സൂറത്ത് : മകൻ മുങ്ങി മരിച്ചുവെന്ന ആഘാതത്തില്‍ ഇരുന്ന മാതാപിതാക്കള്‍ക്ക് മുന്നിലേയ്ക്കാണ് 14 കാരൻ ലഖൻ തിരികെ എത്തിയത് .സൂറത്തിലെ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ലഖൻ സഹോദരൻ കരൻ , സഹോദരി അഞ്ജലി, മുത്തശ്ശി എന്നിവരോടൊപ്പം 29 നാണ് അംബാജി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത് . ക്ഷേത്രദര്‍ശനം കഴിഞ്ഞപ്പോള്‍ കുട്ടികള്‍ മുത്തശ്ശിയോട് കടല്‍ത്തീരത്ത് പോകണമെന്ന് നിര്‍ബന്ധിക്കാൻ തുടങ്ങി. മുത്തശ്ശി അവരെ ഡുമാസ് ബീച്ചിലേയ്ക്ക് കൊണ്ടുപോയി.
കടലില്‍ കളിക്കുന്നതിനിടെ ലഖനും , സഹോദരനും തിരയില്‍പ്പെടുകയായിരുന്നു . കരനെ സമീപത്തുണ്ടായിരുന്നവര്‍ രക്ഷിച്ചെങ്കിലും ലഖനെ കണ്ടെത്താനായില്ല . ലഖൻ തിരമാലയില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ കടല്‍ക്ഷോഭം കാരണം അന്വേഷണം കാര്യമായി നടത്താനായില്ല. തുടര്‍ന്ന് ലഖനെ ജീവനോടെ കണ്ടെത്തുമെന്ന പ്രതീക്ഷ വീട്ടുകാര്‍ ഉപേക്ഷിച്ചു. അവര്‍ അവന്റെ മൃതദേഹമെങ്കിലും കിട്ടാനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം വൈകുന്നേരം ലഖന്റെ പിതാവ് വികാസ് ദേവിപൂജക്ക് നവസാരിയില്‍ നിന്ന് ഫോണ്‍ സന്ദേശമെത്തി . മകൻ ജീവിച്ചിരിപ്പുണ്ടെന്നും പൂര്‍ണ്ണമായും ആരോഗ്യവാനാണെന്നുമായിരുന്നു സന്ദേശം . കടലിലേക്ക് ഒഴുകിയ ലഖന്‍ പിടിവള്ളിയായി കിട്ടിയത് ഗണേശ ചതുര്‍ത്ഥിയ്ക്ക് നിമജ്ജനം ചെയ്ത ഗണേശ വിഗ്രഹമായിരുന്നു . അതില്‍ പിടിച്ച് കിടന്ന ലഖൻ ഡുമാസില്‍ നിന്ന് ഗുജറാത്തിലെ നവസാരി ജില്ലയിലേക്കാണ് ഒഴുകിയത്. നവസാരിയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ലഖനെ കണ്ടെത്തിയത് . അവശനിലയില്‍ കണ്ടെത്തിയ ലഖനെ ബോട്ടില്‍ കയറ്റി ഭക്ഷണവും വെള്ളവും നല്കി . വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു .ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന അധ്യക്ഷൻ സി ആര് പാട്ടീലും ലഖനെ കാണാൻ എത്തിയിരുന്നു.