ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമന്‍സ് അയച്ചു.ഫെബ്രുവരി 22ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാവാനാണ് നിര്‍ദേശമെന്ന് ഡി.കെ. ശിവകുമാര്‍ പറഞ്ഞു.തന്റെ മകള്‍ക്ക് സി.ബി.ഐയുടെ നോട്ടീസ് ലഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രജാധ്വനി യാത്ര നയിക്കുകയാണ് ശിവകുമാര്‍. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ മാത്രമാണ് ഇ.ഡിയും സി.ബി.ഐയും ലക്ഷ്യംവെക്കുന്നതെന്നും ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ക്കുനേരെ അന്വേഷണം നടക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രജാധ്വനി യാത്രക്കിടെ ബുധനാഴ്ച ശിവമൊഗ്ഗയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാ ദിവസവും നോട്ടീസ് ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം എന്റെ മകള്‍ക്കാണ് ലഭിച്ചത്. പരീക്ഷാ ഫീസുമായി ബന്ധപ്പെട്ട് ഞങ്ങളുടെ കോളജിലേക്ക് സി.ബി.ഐ നോട്ടീസ് അയക്കുന്നു. കോളജ് ഫീസിന്റെ പേരില്‍ പോലും അവരെന്നെ ചോദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പിന്നെ ഞാനെന്ത് പറയാനാണ്? എല്ലാം ദൈവത്തിന്റെ കൈകളിലാണ്- ശിവകുമാര്‍ പറഞ്ഞു.നാഷനല്‍ എജുക്കേഷന്‍ ഫൗണ്ടേഷന്‍ എന്ന ട്രസ്റ്റിന്റെ ചെയര്‍മാന്‍ കൂടിയാണ് ഡി.കെ. ശിവകുമാര്‍.
മകളായ ഡി.കെ.എസ്. ഐശ്വര്യ ട്രസ്റ്റ് സെക്രട്ടറിയും കുടുംബാംഗങ്ങള്‍ ട്രസ്റ്റ് അംഗങ്ങളുമാണ്.’നാഷനല്‍ ഹെറാള്‍ഡി’ന് ഫണ്ട് നല്‍കിയതുമായി ബന്ധപ്പെട്ട് ഇ.ഡി മുമ്ബ് ചോദ്യം ചെയ്യുകയും മറുപടി നല്‍കുകയും ചെയ്തതാണ്. ഇപ്പോള്‍ ഫെബ്രുവരി 22ന് വീണ്ടും ഇ.ഡിക്ക് മുന്നില്‍ ഹാജരാവാന്‍ അവര്‍ ആവശ്യപ്പെടുന്നു.ഞാന്‍ പ്രജാധ്വനി യാത്രയുമായി മുന്നോട്ടുപോകണോ അതോ ഇ.ഡിക്ക് മുന്നില്‍ ഹാജരാകണോ? എന്തു ചെയ്യാനാകുമെന്ന് ഞാന്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ഇ.ഡിയും സി.ബി.ഐയും പ്രതിപക്ഷ നേതാക്കളെ മാത്രമാണ് ലക്ഷ്യമിടുന്നത്.
ഭരിക്കുന്ന പാര്‍ട്ടിയിലെ ആരെയും ചോദ്യംചെയ്യുന്നില്ല. ആയിരക്കണക്കിന് കോടി അവര്‍ വെട്ടിച്ചിട്ടുണ്ടാവും. എന്നാല്‍, ഇ.ഡി ഒന്നു ചോദ്യംചെയ്യുക പോലുമില്ല – അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസിന് കീഴിലെ പത്രമായ നാഷനല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിവകുമാര്‍ മുമ്ബ് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.
ആദായ നികുതി വകുപ്പിന്റെ നടപടിയെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കലിനെതിരായ കേസില്‍ 2019 സെപ്റ്റംബര്‍ മൂന്നിന് ഡി.കെ. ശിവകുമാറിനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.ബംഗളൂരുവിലെയും ഡല്‍ഹിയിലെയും വസതികളിലും സ്ഥാപനങ്ങളിലും ശിവകുമാറിന്റെ സഹായികളുടെ വീടുകളിലും സ്ഥാപനങ്ങളിലുമായി വ്യാപക റെയ്ഡ് നടത്തിയ ശേഷമായിരുന്നു ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്.
കര്‍ണാടകയിലെ ബി.ജെ.പിയുടെ ഓപറേഷന്‍ താമരയെ തടയിടുന്നതില്‍ കോണ്‍ഗ്രസില്‍ ചുക്കാന്‍ പിടിച്ചയാളാണ് ശിവകുമാര്‍.ഇതാണ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ശിവകുമാറിനെ ബി.ജെ.പി സര്‍ക്കാര്‍ വേട്ടയാടുന്നതിന് പിന്നിലെന്ന് ആരോപണമുയര്‍ന്നിരുന്നു. അറസ്റ്റിനുശേഷം തിഹാര്‍ ജയിലില്‍ കഴിഞ്ഞ ശിവകുമാറിന് പിന്നീട് ഡല്‍ഹി ഹൈകോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
പഞ്ഞി മിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍; സംസ്ഥാനത്ത് വ്യാപക പരിശോധന തുടങ്ങിയെന്ന് മന്ത്രി
പഞ്ഞി മിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍ കണ്ടെത്തിയതിനാല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അടുത്തിടെ രൂപം നല്‍കിയ സ്റ്റേറ്റ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിലാണ് പരിശോധന. നിരോധിത നിറങ്ങള്‍ ചേര്‍ത്ത് പഞ്ഞി മിഠായി ഉണ്ടാക്കുന്ന കൊല്ലത്തെ കേന്ദ്രം ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു. വില്‍പ്പനയ്ക്കായി തയ്യാറാക്കിയിരുന്ന കവര്‍ മിഠായികള്‍ പിടിച്ചെടുത്തു. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പരിശോധന ശക്തമായി തുടരുമെന്നും മന്ത്രി അറിയിച്ചു.