Home കർണാടക ബിഡദി അത്യാധുനിക മെഗാ ടൗണ്‍ഷിപ്പിന് ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം; 7000 ഏക്കറില്‍ ബെംഗളൂരുവിന്റെ അനുബന്ധ നഗരമാകാൻ ‘തട്ടെ ഇഡ്ഡലി പട്ടണം’

ബിഡദി അത്യാധുനിക മെഗാ ടൗണ്‍ഷിപ്പിന് ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം; 7000 ഏക്കറില്‍ ബെംഗളൂരുവിന്റെ അനുബന്ധ നഗരമാകാൻ ‘തട്ടെ ഇഡ്ഡലി പട്ടണം’

by ടാർസ്യുസ്

ബിഡദി: ബെംഗളൂരു നഗരത്തെ വികേന്ദ്രീകരിക്കാൻ ഉദ്ദേശിച്ചുള്ള ‘ബിഡദി ടൗണ്‍ഷിപ്പ് പദ്ധതി’യുടെ ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം വന്നതോടെ കർണാടകയില്‍ രാഷ്ട്രീയപ്പോര് മുറുകുകയാണ്.ഇതൊരു റിയല്‍ എസ്റ്റേറ്റ് പദ്ധതിയാണെന്ന ആരോപണം പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ പദ്ധതിയില്‍ നിന്ന് പിൻവാങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രി ഡികെ ശിവകുമാർ. ബെംഗളൂരുവിലെ കടുത്ത ജനസാന്ദ്രതയും ഗതാഗതക്കുരുക്കും കുറയ്ക്കുക എന്ന ലക്ഷ്യം കൂടി ഈ പദ്ധതിക്കുള്ളതിനാല്‍ കർണാടക സർക്കാർ ജനപിന്തുണ ഉറപ്പാക്കിയിട്ടുണ്ട്.തട്ടെ ഇഡ്ഢലിക്ക് പ്രശസ്തമായതിനാല്‍ തട്ടെ ഇഡ്ഡലി പട്ടണം എന്നാണ് ബിഡദി അറിയപ്പെടുന്നത്. ഈ പട്ടണത്തെ വൻ നഗരമാക്കുകയും, ബെംഗളൂരുവിനോളം തന്നെ വളർത്തുകയും ചെയ്യുകയാണ് കർണാടക സർക്കാരിന്റെ ലക്ഷ്യം.

ഇതൊരു വൻകിട പദ്ധതിയാണ്. ‘ബിഡദി ടൗണ്‍ഷിപ്പ് പ്രോജക്റ്റിനെ’ ഗ്രേറ്റർ ബെംഗളൂരു ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പ് പദ്ധതിയെന്നും വിശേഷിപ്പിക്കുന്നുണ്ട്. ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയ്ക്ക് സമീപമുള്ള രാമനഗര, ഹാരോഹള്ളി താലൂക്കുകളിലായി വ്യാപിച്ചുകിടക്കുന്ന ഏകദേശം 7,000-ത്തിലധികം ഏക്കർ ഭൂമിയിലാണ് ഈ അത്യാധുനിക മെഗാ ടൗണ്‍ഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്.ഏകദേശം 13,000 കോടി മുതല്‍ 20,000 കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് വേണ്ടി ആദ്യഘട്ട ഭൂമി ഏറ്റെടുക്കലിനുള്ള അന്തിമ വിജ്ഞാപനം കർണാടക സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.ബെംഗളൂരു മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ കീഴില്‍ പുതുതായി രൂപീകരിച്ച ‘ഗ്രേറ്റർ ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി’ ആണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ജോലി, താമസം, വിനോദം എന്നിവ ഒരിടത്ത് തന്നെ സാധ്യമാക്കുന്ന ‘വർക്ക് ലിവ് പ്ലേ’ മാതൃകയിലാണ് ഈ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് വ്യവസായങ്ങള്‍, അത്യാധുനിക നിർമ്മാണ യൂണിറ്റുകള്‍, ഒളിംപിക് നിലവാരത്തിലുള്ള കായിക അടിസ്ഥാന സൗകര്യങ്ങള്‍, പ്രീമിയം റെസിഡൻഷ്യല്‍ മേഖലകള്‍ തുടങ്ങിയവ ഇവിടെ സ്ഥാപിക്കും. ഒപ്പം മലിനീകരണത്താല്‍ നശിച്ച 1,000 ഏക്കറോളം വരുന്ന ‘ബൈരമംഗല തടാക’ത്തെ പുനരുജ്ജീവിപ്പിച്ച്‌ ടൗണ്‍ഷിപ്പിന്റെ പ്രധാന ആകർഷണമാക്കാനും പദ്ധതിയുണ്ട്.ബെംഗളൂരുവിന് ചുറ്റുമായി നിർമിക്കുന്ന നിർദ്ദിഷ്ട സാറ്റലൈറ്റ് ടൗണ്‍ റിംഗ് റോഡുമായി ഈ പദ്ധതിയെ ബന്ധിപ്പിക്കും. വലിയ ചരക്കു വാഹനങ്ങള്‍ക്ക് ബെംഗളൂരു നഗരത്തില്‍ പ്രവേശിക്കാതെ തന്നെ ഈ ടൗണ്‍ഷിപ്പിലേക്ക് എത്താൻ സാധിക്കും. ഇതുവഴി വ്യവസായങ്ങളെ ബെംഗളൂരുവില്‍ നിന്ന് ബിഡദിയിലേക്ക് ആകർഷിക്കാനും അവിടേക്ക് ഗതാഗതത്തിന്റെ വലിയൊരളവിനെ വഴിതിരിക്കാനും കഴിയും. ഇത് ബെംഗളൂരുവിലെ ഗതാഗതത്തിരക്ക് കുറയ്ക്കും.ടൗണ്‍ഷിപ്പിനായി ആകെ 7,481 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുക.

ഇതില്‍ ആദ്യ ഘട്ടമായി ബിഡദി ഹോബ്ലിയിലെ കെമ്പയ്യനപാളയ, മന്ദലഹള്ളി, ഹാരോഹള്ളി ഹോബ്ലിയിലെ വഡേരഹള്ളി എന്നീ മൂന്ന് ഗ്രാമങ്ങളില്‍ നിന്നായി 518 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള അന്തിമ വിജ്ഞാപനം സർക്കാർ പുറത്തിറക്കി. ഭൂമി വിട്ടുനല്‍കുന്ന കർഷകർക്ക് പണത്തിന് പുറമെ പണിതീർന്ന പ്ലോട്ടുകള്‍ കൂടി നല്‍കുന്ന 60:40 ലാൻഡ് പൂളിംഗ് സ്കീം ആണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍, ഈ പ്രദേശങ്ങളിലെ കർഷകർ ഇതിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ്. തെങ്ങ്, മാവ് എന്നിവ കൃഷി ചെയ്യുന്ന അതീവ ഫലഭൂയിഷ്ഠമായ കാർഷിക ഭൂമിയാണ് സർക്കാർ ഏറ്റെടുക്കുന്നതെന്നും, ഇതിലൂടെ 750-ലധികം ചെറുകിട കർഷക കുടുംബങ്ങളുടെ ഉപജീവനമാർഗ്ഗം ഇല്ലാതാകുമെന്നും അവർ ആരോപിക്കുന്നു. ഏക്കറിന് 5 മുതല്‍ 6 കോടി രൂപ വരെ നഷ്ടപരിഹാരം വേണമെന്നാണ് കർഷകരുടെ ആവശ്യം.

You may also like

error: Content is protected !!
Join Our WhatsApp Group