മംഗളുരു : കഞ്ചാവ് അടക്കമുള്ള ലഹരി മരുന്നുകള്‍ മിഠായികളില്‍ ചേര്‍ത്ത് കുട്ടികള്‍ക്ക് വില്പന നടത്തുന്നതായി കണ്ടെത്തി. മംഗളുരുവില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഇത്തരത്തിലുള്ള 118 കിലോ ലഹരി മിഠായികള്‍ ആണ് കണ്ടെത്തിയിട്ടുള്ളത്. ഈ മിഠായികള്‍ വില്പന നടത്തിവന്ന രണ്ട് വ്യാപാരികളെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു കടയില്‍നിന്ന് 83 കിലോഗ്രാം മിഠായിയും മറ്റൊരു കടയില്‍നിന്ന് 35 കിലോഗ്രാം മിഠായിയും ആണ് പിടിച്ചെടുത്തത്. മംഗളുരു നോര്‍ത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടു കടകളില്‍ നിന്നാണ് പോലീസ് ലഹരി മിഠായികള്‍ കണ്ടെത്തിയത്.
കഞ്ചാവ് അടക്കമുള്ളവ ചേര്‍ത്താണ് ഈ മിഠായികള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഒരു മിഠായിക്ക് 20 രൂപ നിരക്കില്‍ ആയിരുന്നു കടകളില്‍ ഇത് വിറ്റിരുന്നത്. ലഹരി മിഠായികള്‍ കഴിച്ച കുട്ടികളുടെ പെരുമാറ്റത്തില്‍ അസ്വാഭാവിക മാറ്റങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ചില രക്ഷിതാക്കള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്നാണ് പോലീസ് ഈ കടകളില്‍ റെയ്ഡ് നടത്തിയത്. ആദ്യമൊക്കെ കുട്ടികളറിയാതെ നല്‍കുകയായിരുന്നു. പിന്നീട് കുട്ടികള്‍ക്ക് ഇതില്ലാതെ പറ്റില്ലെന്നായി. ഇതാണ് അന്വേഷണത്തിന് കാരണമായത്. ആദ്യ പരിശോധനയില്‍ തന്നെ ലഹരി കണ്ടെത്തിയെങ്കിലും വിശദമായ പരിശോധനയ്ക്കായി മിഠായികളുടെ സാംപിളുകള്‍ ഫോറൻസിക് സയൻസ് ലാബിലേക്ക് അയച്ചിരിക്കുകയാണ്.