Home Featured ബെംഗളൂരു മലയാളികളുടെ ഹ്രസ്വചിത്രം ഒരുങ്ങുന്നു.

ബെംഗളൂരു മലയാളികളുടെ ഹ്രസ്വചിത്രം ഒരുങ്ങുന്നു.

ബെംഗളൂരു: കലയ്ക്കുവേണ്ടി ഉഴിഞ്ഞുവെച്ച നാടകനടിമാരുടെ ജീവിതം പ്രമേയമാക്കി ബെംഗളൂരു മലയാളികൾ അഭിനയിക്കുന്ന ഹ്രസ്വചിത്രം ഒരുങ്ങുന്നു. നാടകമേഖലയിൽ സജീവമായ അനൂപ് വാമനപുരം കഥയും സംവിധാനവും നിർവഹിക്കുന്ന ‘നായിക’ എന്ന ഹ്രസ്വചിത്രമാണ് ബെംഗളൂരു മലയാളികൾക്ക് അഭിമാനംപകർന്ന് അണിയറയിൽ ഒരുങ്ങുന്നത്. നിഷ സാരംഗും സുരാജ് വെഞ്ഞാറമ്മൂടിന്റെ സഹോദരൻ സജി വെഞ്ഞാറമ്മൂടുമാണ് പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നത്.

ബെംഗളൂരു മലയാളികളായ ഏഴ് അഭിനേതാക്കൾക്കൊപ്പം സേതുലക്ഷ്മി, വൈക്കം ബിനു, കണ്ണൂർ വാസൂട്ടി എന്നിവരും ചിത്രത്തിലുണ്ടാകും. അനൂപ് വാമനപുരത്തിന്റെ രണ്ടാമത്തെ ഹ്രസ്വചിത്രമാണിത്. നേരത്തേ പുറത്തിറങ്ങിയ ‘ഇനിയെത്ര ദൂരം’ എന്ന ഹ്രസ്വചിത്രം ഏറെ ശ്രദ്ധേയമായിരുന്നു.‘നായിക’യിലെ പാട്ടിന്റെ റിലീസ് കഴിഞ്ഞദിവസം ബെംഗളൂരുവിൽ നടന്നു. ബെംഗളൂരു കേരളസമാജം ജനറൽ സെക്രട്ടറി റെജികുമാർ, കൈരളി കലാസമിതി പ്രസിഡന്റ് സുധാകരൻ രാമന്തളി, കേരള സാഹിത്യ അക്കാദമി കലാശ്രീ പുരസ്കാരജേതാവ് പി. ദിവാകരൻ, കാരുണ്യാ ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു.

ലജീഷും വി.എസ്. ലതാറാണിയും ചേർന്നാണ് നായികയിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.കഴിവുണ്ടായിട്ടും അവസരങ്ങൾ ലഭിക്കാത്ത പ്രതിഭകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയാണ് ഹ്രസ്വചിത്രങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് അനൂപ് വാമനപുരം പറയുന്നു. മികച്ച അഭിനേതാക്കൾ ബെംഗളൂരു മലയാളികൾക്കിടയിലുണ്ട്. എന്നാൽ, തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദികൾ ഇവർക്കില്ല. ഒട്ടുമിക്ക പ്രവാസികളും അനുഭവിക്കുന്ന പ്രതിസന്ധികളിലൊന്നാണിത്.

ഇത്തരം അനുഭവങ്ങളിലൂടെ മുമ്പ് കടന്നുപോയതുകൊണ്ടാണ് കലാരംഗത്ത് പ്രവർത്തിക്കുന്നവരെ ഒപ്പംചേർത്ത് ഇത്തരമൊരു സംരംഭത്തിന് തുടക്കമിട്ടതെന്നും അനൂപ് വാമനപുരം പറഞ്ഞു.അടുത്തവർഷത്തോടെ മുഴുനീള ചിത്രമൊരുക്കാനുള്ള പ്രാരംഭപ്രവർത്തനങ്ങളും ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. മലയാളത്തിലെ മുൻനിര നടന്മാരും നടിമാരുമാണ് ചിത്രത്തിൽ അണിനിരക്കുക.ബെംഗളൂരുവിൽനിന്നുള്ള ഒട്ടേറെപ്പേരും ചിത്രത്തിലുണ്ടാകും. കലാരംഗത്തെ പ്രവർത്തനത്തിനുപുറമേ ബെംഗളൂരു കേരളസമാജം, കർണാടക നായർ സർവീസ് സൊസൈറ്റി തുടങ്ങിയ സംഘടനകളിലും സജീവമാണ് അനൂപ് വാമനപുരം.

You may also like

error: Content is protected !!
Join Our WhatsApp Group