മുംബൈ: നീറ്റ് -യു.ജി പുനഃപരീക്ഷക്ക് പിന്നാലെ 18കാരനായ വിദ്യാർഥി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ഹിംഗോളി സ്വദേശിയായ സൂശീല്‍ ധാഗെയാണ് ആത്മഹത്യ ചെയ്തത്.മരിക്കുന്നതിന് തൊട്ടുമുമ്പ് മൊബൈല്‍ ഫോണില്‍ റെക്കോർഡ് ചെയ്ത വീഡിയോയില്‍ മാതാപിതാക്കളോട് കൈകൂപ്പി ക്ഷമ ചോദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.മേയ് മൂന്നിന് നടന്ന നീറ്റ് യു.ജി പരീക്ഷ, ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയതിനാല്‍ ജൂണ്‍ 21ന് പുനഃപരീക്ഷ നടത്തിയിരുന്നു. സുശീല്‍ ധാഗെ പുനഃപരീക്ഷ എഴുതിയെങ്കിലും അതില്‍ പരാജയപ്പെടുമെന്ന ഭീതിയിലാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പരീക്ഷ ബുദ്ധിമുട്ടായിരുന്നതിനാല്‍ വിദ്യാർഥി മാനസിക സമ്മർദ്ദത്തിലായിരുന്നു. തുടർന്ന് അമ്മക്ക് വിഡിയോ സന്ദേശം അയച്ചതിന് പിന്നാലെ വിദ്യാർഥി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു -പൊലീസ് പറഞ്ഞു.’അമ്മേ, ഇന്ന് ഞാൻ എന്റെ ജീവനെടുക്കാൻ പോകുന്നു. അമ്മ ദയവായി വിഷമിക്കരുത്.
എന്റെ അടുത്ത ജന്മത്തില് ഞാൻ വീണ്ടും നിങ്ങളുടെ ഗർഭപാത്രത്തില്‍ ജനിക്കും. അന്ന് ഞാൻ നിങ്ങള്‍ക്ക് വേദന ഉണ്ടാക്കില്ല’ -വിദ്യാർഥി വിഡിയോയില്‍ പറയുന്നു. കൂടാതെ സഹോദരനെ നന്നായി നോക്കണമെന്നും തന്നോട് ക്ഷമിക്കണമെന്നും വിദ്യാർഥി വിഡിയോയില്‍ ആവർത്തിച്ചു. തുടർന്ന് സന്ദേശം അമ്മക്ക് അയച്ചശേഷം സുശീല്‍ ധാഗെ കിണറ്റില്‍ ചാടുകയായിരുന്നു.മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി വിദ്യാർഥികളാണ് പരീക്ഷാസമ്മർദ്ദം മൂലം ആത്മഹത്യ ചെയ്തത്. വിവിധ വിദ്യാർഥി സംഘടനകളും രാഷ്ട്രീയ പാർട്ടികളും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. പരീക്ഷാ അട്ടിമറിയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി ഉള്‍പ്പെടെയുള്ള വിവിധ സംഘടനകള്‍ ഡല്‍ഹിയില്‍ പ്രതിഷേധം തുടരുകയാണ്.അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയില്‍ സി.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണ്. മുഖ്യപ്രതികളിലൊരാളായ പുണെ ആസ്ഥാനമായ ഒരു കെമിസ്ട്രി അധ്യാപകനെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.