Home Featured എക്‌സ്പ്രസ് വേയില്‍ ആക്‌സിലറേറ്റര്‍ അമര്‍ത്തി ചവിട്ടിയാൽ ഇനി മുതൽ പിഴ; പുത്തന്‍ തന്ത്രവുമായി ബെംഗളൂരു പൊലീസ്

എക്‌സ്പ്രസ് വേയില്‍ ആക്‌സിലറേറ്റര്‍ അമര്‍ത്തി ചവിട്ടിയാൽ ഇനി മുതൽ പിഴ; പുത്തന്‍ തന്ത്രവുമായി ബെംഗളൂരു പൊലീസ്

ആറ്‌വരി ദേശീയ പാത പരന്ന് കിടക്കുമ്ബോള്‍ ആക്‌സിലറേറ്റര്‍ അമര്‍ത്തി ചവിട്ടാനുള്ള പ്രവണത കാര്‍ പ്രേമികള്‍ക്കുണ്ടാകും.എക്‌സ്പ്രസ് വേയില്‍ വാഹനങ്ങള്‍ അമിത വേഗതയില്‍ പായുമ്ബോള്‍ അപകടങ്ങളുടെ എണ്ണവും റോക്കറ്റ് പോലെ കുതിക്കുന്നു. ബെംഗളൂരു-മൈസൂര്‍ എക്‌സ്പ്രസ് വേ തന്നെ ഉദാഹരണം. എന്നാല്‍ ഇത്തരം പ്രവണതകള്‍ക്ക് മൂക്കുകയറിടാന്‍ പുതിയൊരു മാര്‍ഗം സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ബെംഗളൂരു പൊലീസ്.നമ്മള്‍ മലയാളികള്‍ക്കടക്കം വളരെ ഉപകാരപ്രദമായ പാതയാണ് ബെംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേ. ഉത്തര മലബാറിലുള്ള ഒരുപാട് ആളുകള്‍ ആശ്രയിക്കുന്ന ഒരു പാതയാണിത്.

എന്നാല്‍ തിരക്കേറിയ ഈ പാതയില്‍ സമീപകാലത്തായി അപകടങ്ങളും കൂടിയിരുന്നു. എക്‌സ്പ്രസ്‌വേയിലെ അപകടം കുറക്കാന്‍ അധികാരികള്‍ വിവിധ മാര്‍ഗങ്ങള്‍ സ്വീകരിച്ച്‌ വരികയാണ്. അമിതവേഗത തടയാനാണ് ബെംഗളൂരു പൊലീസ് പുതിയ മാര്‍ഗം പരിഗണിക്കുന്നത്.ആറുവരി പാതയില്‍ 100 കി.മീ വേഗത പരിധി ലംഘിക്കുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായി വാഹന ഉടമകളുടെ ഫാസ്ടാഗ് അക്കൗണ്ടുകളില്‍ നിന്ന് നേരിട്ട് പിഴ ഈടാക്കുന്ന കാര്യമാണ് പൊലീസ് ആലോചിക്കുന്നത്.

നിയമലംഘനത്തിനെതിരെ നടപടികള്‍ ശക്തമാക്കാനും പിഴ ശേഖരണം കാര്യക്ഷമമാക്കാനുമാണ് ലക്ഷ്യമിടുന്നത്. ഇതിനൊപ്പം ഉത്തരവാദിത്തമുള്ള ഡ്രൈവിംഗ് രീതി പ്രോത്സാഹിപ്പിക്കാനും സാധിക്കും.എക്സ്പ്രസ് വേയില്‍ വര്‍ധിച്ചുവരുന്ന അപകടങ്ങള്‍ കുറക്കാന്‍ അമിതവേഗതയില്‍ വാഹനമോടിക്കുന്നവരുടെ ഫാസ്ടാഗ് അക്കൗണ്ടില്‍ നിന്ന് പിഴ ഈടാക്കാനുള്ള പദ്ധതി ബെംഗളൂരു പൊലീസാണ് മുന്നോട്ട് വെച്ചത്. നിലവില്‍ ഫാസ്ടാഗ് വഴി അടയ്ക്കുന്ന തുക നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിലേക്ക് (NHAI) പോകുന്നു. എന്നാല്‍ പിഴകള്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് മാറ്റാനാണ് പൊലീസിന്റെ നീക്കം. ഈ ക്രമീകരണത്തിന്റെ സാധ്യത വിലയിരുത്താനായി NHAI ചുമതലപ്പെടുത്തിയിരിക്കുന്നു.

പദ്ധതി പ്രായോഗികമെന്ന് കണ്ടെത്തിയാല്‍ ഇത് അധികം വൈകാതെ നടപ്പാക്കിയേക്കും. മാണ്ഡ്യയിലെ അമരാവതിക്ക് സമീപം ഇപ്പോള്‍ സിസി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ വേഗപരിധി ലംഘിക്കുന്നവര്‍ക്ക് പിഴ ലഭിക്കും. ആദ്യഘട്ടത്തില്‍ മാണ്ഡ്യ പൊലീസ് പിഴ ഈടാക്കും. ബെംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേയില്‍ ദിനംപ്രതി അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉന്നതാധികാരികളുടെ തലത്തില്‍ ഇതു സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടന്നിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ആഗസ്റ്റ് 1 മുതല്‍ ഹൈവേയില്‍ ഇരുചക്രവാഹനങ്ങള്‍ നിരോധിക്കാന്‍ തീരുമാനിച്ചത്.

നേരത്തെ തന്നെ ബൈക്കുകളും ഓട്ടോയും പാതയില്‍ നിരോധിക്കുന്നത് സംബന്ധിച്ച്‌ നിര്‍ദേശങ്ങള്‍ വന്നപ്പോള്‍ പൊതുജനങ്ങളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പാതയില്‍ വിവിധ അപകടങ്ങളിലായി നൂറിലേറെ ജീവനാണ് പൊലിഞ്ഞത്. ബാംഗ്ലൂരിനടുത്തുള്ള പഞ്ച്മുഖി ക്ഷേത്രം മുതല്‍ മൈസൂരിലെ മണിപ്പാല്‍ ഹോസ്പിറ്റല്‍ ജംഗ്ഷന്‍ വരെയുള്ള 118 കിലോമീറ്റര്‍ അതിവേഗ പാത നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) അതിവേഗ ഇടനാഴിയായി വികസിപ്പിച്ചെടുത്തിട്ടുണ്ട്.

വാഹനം ഓടിക്കുന്നവരുടെ താല്‍പര്യം കണക്കിലെടുത്ത് പരമാവധി വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററില്‍ നിന്ന് 100 കിലോമീറ്ററാക്കി മാറ്റിയിരുന്നു. എക്സ്പ്രസ് വേ കടന്ന് പോകുന്ന വിവിധ ജില്ലകളില്‍ അപകടങ്ങള്‍ തടയാന്‍ പൊലീസ് പരമാവധി ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ജൂലൈ 4 മുതല്‍ സ്പീഡ് റഡാറുകള്‍ വിന്യസിക്കുകയും ഗതാഗത നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കേസെടുത്ത് പിഴ ഈടാക്കുകയും ചെയ്തു.അതിന്റെ ഭാഗമായി 15 ദിവസത്തിനുള്ളില്‍ 2340 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 16 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു. ബെംഗളൂരു-മൈസൂര്‍ എക്സ്പ്രസ്വേ വിനോദസഞ്ചാര മേഖലക്കടക്കം ഊര്‍ജ്ജം പകരാന്‍ ലക്ഷ്യമിട്ടാണ് പണിപൂര്‍ത്തിയാക്കിയത്. അതിവേഗ പാതയുടെ ഏറ്റവും വലിയ നേട്ടം ബാംഗ്ലൂരിനും മൈസൂരിനും ഇടയിലുള്ള യാത്രാ സമയം ഗണ്യമായി കുറക്കാനാവുന്നുവെന്നതാണ്.

എന്നാല്‍ വാഹനങ്ങളുടെ അമിതവേഗം മൂലം ഒട്ടേറെ അപകടങ്ങളാണ് സംഭവിക്കുന്നത്. ഇത് തടയാനുള്ള സുപ്രധാന നടപടികളാണ് നിലവില്‍ ഹൈവേ അതോറിറ്റി സ്വീകരിച്ചിരിക്കുന്നത്. അമിത വേഗത്തിന് പിഴയും ചുമത്തും. ഏതായാലും ബെംഗളൂരു പൊലീസ് ആവിഷ്‌കരിക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ പദ്ധതി ഏതായാലും മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം.നമ്മുടെ സ്വന്തം കേരളത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ മിഴിതുറന്നതോടെ അപകടങ്ങള്‍ കുറഞ്ഞതായി കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു. അമിതവേഗത, ഹെല്‍മെറ്റില്ലാതെ വാഹനമോടിക്കല്‍, വാഹനമോടിക്കുമ്ബോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങി നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനാണ് ഈ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. എഐ ക്യാമറകള്‍ സ്ഥാപിച്ച ശേഷം ട്രാഫിക് ലംഘനങ്ങളില്‍ ഗണ്യമായ കുറവുണ്ടായി.

You may also like

error: Content is protected !!
Join Our WhatsApp Group