ബെംഗളൂരു: കര്‍ണാടകയില്‍ തിരക്കേറിയ വ്യാപാരകേന്ദ്രത്തില്‍ കത്തിയുമായി ഭീഷണിമുഴക്കി ആശങ്ക സൃഷ്ടിച്ച യുവാവിന് നേര്‍ക്ക് വെടിയുതിര്‍ത്ത് പോലീസ്.കല്‍ബുറഗിയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. കാലില്‍ വെടിയേറ്റതിനെത്തുടര്‍ന്ന് നിലത്തുവീണ അക്രമിയെ പോലീസുകാര്‍ ലാത്തിയുപയോഗിച്ച് തല്ലുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.കല്‍ബുറഗി സൂപ്പര്‍മാര്‍ക്കറ്റിന്റെ മധ്യത്തില്‍ കത്തിയുമായി നില്ക്കുന്ന ആളെ പോലീസുകാര്‍ വളഞ്ഞിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
മാര്‍ക്കറ്റിലുണ്ടായിരുന്ന ജനക്കൂട്ടത്തെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയിരുന്ന യുവാവിനോട് കീഴടങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും പോലീസിനുനേരെ ഇയാള്‍ കത്തിവീശി. തുടര്‍ന്നാണ് പോലീസുദ്യോഗസ്ഥന് ഇയാളുടെ കാലിലേക്ക് വെടിവെച്ചത്.വെടിയേറ്റ് ഇയാള്‍ താഴെ വീഴുന്നതും പോലീസുകാര്‍ ഇയാള്‍ക്ക് ചുറ്റും ഓടിക്കൂടുന്നതും മര്‍ദിക്കുന്നതും ചവിട്ടുന്നതും വീഡിയോയിലുണ്ട്. ഉന്നത ഉദ്യോഗസ്ഥന് പോലീസുകാരോട് നീങ്ങിനില്ക്കാന് നിര്‍ദേശിക്കുന്നതും കാണാം.
സ്വയരക്ഷ മുന്‍നിര്‍ത്തിയും പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തുമാണ് വെടിവെച്ചതെന്ന് കല്‍ബുറഗി സിറ്റി പോലീസ് കമ്മിഷണര്‍ ചേതന്‍ ആര്. പ്രതികരിച്ചു. ജാഫര്‍ എന്ന പ്രതിയെ ചികിത്സാര്‍ഥം ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
65കാരന് വധു 23 കാരി; ക്ഷേത്രത്തില്‍ വച്ച് താലികെട്ട്
ലക്നൗ: 23കാരിയുടെ കഴുത്തില്‍ മിന്നുകെട്ടി 65 കാരന്. അയോധ്യയിലെ മാവായ് ബ്ലോക്കിലെ മാം കാമ്യാഖ്യ ധാം ക്ഷേത്രത്തില്‍ വച്ചാണ് തന്നെക്കാള്‍ 42 വയസ് പ്രായം കുറവുളള 23കാരിയെ ഇയാള്‍ വിവാഹം കഴിച്ചത്.ഞായറാഴ്ചയായിരുന്നു വിവാഹം.വരന് നഖാദ് യാദവ് ആറ് യുവതികളുടെ പിതാവാണ്. ഇവരെല്ലാവരും വിവാഹിതരാണ്. ഭാര്യയുടെ മരണശേഷം താന്‍ ഏകാകിയായ സാഹചര്യത്തിലാണ് വീണ്ടും വിവാഹിതനായതെന്നാണ് നഖാദ് പറയുന്നത്.
തന്റെ എല്ലാ പെണ്മക്കളും അവരുടെ ഭര്ത്താക്കന്മാര്ക്കൊപ്പം കുട്ടികളുമായി അവരുടെ വീട്ടില്‍ സന്തോഷകരമായി ജീവിക്കുന്നു, എല്ലാവരുടെയും അനുമതിയോടെയായിരുന്നു വിവാഹമെന്നും നഖാദ് പറഞ്ഞു. വരനുമായി ഏറെ പ്രായവ്യത്യാസം ഉണ്ടെങ്കിലും താന്‍ ഏറെ സന്തുഷ്ടയാണെന്ന് വധു നന്ദിനി പറഞ്ഞു