക്കർ കൊണ്ട് തലയിലും, മറ്റ് ശരീരഭാഗങ്ങളിലും അടിച്ചത്.വീടിനു പുറത്തു കളിച്ചുകൊണ്ടിരുന്ന മകന് മായങ്ക് സഹോദരിയുടെ കരച്ചില് കേട്ട് അകത്തേക്ക് ഓടിയെത്തിയപ്പോഴാണ് ചോരയില്‍ കുളിച്ചു കിടക്കുന്ന ഹെതാലിയെ കണ്ടതെന്ന് പൊലീസ് പറഞ്ഞു.
മായങ്ക് ഫോണ്‍ വിളിച്ചതിനെ തുടര്‍ന്ന് ഗീത വീട്ടിലേക്ക് ഓടിയെത്തി ഹെതാലിയെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോക്ടര്‍മാര്‍ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും പിന്നീട് മരണത്തിനു കീഴടങ്ങുകയായിരുന്നു.