ബംഗളൂരു: ഇന്നും നാളെയുമായി പ്രതിപക്ഷപാര്‍ട്ടികളുടെ യോഗം ബംഗളൂരുവില്‍ നടത്തുന്നു. യോഗത്തില്‍ കോണ്‍ഗ്രസ് ആദ്യമായിട്ടാണ് ആതിഥ്യം വഹിക്കുന്നത്.
24 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ക്കും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് വിരുന്ന് നല്‍കും. മുസ്ലിം ലീഗ്, കേരളാ കോണ്‍ഗ്രസ് (എം), കേരളാ കോണ്‍ഗ്രസ് (ജെ), ആര്.എസ്.പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളെയും ഇത്തവണ യോഗത്തിനു വിളിച്ചു. ഡല്‍ഹി സര്‍ക്കാരിനെതിരായ കേന്ദ്ര ഓര്‍ഡിനൻസിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ ആം ആദ്മി പാര്‍ട്ടിയും യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു.
പ്രതിപക്ഷ സഖ്യത്തെ നേരിടാൻ എൻ.ഡി.എയും വിശാല മുന്നണി യോഗം ഡല്‍ഹിയില്‍ വിളിച്ചിരുന്നു. ചൊവ്വാഴ്ചയാണ് മെഗാ എൻ.ഡി.എ യോഗം നടക്കുന്നത്. ജൂലൈ 20ന് തുടങ്ങുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഒറ്റക്കെട്ടായി നില്ക്കുക എന്നത് കൂടിയാണ് പ്രതിപക്ഷ യോഗത്തിന്റെ ലക്ഷ്യം.
മുന്നണിയില്‍ ഇല്ലാത്ത നാല് പാര്‍ട്ടികളെ കൂടി എൻ.ഡി.എ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം വിട്ട ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, ഉപേന്ദ്ര കുശ് വാഹയുടെ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി, മുകേഷ് സാഹ്നിയുടെ വികാസ് ശീല് ഇൻസാൻ പാര്‍ട്ടി എന്നിവര്‍ക്കാണ് ക്ഷണം. ഇവരെക്കൂടി എൻ.ഡി.എയില്‍ ഉള്‍പ്പെടുത്തും.