ബെംഗളൂരു: കബൺപാർക്കിനുള്ളിലൂടെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും വാഹനഗതാഗതം അനുവദിക്കാൻ ഹോർട്ടികൾച്ചർ വകുപ്പ്. മൂന്നുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് സംവിധാനം നടപ്പാക്കുക.
കബൺപാർക്കിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് കുറയുന്നെന്ന് കണ്ടെത്തിയാൽ ഇതു തുടരാനാണ് തീരുമാനം. നിലവിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും അവധി ദിനങ്ങളിലും കബൺ പാർക്കിനുള്ളിലൂടെ വാഹനഗതാഗതം അനുവദിക്കുന്നില്ല.
പാർക്കിലൂടെ ഗതാഗത നിരോധനമുള്ള ദിവസങ്ങളിൽ കബൺ പാർക്കിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതായി സിറ്റി ട്രാഫിക് പോലീസ് നേരത്തേ ഹോർട്ടിക്കൾച്ചർ വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതോടെയാണ് പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗതം അനുവദിക്കാൻ തീരുമാനിച്ചത്.
ചിക്കബെല്ലാപുരയിലെ സ്‌കൂളിൽ ഷോക്കേറ്റ് ഒരു മരണം: 18 പേർക്ക് പരിക്ക്
ബെംഗളൂരു: ചിക്കബെല്ലാപുര ഗൗരിബിദനൂരിൽ സ്വകാര്യസ്കൂളിലെ സ്പോർട്‌സ് ഡേക്കിടെ പന്തൽ വൈദ്യുതലൈനിൽ തട്ടി ഒരാൾ ഷോക്കേറ്റുമരിച്ചു. നാഗനഹള്ളി സ്വദേശിയായ രാഘവേന്ദ്രയാണ് (49) മരിച്ചത്. വിദ്യാർഥികളും അധ്യാപകരുമുൾപ്പെടെ 18 പേർക്ക് പരിക്കേറ്റിറ്റുണ്ട്.
ഇവരെ ഗൗരിബിദനൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരധ്യാപികയുടെ നില ഗുരുതമാണ്. മറ്റുള്ളവർ അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
ശനിയാഴ്ച വൈകീട്ട് ശ്രീരാമകൃഷ്ണ ശാരദാദേവി വിദ്യാമന്ദിർ സ്കൂളിലാണ് അപകടമുണ്ടായത്. സ്പോർട്‌സ്‌ഡേ കാണാൻ രക്ഷിതാക്കളുൾപ്പെടെ ഒട്ടേറെപ്പേർ സ്കൂൾ ഗ്രൗണ്ടിലെത്തിയിരുന്നു.
ഇതിനിടെ വലിയ കാറ്റുണ്ടായതോടെ കാണികൾക്ക് ഇരിക്കാനൊരുക്കിയ പന്തലിന്റെ കാൽ സമീപത്തെ വൈദ്യുതലൈനിൽ തട്ടി. ഇതോടെയാണ് പന്തലിന്റെ ഇരുമ്പുകാലിൽ പിടിച്ചിരുന്നവർക്ക് ഷോക്കേറ്റത്. ഉടൻതന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ രാഘവേന്ദ്രേ മരിച്ചു. സ്‌കൂളിൽ പഠിക്കുന്ന കുട്ടിയുടെ അച്ഛനാണ് രാഘവേന്ദ്ര.
അതേസമയം, ആശുപത്രിയിലുള്ളവരുടെ മുഴുവൻ ചികിത്സാചെലവും സർക്കാർ വഹിക്കുമെന്ന് വൈദ്യുതിമന്ത്രി കെ.ജെ. ജോർജ് അറിയിച്ചു. സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.