ന്യൂഡല്‍ഹി: ലിവ് ഇൻ റിലേഷനിലായിരുന്ന യുവതിയുടെ മൃതദേഹം താമസ സ്ഥലത്തെ അലമാരയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ ദ്വാരകയിലാണ് സംഭവം. ഒന്നര മാസമായി വിപാല്‍ ടെയ്ലർ എന്നയാള്‍ക്കൊപ്പം ഇവിടെ താമസിക്കുകയായിരുന്നു 26കാരി. മകളെ കാണാനില്ലെന്നും കുറച്ചു ദിവസമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിക്കുന്നില്ലെന്നും യുവതിയുടെ പിതാവ് പൊലീസില്‍ പരാതി നല്കി. തുടർന്ന് യുവതി താമസിച്ചിരുന്ന ഫ്ളാറ്റില്‍ പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് അലമാരയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. ഇവരുടെ പങ്കാളിയായ ഗുജറാത്ത് സൂറത്ത് സ്വദേശിയെ കാണാനില്ലെന്നാണ് വിവരം.
മകളെ പങ്കാളി കൊലപ്പെടുത്തിയതാണെന്നാണ് പിതാവിന്റെ ആരോപണം. വിപാല്‍ മർദ്ദിക്കാറുണ്ടെന്നും താൻ കൊല്ലപ്പെടുമെന്നും മകള്‍ ഭയപ്പെട്ടിരുന്നുവെന്ന് പിതാവ് പോലീസിനോട് പറഞ്ഞു. പൊലീസ് ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. കേസ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാനായിട്ടില്ലെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സാഹില്‍ ഗെലോട്ട് എന്നയാള്‍ ലിവ് ഇൻ പങ്കാളിയായ നിക്കി യാദവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. റഫ്രിജറേറ്ററില്‍ മൃതദേഹം ഒളിപ്പിച്ച ശേഷം പ്രതി മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുകയും ചെയ്തു. 2022 മേയിലാണ് ശ്രദ്ധ വാള്‍ക്കർ എന്ന യുവതിയെ പങ്കാളി കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി ഉപേക്ഷിച്ചത്.