ബെംഗളൂരു: ബെംഗളൂരു-മൈസൂരു അതിവേഗപാതയിൽ കാർ യാത്രക്കാരായ രണ്ടുദമ്പതികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി കൊള്ളയടിച്ചു. മൈസൂരു സ്വദേശികളായ മെഡിക്കൽ റെപ്രസന്റേറ്റീവ് ലോഹിത് റാവുവും ഭാര്യയും ടെക്നീഷ്യനായ നവീനും ഭാര്യയുമാണ് കവർച്ചയ്ക്കിരയായത്.
സ്വർണാഭരണങ്ങളുൾപ്പെടെ രണ്ടരലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കൾ നഷ്ടപ്പെട്ടതായി പോലീസിൽ പരാതി നൽകി. തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെ ചന്നപട്ടണയ്ക്ക് സമീപം ദേവരഹൊസഹള്ളിയിലാണ് സംഭവം.
ബെംഗളൂരുവിൽനിന്ന് മൈസൂരുവിലേക്ക് മടങ്ങുകയായിരുന്നു ദമ്പതിമാർ. ചന്നപട്ടണയ്ക്ക് സമീപമെത്തിയപ്പോൾ കാറിന്റെ ബ്രേക്ക് തകരാറിലായതിനെത്തുടർന്ന് റോഡരികിൽ നിർത്തി. സഹായത്തിനായി ദേശീയപാതാ അതോറിറ്റി ഹെൽപ്പ്ലൈനിൽ വിളിച്ചെങ്കിലും കാർ കൊണ്ടുപോകാനുള്ള സൗകര്യം ലഭിച്ചില്ല. ഈ സമയം സർവീസ് റോഡിൽനിന്ന് സ്കൂട്ടറിലെത്തിയ രണ്ടുപേർ കാറിന്റെ ചില്ലിൽ തട്ടി. ഒരാൾ കാക്കി നിറത്തിലുള്ള പാന്റ്സ് ധരിച്ചതിനാൽ പോലീസായിരിക്കുമെന്നാണ് കരുതിയത്. ഇതിനിടെ ഒരാൾ കാറിനകത്തുപ്രവേശിച്ച് പിൻസീറ്റിലിരുന്ന സ്ത്രീകളെ കത്തിമുനയിൽ നിർത്തി പണവും ആഭരണങ്ങളും കൊള്ളയടിക്കുകയായിരുന്നുവെന്ന്
ലോഹിത് പറഞ്ഞു. തുടർന്ന്, പോലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിക്കുകയായിരുന്നു.
ഈമാസം അഞ്ചിന് മലയാളിയുവാവിനെ അതിവേഗപാതയിൽ കവർച്ചസംഘം ആക്രമിച്ചിരുന്നു. ബെംഗളൂരുവിൽ ചരക്കെടുക്കാൻ വരികയായിരുന്ന പനമരം സ്വദേശി പൂവത്താൻകണ്ടി അഷ്റഫിനെയാണ് ആക്രമിച്ചത്.