ആലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടൻ സിദ്ദിഖ് യുഡിഎഫ് സ്ഥാനാർതിയായി മത്സരിക്കുമെന്ന് അഭ്യൂഹം. കഴിഞ്ഞ തവണ നഷ്ടമായ ആലപ്പുഴ സീറ്റ് തിരികെ പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നീക്കമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
സിനിമാ താരത്തെ അടക്കം ആലപ്പുഴയില്‍ കളത്തിലിറക്കി സീറ്റ് തിരിച്ചുപിടിക്കുക എന്നതാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യമെന്നാണ് റിപ്പോർട്ട്.
സിനിമാ നടൻ സിദ്ധിഖിന്റെ പേരാണ് ആലപ്പുഴയിലേക്ക് പാർട്ടി പരിഗണിക്കുന്നത് എന്ന അഭ്യൂഹമാണ് പരക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരിഗണനയിലുള്ള പേരുകളില്‍ നടൻ സിദ്ധിഖിന്റെ പേരിനാണ് മുൻതൂക്കം എന്നാണ് സൂചന. താരപരിവേഷം വോട്ടാക്കാനായാല് മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. മതസാമുദായിക പരിഗണനകള്‍ കൂടി പരിഗണിച്ചാണ് സിദ്ധിഖിന്റെ പേര് ഉയർന്നു വന്നിട്ടുള്ളത്.
അതേസമയം, ലോക്സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന പ്രചാരണങ്ങള്‍ സിദ്ദിഖ് പൂർണ്ണമായും തള്ളി. ഒരു അടിസ്ഥാനവുമില്ലാത്ത പ്രചാരണങ്ങളാണ് നടക്കുന്നതെന്ന് സിദ്ദിഖ് പറഞ്ഞു. മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും രാഷ്ട്രീയത്തിലേക്ക് താനൊരിക്കലും പ്രവേശിക്കില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി.