Home കർണാടക അവിഹിതബന്ധമെന്ന് സംശയം; ഭാര്യയെ തലയ്ക്കടിച്ച് കൊന്ന് മൃതദേഹം മഴവെള്ളക്കാനയിൽ തള്ളി, ഭർത്താവ് പിടിയിൽ

അവിഹിതബന്ധമെന്ന് സംശയം; ഭാര്യയെ തലയ്ക്കടിച്ച് കൊന്ന് മൃതദേഹം മഴവെള്ളക്കാനയിൽ തള്ളി, ഭർത്താവ് പിടിയിൽ

ബെംഗളൂരു: അവിഹിതബന്ധം ആരോപിച്ച് 25കാരിയായ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മഴവെള്ളക്കാനയിൽ തള്ളിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ബിഹാർ സ്വദേശിനിയായ റുക്സാനയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബിഹാർ സ്വദേശിയായ ഭർത്താവ് മുഹമ്മദ് ഇർഫാസിനെ മഗഡി റോഡ് പോലീസ് കസ്റ്റഡിയിലെടുത്തു. ഒക്ടോബർ 13ന് അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഒക്ടോബർ 10നാണ് സംഭവം നടന്നത്.ഏകദേശം ഒരു വർഷം മുമ്പാണ് റുക്സാനയും ഇർഫാസും വിവാഹിതരായത്. ആദ്യ വിവാഹബന്ധത്തിൽ റുക്സാനയ്ക്ക് ഒരു കുട്ടിയുണ്ട്.

ആദ്യ ഭർത്താവിൽനിന്ന് വേർപിരിഞ്ഞ ശേഷമാണ് ബിഹാറിൽവെച്ച് റുക്സാന ഇർഫാസിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ആറുമാസം മുമ്പ് ബെംഗളൂരുവിലെത്തിയ ദമ്പതികൾ ഗാർമെന്റ് ഫാക്ടറികളിൽ ജോലി ചെയ്തുവരികയായിരുന്നു.റുക്സാന നിരന്തരം ഫോണിൽ സംസാരിക്കുന്നത് ഇർഫാസിൽ സംശയമുണ്ടാക്കിയിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നു. ഒക്ടോബർ 10ന് ഉണ്ടായ വാക്കുതർക്കം കൈയാങ്കളിയിൽ കലാശിച്ചു. ഇതിനിടെ ഇർഫാസ് കല്ലുകൊണ്ട് റുക്സാനയുടെ തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ് യുവതി മരിച്ചു.തുടർന്ന് മൃതദേഹം സ്ഥലത്തുനിന്ന് മാറ്റുന്നതിനായി റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഒരു മോട്ടോർ സൈക്കിളിന്റെ ഹാൻഡിൽ ലോക്ക് തകർത്തു. മൃതദേഹം ബാഗിലാക്കി ബൈക്കിന്റെ മധ്യഭാഗത്ത് വെച്ച് തള്ളിക്കൊണ്ടുപോയി മഴവെള്ളം ഒഴുകിപ്പോകുന്ന കാനയിൽ ഉപേക്ഷിക്കുകയായിരുന്നു.ഒക്ടോബർ 13ന് മഗഡി റോഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത്.

മരിച്ചയാളെ തിരിച്ചറിയാനും പ്രതിയെ കണ്ടെത്താനുമായി പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ഇതിനിടെ ഗോപാലപുരയിൽ ഒരാൾ ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകിയ വിവരം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.തുടർന്ന് ഇർഫാസിനെ ചോദ്യം ചെയ്തപ്പോൾ റുക്സാന ബിഹാറിലെ സ്വന്തം നാട്ടിലേക്ക് മടങ്ങിയെന്നും ഇപ്പോൾ ഫോൺ ഉപയോഗിക്കുന്നില്ലെന്നുമാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. എന്നാൽ മൊഴിയിൽ സംശയം തോന്നിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെ കൊലപാതകവിവരം പുറത്തുവന്നു. സംഭവത്തിൽ മഗഡി റോഡ് പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group