ബംഗളൂരു: പ്രവാസ ജീവിതത്തിലും ആറ്റുകാല്‍ ഭഗവതിയെ മനസ്സില്‍ ധ്യാനിച്ച് പരശ്ശതം ഭക്തകള്‍ ഞായറാഴ്ച കർണാടകയില്‍ വിവിധ നായർ സർവിസ് സൊസൈറ്റി കരയോഗങ്ങളുടെ ആഭിമുഖ്യത്തില്‍ പൊങ്കാല അർപ്പിച്ചു.
കാത്തിരുന്ന പ്രഭാതം പുലർന്നതിന്‍റെ പ്രസരിപ്പോടെ ഭക്തിനിർഭര മനസ്സുമായി സ്വപ്നങ്ങളും പ്രതീക്ഷകളും ദുഃഖങ്ങളും പ്രാർഥനകളായി നിറച്ച് സ്ത്രീകള്‍ പൊങ്കാല അടുപ്പിലേക്ക് തീ പകർന്നു. പൊങ്കാല സമർപ്പണ ചടങ്ങുകള്‍ക്ക് ശേഷം എല്ലാ കരയോഗങ്ങളിലും അന്നദാനവും നടത്തി.
മത്തിക്കരെ കരയോഗത്തിന്‍റെ അധീനതയിലുള്ള സോമഷെട്ടിഹള്ളി ആറ്റുകാല്‍ ദേവി ക്ഷേത്രത്തില്‍ രാവിലെ മഹാഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍, നിറപറ സമർപ്പണം എന്നിവക്ക് ശേഷം 10.30ന് പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നു. ചടങ്ങുകള്‍ക്ക് ബ്രഹ്മശ്രീ ശിവരാമൻ നമ്ബൂതിരി മുഖ്യ കാർമികത്വം വഹിച്ചു.
ബനസങ്കരി കരയോഗത്തിന്‍റെ നേതൃത്വത്തില്‍ വിദ്യാപീഠം റോഡില്‍ ഓം ശക്തി ക്ഷേത്രത്തിനു സമീപത്തെ ശ്രീ രാമസേവാ മണ്ഡലി ട്രസ്റ്റില്‍ പൊങ്കാല അർപ്പണത്തിനായി രാവിലെ 10ന് പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നു.
ദൂരവാണി നഗർ കരയോഗത്തിന്‍റെ നേതൃത്വത്തില്‍ ടി.സി പാളയ മെയിൻ റോഡ്, കെ.വി. മുനിയപ്പ ഗാർഡൻ വിജയ ഗണപതി സന്നിധിയില്‍ സംഘടിപ്പിച്ച പൊങ്കാല മഹോത്സവം രാവിലെ 9.30ന് ഗണപതി ഹോമത്തോടെ ആരംഭിച്ചു. ചടങ്ങുകള്‍ക്ക് ബ്രഹ്മശ്രീ ജയറാം ശർമ മുഖ്യ കാർമികത്വം വഹിച്ചു. ഹോരമാവ് കരയോഗത്തിന്‍റെ നേതൃത്വത്തില്‍ ബഞ്ചാര ലേ ഔട്ടിലുള്ള ഓം ശക്തി ക്ഷേത്രത്തില്‍ പൊങ്കാല സമർപ്പണം സംഘടിപ്പിച്ചു.
രാവിലെ എട്ടിന് ബ്രഹ്മശ്രീ വാസുദേവൻ നമ്ബൂതിരിയുടെ മുഖ്യ കാർമികത്വത്തില്‍ പൂജകള്‍ക്കുശേഷം പൊങ്കാല അടുപ്പില്‍ അഗ്നിപകർന്നു. ജലഹള്ളി കരയോഗത്തിന്‍റെ നേതൃത്വത്തില്‍ ഗംഗമ്മ ദേവി ക്ഷേത്രത്തില്‍ ആറ്റുകാല്‍ പൊങ്കാല സംഘടിപ്പിച്ചു. പൂജകള്‍ക്ക് ബ്രഹ്മശ്രീ ഈശ്വരൻ നമ്ബൂതിരി മുഖ്യ കാർമികത്വം വഹിച്ചു. കൊത്തനൂർ കരയോഗത്തിന്‍റെ നേതൃത്വത്തില്‍ ബൈരതി അയ്യപ്പൻ ക്ഷേത്രത്തിന് സമീപം ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ രാവിലെ 10.30ന് പൊങ്കാല അടുപ്പിലേക്ക് അഗ്നി പകർന്നു. പൂജകള്‍ക്ക് ബ്രഹ്മശ്രീ മാങ്കുന്നം ശങ്കരൻ നമ്ബൂതിരി മുഖ്യ കാർമികത്വം വഹിച്ചു.
മഹാദേവപുര കരയോഗത്തിന്‍റെ നേതൃത്വത്തില്‍ ഗോശാല റോഡ് കരുമാരിയമ്മൻ ക്ഷേത്രത്തില്‍ രാവിലെ 9.30ന് പൂജകള്‍ ആരംഭിച്ചു. ബ്രഹ്മശ്രീ വിഷ്ണു പ്രകാശ്തി എമ്ബ്രാന്തിരിയുടെ മുഖ്യ കാർമികത്വത്തിലാണ് പൂജകള്‍ നടന്നത്. തിപ്പസാന്ദ്ര സി.വി. രാമൻ നഗർ കരയോഗത്തിന്‍റെ നേതൃത്വത്തില്‍ മല്ലേശ്പാളയ ജലകണേ്ഠശ്വര ക്ഷേത്രത്തില്‍ പൊങ്കാല സമർപ്പണം സംഘടിപ്പിക്കുന്നു. മണിയറ പെരിങ്ങോട്ട് ഇല്ലം പത്മനാഭൻ നമ്ബൂതിരിയുടെ മുഖ്യ കാർമികത്വത്തില്‍ രാവിലെ 9.30ന് ചടങ്ങുകള്‍ ആരംഭിച്ചു.
കെ.ജി.എഫ് കരയോഗം മഹിള വിഭാഗത്തിന്‍റെയും പാലാർ നഗർ അയ്യപ്പ ക്ഷേത്രത്തിന്‍റെയും നേതൃത്വത്തില്‍ പാലാർ നഗർ അയ്യപ്പൻ ക്ഷേത്രത്തില്‍വെച്ചും മൈസൂരു കരയോഗം മഹിള വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ സ്റ്റെർലിങ് തിയറ്ററിന് സമീപം ചാമുണ്ഡിവനം ക്ഷേത്രത്തില്‍വെച്ചും ആറ്റുകാല്‍ പൊങ്കാല സമർപ്പിച്ചു.
യശ്വന്തപുരം കരയോഗത്തിന്‍റെ നേതൃത്വത്തില്‍ ജാലഹള്ളി ശ്രീ മുത്യാലമ്മ ദേവി ക്ഷേത്രസന്നിധിയില്‍വെച്ച് ആറ്റുകാല്‍ പൊങ്കാല മഹോത്സവം നടന്നു. പുലർച്ച നാലു മുതല്‍ പ്രത്യേക പൂജകള്‍ക്ക് ശേഷം രാവിലെ 10.20ന് പൂലൂർ ശ്രീധരൻ നമ്ബൂതിരിയുടെ മുഖ്യ കാർമികത്വത്തില്‍ ഭണ്ഡാര അടുപ്പിലേക്ക് അഗ്നി പകർന്നതോടെ പൊങ്കാലക്ക് തുടക്കമായി. ഉച്ചക്ക് 12.15ന് തീർഥം തളിച്ചു പൊങ്കാല ദേവിക്ക് സമർപ്പിച്ചു. രാജരാജേശ്വരി നഗർ എം.എല്‍.എ മുനിരത്നം, ശ്രീ മുത്യാലമ്മ ദേവി ക്ഷേത്രം പ്രസിഡന്‍റ് വാസു, പൊതുപ്രവർത്തക സുനന്ദ, എൻ.എസ്.എസ് കർണാടക ചെയർമാൻ ആർ ഹരീഷ് കുമാർ, വൈസ് ചെയർമാൻ ബിനോയ് എസ്. നായർ, ജനറല്‍ സെക്രട്ടറി കെ. രാമകൃഷ്ണൻ, ട്രഷറർ പി.എം. ശശീന്ദ്രൻ, ജോയന്‍റ് ട്രഷറർ എൻ. വിജയകുമാർ, സെക്രട്ടറിമാരായ വിജയൻ തോണുർ, എ.വി. ഗിരീഷ് എന്നിവർ പൊങ്കാലക്ക് ആശംസകള്‍ അർപ്പിച്ചു. 900ത്തിലധികം വനിതകള്‍ പൊങ്കാലയില്‍ പങ്കെടുത്തു.
പരിപാടിക്ക് കരയോഗം പ്രസിഡന്‍റ് പി.ആർ. ഉണ്ണികൃഷ്‍ണൻ, കരയോഗം സെക്രട്ടറി സുരേഷ് ജി. നായർ, ട്രഷറർ എൻ.എസ്. വിക്രമൻ പിള്ള, കണ്‍വീനർ ബിജിപാല്‍ നമ്ബ്യാർ, ധനേഷ് കുമാർ, മുരളിമോഹൻ നമ്ബ്യാർ, ശ്രീധരൻ നായർ, പി. കെ. മുരളീധരൻ, ആർ. ആനന്ദൻ, കെ. കൃഷ്ണൻ കുട്ടി, പത്മകുമാർ, രാജീവൻ കെ.പി., സന്തോഷ് കുമാർ എന്നിവർ നേതൃത്വം നല്‍കി. നന്മ അസോസിയേഷന്‍റെ നേതൃത്വത്തില്‍ കുടിവെള്ള വിതരണവും ഉണ്ടായിരുന്നു.