ബെംഗളൂരു: കാവേരി നദീജലം തമിഴ്നാടിന് വിട്ടുകൊടുക്കുന്നതിൽ പ്രതിപക്ഷത്തെക്കൂടാതെ സ്വന്തംപാർട്ടിയിൽനിന്ന് വിമർശനമുയർന്നതോടെ നിലപാടുമാറ്റി ഡി.കെ. ശിവകുമാർ. വെള്ളം വിട്ടുകൊടുക്കണമെന്ന നിർദേശം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി (സി.ഡബ്ല്യു.എം.എ.) യെ സമീപിക്കുമെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. നേരത്തേ തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
തമിഴ്നാട്ടിലെ ഡി.എം.കെ. സർക്കാരിനെ പ്രീണിപ്പിച്ച് ‘ഇന്ത്യ’ സഖ്യത്തിന്റെ കെട്ടുറപ്പ് വർധിപ്പിക്കാനുള്ള ശ്രമമാണിതെന്നും സംസ്ഥാനത്തെ കർഷകരെ വഞ്ചിക്കുകയാണ് സർക്കാരെന്നും ജെ.ഡി.എസും ബി.ജെ.പി.യും ആരോപിച്ചു. മാണ്ഡ്യയിൽ കർഷകരും സർക്കാരിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടെ മാണ്ഡ്യയിലെ കോൺഗ്രസ് എം.എൽ.എ.യായ രവികുമാർ ഗൗഡയും വെള്ളം വിട്ടുകൊടുക്കുന്നതിനെതിരേ പരസ്യപ്രതികരണം നടത്തിയത് സർക്കാരിനെ പ്രതിരോധത്തിലാക്കി. കെ.ആർ.എസ്. അണക്കെട്ടിൽ മുൻവർഷത്തെക്കാൾ വെള്ളം കുറഞ്ഞതിനാൽ തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കുന്നത് പ്രായോഗികമല്ലെന്നായിരുന്നു രവികുമാർ ഗൗഡയുടെ വിമർശനം.
15 ദിവസത്തേക്ക് പ്രതിദിനം 10,000 ക്യുസെക്സ് വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കണമെന്നാണ് സി.ഡബ്ല്യു.എം.എ. കർണാടകത്തോട് നിർദേശിച്ചത്. എന്നാൽ മഴക്കുറവ് പരിഗണിക്കാതെ വെള്ളംവിട്ടുകൊടുക്കുമെന്ന് ഡി.കെ. ശിവകുമാർ പ്രഖ്യാപിച്ചതാണ് വിവാദങ്ങൾക്കിടയാക്കിയത്.