ന്യൂഡല്‍ഹി: കാല്‍നടയായി ഹജ്ജിന് പോകുന്ന മലയാളി തീര്ഥാടകന് ശിഹാബ് ചോറ്റൂര്‍ നാളെ യാത്ര പുനരാരംഭിക്കും. പാകിസ്താന് വിസ നല്കാന് വൈകിയതിനാല്‍ ഏകദേശം നാല് മാസത്തോളമായി ശിഹാബ് അമൃത്സറിലെ ആഫിയ കിഡ്സ് സ്കൂളിലാണ് താമസിച്ചത്. ഇന്നാണ് പാകിസ്താന് വിസ നല്‍കിയത്. ഏതാനും മണിക്കൂറുകള്‍ക്കകം യാത്ര പുനരാരംഭിക്കുമെന്ന് ശിഹാബ് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
ജൂണ്‍ രണ്ടിനാണ് ശിഹാബ് വിശുദ്ധ ഹജ്ജ് കര്‍മത്തിനായി കാല്‍നടയായി മക്കയിലേക്ക് യാത്ര തിരിച്ചത്. തന്നെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്ന ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ലെന്ന് ശിഹാബ് പറഞ്ഞു. ഇത് ആരെങ്കിലും അനുകരിക്കേണ്ട മാതൃകയാണെന്ന അഭിപ്രായമില്ല. കാല്‍നടയായി ഹജ്ജ് ചെയ്യുക എന്നത് തന്റെ ഒരു സ്വപ്നമാണ്. അതിന് എല്ലാവരുടെയും പ്രാര്‍ഥന വേണം. ഇന്ത്യയിലും പാകിസ്താനിലും തന്റെ കൂടെ വരാന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും ശിഹാബ് വ്യക്തമാക്കി.
പാകിസ്താന് തനിക്ക് വിസ നിഷേധിച്ചിട്ടില്ലെന്നും കാറ്റഗറിയില്‍ വന്ന പ്രശ്നം മൂലമാണ് തടസ്സം നേരിട്ടതെന്നും നേരത്തെ ശിഹാബ് വ്യക്തമാക്കിയിരുന്നു. ട്രാന്‍സിറ്റ് വിസയാണ് തനിക്ക് ആവശ്യമുള്ളത്. പാകിസ്താന് സന്ദര്‍ശിക്കാനാണെങ്കില്‍ ടൂറിസ്റ്റ് വിസ മതിയാകുമായിരുന്നു. ഇത് മണിക്കൂറുകള്‍ക്കുള്ളില്‍ ലഭിക്കും. എന്നാല്‍ പാകിസ്താനിലൂടെ ഇറാനിലേക്ക് പോകാന്‍ ട്രാന്‍സിറ്റ് വിസയാണ് വേണ്ടത്. അതുകൊണ്ടാണ് വിസ ലഭിക്കാന്‍ വൈകുന്നതെന്ന് ശിഹാബ് നേരത്തെ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു.