ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ യാർഡ് നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നിരവധി ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി.58 ട്രെയിനുകള്‍ പൂർണമായും റദ്ദാക്കുമെന്നും 116 ട്രെയിനുകളുടെ സർവീസ് ഭാഗികമായി നിയന്ത്രിക്കുമെന്നും ദക്ഷിണ പടിഞ്ഞാറൻ റെയില്‍വേ അറിയിച്ചു.26 ട്രെയിനുകള്‍ വഴിതിരിച്ചുവിടും. രണ്ട് ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തും. അഞ്ച് ട്രെയിനുകള്‍ യാത്രാമധ്യേ 15 മുതല്‍ 60 മിനിറ്റ് വരെ വൈകി ഓടും ഉണ്ടാകും. ജൂണ്‍ 16 മുതലാണ് ചില ട്രെയിനുകള്‍ റദ്ദ് ചെയ്തിരിക്കുന്നത്. ബെംഗളൂരു-മൈസൂരു റൂട്ടിലെ യാത്രക്കാരെയാണ് മാറ്റങ്ങള്‍ കൂടുതലായി ബാധിക്കുക.മൈസൂരു, അശോകപുരം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള 16 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.
കെഎസ്ആർ ബെംഗളൂരു സ്റ്റേഷനില്‍ നിന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്കും തുമകൂരിലേക്കും സർവീസ് നടത്തുന്ന ഒമ്പത് മെമു ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. വന്ദേഭാരത് ട്രെയിനുകളൊന്നും റദ്ദാക്കിയിട്ടില്ല. എന്നാല്‍ ചില സർവീസുകള്‍ പുറപ്പെടുന്ന സ്റ്റേഷനുകളും യാത്ര അവസാനിപ്പിക്കുന്ന സ്റ്റേഷനുകളിലും മാറ്റം വരുത്തിയിട്ടുണ്ട്.ഓഗസ്റ്റ് 1 മുതല്‍ 3 വരെ ബെളഗാവി-കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് യെശ്വന്ത്പുരില്‍ സർവീസ് അവസാനിപ്പിക്കും. കെഎസ്ആർ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് യെശ്വന്ത്പുരില്‍ നിന്നാണ് സർവീസ് ആരംഭിക്കുക.അതേ ദിവസങ്ങളില്‍ കലബുറഗി-എസ്എംവിറ്റി ബെംഗളൂരു വന്ദേഭാരത് യെലഹങ്കയില്‍ യാത്ര അവസാനിപ്പിക്കും. തിരിച്ചുള്ള സർവീസ് യെലഹങ്കയില്‍ നിന്ന് തന്നെ ആരംഭിക്കും. കെഎസ്ആർ ബെംഗളൂരു-ധാർവാഡ് വന്ദേഭാരത് യെശ്വന്ത്പുരില്‍ നിന്നായിരിക്കും പുറപ്പെടുക. ധാർവാഡ്-കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് യെശ്വന്ത്പുരില്‍ തന്നെയായിരിക്കും സർവീസ് അവസാനിപ്പിക്കുക.ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 3 വരെ എറണാകുളം-കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് കെആർ പുരത്ത് യാത്ര അവസാനിപ്പിക്കും.
ഓഗസ്റ്റ് 1 മുതല്‍ 4 വരെ കെഎസ്ആർ ബെംഗളൂരു-എറണാകുളം വന്ദേഭാരത് ബെംഗളൂരു കാന്റോണ്‍മെന്റ് സ്റ്റേഷനില്‍ നിന്നായിരിക്കും സർവീസ് ആരംഭിക്കുകരാജധാനി, കർണാടക എക്സ്പ്രസ് ട്രെയിനുകളുടെയും സർവീസില്‍ മാറ്റമുണ്ട്. ഓഗസ്റ്റ് 1 മുതല്‍ 3 വരെ കെഎസ്ആർ ബെംഗളൂരു-ഹസ്രത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് യെശ്വന്ത്പുരില്‍ നിന്ന് സർവീസ് ആരംഭിക്കും. തിരിച്ചുള്ള ട്രെയിന്‍ ഓഗസ്റ്റ് 2-ന് ഒരു മണിക്കൂർ വരെ വൈകാൻ സാധ്യതയുണ്ടെന്ന് റെയില്‍വേ അറിയിച്ചു.ജൂലൈ 29 മുതല്‍ ഓഗസ്റ്റ് 1 വരെ ന്യൂഡല്‍ഹി-കെഎസ്ആർ ബെംഗളൂരു കർണാടക എക്സ്പ്രസ് ബയ്യപ്പനഹള്ളിയില്‍ യാത്ര അവസാനിപ്പിക്കും. തിരിച്ചുള്ള സർവീസ് ഓഗസ്റ്റ് 1 മുതല്‍ 3 വരെ ബയ്യപ്പനഹള്ളിയില്‍ നിന്ന് ആരംഭിക്കും.കെഎസ്ആർ ബെംഗളൂരു സ്റ്റേഷന്റെ ശേഷി വർധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് നവീകരണ പ്രവൃത്തികള്‍ നടത്തുന്നത്. പ്ലാറ്റ്ഫോം നമ്പർ 7-ന്റെ നീളം 600 മീറ്ററാക്കും. ചരക്ക് ട്രെയിനുകള്‍ക്കായി പ്രത്യേക റണ്ണിങ് ലൈൻ ഒരുക്കും. സിഗ്നലിങ് സംവിധാനവും നവീകരിക്കും.യെശ്വന്ത്പുര്‍ ഭാഗത്ത് രണ്ട് പുതിയ പ്ലാറ്റ്ഫോമുകള് കൂടി നിർമിക്കുന്നതാണ് പദ്ധതിയുടെ രണ്ടാം ഘട്ടം.യാത്രയ്ക്ക് മുമ്പ് ട്രെയിനുകളുടെ പുതുക്കിയ വിവരങ്ങള്‍ പരിശോധിക്കണമെന്ന് യാത്രക്കാരോട് റെയില്‍വേ നിർദേശിച്ചിട്ടുണ്ട്.