ബെംഗളൂരു: ഓട്ടോഡ്രൈവർമാർ അമിതനിരക്ക് ഈടാക്കുന്നെന്നും യാത്രക്കാരോട് മോശമായി പെരുമാറുന്നെന്നുമുള്ള പരാതികൾ വ്യാപകമായ സാഹചര്യത്തിൽ ഓട്ടോറിക്ഷാ സ്റ്റാൻഡുകളിൽ ട്രാഫിക് പോലീസിന്റെ പ്രത്യേക പരിശോധന.നഗരത്തിലെ പ്രധാന ബസ് സ്റ്റാൻഡുകളിലെയും റെയിൽവേ സ്റ്റേഷനുകളിലെയും സ്റ്റാൻഡുകളിൽ കഴിഞ്ഞ രണ്ടുദിവസമായി ട്രാഫിക് പോലീസ് നടത്തിയ പരിശോധനയിൽ 151 പേർക്കെതിരേ കേസെടുത്തു.വരുംദിവസങ്ങളിലും പരിശോധനകൾ തുടരാൻ ട്രാഫിക് പോലീസ് ജോയന്റ് കമ്മിഷണർ എം.എൽ. അനുചേത് നിർദേശം നൽകി.
യൂണിഫോമില്ലാതെ ഓട്ടോയോടിക്കൽ, യാത്രക്കാർ ആവശ്യപ്പെട്ടിട്ടും ഓട്ടംപോകാതിരിക്കൽ, മീറ്ററുകൾ പ്രവർത്തിപ്പിക്കാതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് കഴിഞ്ഞദിവസം കേസുകൾ രജിസ്റ്റർ ചെയ്തത്.മജെസ്റ്റിക് ബസ് സ്റ്റാൻഡ്, സാറ്റലൈറ്റ് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ ഓട്ടോ സ്റ്റാൻഡുകളിലായിരുന്നു ആദ്യഘട്ട പരിശോധന. മറ്റ് വാഹനങ്ങൾ കടന്നുപോകാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ ഓട്ടോനിർത്തിയ ഡ്രൈവർമാർക്കെതിരേയും കേസെടുത്തിട്ടുണ്ട്.
അമിതിനിരക്ക് ഈടാക്കുന്ന ഓട്ടോഡ്രൈവർമാരുടെ വിവരങ്ങൾ കൈമാറാൻ യാത്രക്കാരോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.ഉബർ, ഒല തുടങ്ങിയ ആപ്പുകളുമായി ബന്ധിപ്പിച്ച് സർവീസ് നടത്തുന്ന ഓട്ടോകളുടെ എണ്ണം കുറഞ്ഞതോടെ സാധാരണ ഓട്ടോഡ്രൈവർമാർ യാത്രക്കാരെ വലിയതോതിൽ പിഴിയുകയാണെന്ന ആരോപണം ശക്തമാണ്. രാത്രിയിൽ ബസ് സ്റ്റാൻഡുകളിലിറങ്ങുന്നവരിൽനിന്ന് പതിവ് നിരക്കിനേക്കാൾ അഞ്ചും ആറും ഇരട്ടിയാണ് ഈടാക്കുന്നത്.ചിലയിടങ്ങളിൽ പകലും ഇതേ സാഹചര്യമാണുള്ളത്. മീറ്ററിട്ട് ഓടാൻ ഡ്രൈവർമാർ തയ്യാറാകുന്നില്ലെന്നും പരാതികളുയരുന്നുണ്ട്. ഹ്രസ്വദൂര ഓട്ടങ്ങൾ പോകാൻ ഡ്രൈവർമാർ തയ്യാറാകാത്തതും യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ലക്ഷ്യം കാണാത്ത ‘നമ്മ യാത്രി’:ഓട്ടോഡ്രൈവർമാരുമായി ബന്ധപ്പെട്ട് വ്യാപകപരാതികളുയരുകയും ഉബർ, ഒല തുടങ്ങിയ ആപ്പുകൾ കൂടുതൽ കമ്മിഷൻ വാങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ ഒട്ടോഡ്രൈവർമാരുടെ സംഘടനകൾ ചേർന്ന് ‘നമ്മ യാത്രി’ ആപ്പ് പുറത്തിയിരുന്നു.ആദ്യഘട്ടത്തിൽ മികച്ച പ്രതികരണം നേടിയ ആപ്പിൽ പിന്നീട് സാങ്കേതിക പ്രശ്നങ്ങൾ പതിവായി. ഇതോടെ യാത്രക്കാർ ആപ്പിനോട് വിമുഖത കാട്ടിത്തുടങ്ങുകയായിരുന്നു. വീണ്ടും ഓട്ടോഡ്രൈവർമാരുമായി ബന്ധപ്പെട്ട് പരാതികൾ കൂടുന്നതിനാൽ ആപ്പിന്റെ പ്രശ്നങ്ങൾ പരിഹരിച്ച് ജനകീയമാക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.വരും ദിവസങ്ങളിൽ കൂടുതൽ പേരിലേക്ക് ആപ്പ് എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഓട്ടോഡ്രൈവർമാരുടെ സംഘടനയായ എ.ആർ.ഡി.യു. ജനറൽ സെക്രട്ടറി രുദ്രമൂർത്തി പറഞ്ഞു.