ബംഗളൂരു : ദളിത് യുവാക്കള്‍ക്ക് ഭക്ഷണം നല്കാൻ വിസമ്മതിക്കുകയും അവരെ ഹോട്ടലില്‍ നിന്ന് ഇറക്കി വിടുകയും ചെയ്ത ഹോട്ടലുടമയെയും കൂട്ടാളിയെയും പോലീസ് അറസ്റ്റ് ചെയ്തു. ബെല്ലാരി കുറുഗോഡു ഗുട്ടെഗനൂർ ഗ്രാമത്തില്‍ ഹോട്ടല്‍ ഉടമ നാഗേവാണി, ഇവരുടെ ബന്ധു വീരഭദ്ര എന്നിവരാണ് പിടിയിലായത്.
തന്റെ ഹോട്ടല്‍ അടച്ചു പൂട്ടേണ്ടി വന്നാലും താൻ ദളിതർക്ക് ഭക്ഷണം വിളമ്ബില്ലെന്നാണ് ഇവർ പറഞ്ഞത്. നാഗെവാണിയും വീരഭദ്രനും ചേർന്ന് ഒരു സംഘം യുവാക്കളെ ഹോട്ടലില്‍ നിന്ന് ഇറക്കിവിടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.
ഇവരുടെ നടപടിക്കെതിരെ ദളിത് സംഘടനകള്‍ പ്രതിഷേധിക്കുകയും ചെയ്തു. ഹോട്ടലുടമയുടെ വിവേചനത്തിന് ഇരയായ മഹേഷ് എന്നയാളാണ് പോലീസില്‍ പരാതി നല്‍കിയത്. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടർന്ന് സ്ഥലം തഹസീല്‍ദാർ രാഘവേന്ദ്രയുടെ നേതൃത്വത്തില്‍ ഗ്രാമത്തില്‍ ഒരു സമാധാന യോഗവും വിളിച്ചു ചേർത്തിരുന്നു.