ബെംഗളൂരു: ഗതാഗതക്കുരുക്കില്‍ ശ്വാസംമുട്ടുന്ന ഐടി നഗരത്തിന് വലിയ ആശ്വാസമാകാൻ പോകുന്ന ബെംഗളൂരു സബർബൻ ട്രാൻസ്പോർട്ട് പ്രോജക്റ്റിന്റെ ആദ്യ ട്രെയിൻ 2027 നവംബറില്‍ നഗരത്തിലെത്തും.പദ്ധതിയുടെ രണ്ടാം കോറിഡോർ കമ്മീഷൻ ചെയ്യുന്നതിന് മുന്നോടിയായാണ് ട്രെയിൻ എത്തുക. ഇത് പ്രോട്ടോടൈപ്പ് ട്രെയിനായിരിക്കും. 2028ഓടെ സബർബൻ റെയില്വേയുയെ ആദ്യ കോറിഡോർ പ്രവർത്തനം തുടങ്ങാനാണ് പദ്ധതി.മെട്രോ ട്രെയിനുകള്‍ക്ക് സമാനമായി, യാത്രക്കാർ പരസ്പരം അഭിമുഖമായി ഇരിക്കുന്ന രീതിയിലുള്ള ‘ബെഞ്ച് സീറ്റുകളായിരിക്കും’ ഈ ട്രെയിനുകളില്‍ ഉണ്ടാകുക. സ്റ്റെയിൻലെസ് സ്റ്റീലില്‍ നിർമ്മിക്കുന്ന ഈ കോച്ചുകളില്‍ സീറ്റുകള്‍ക്ക് മുകളിലോ താഴെയോ ആയി ലഗേജ് റാക്കുകളുണ്ടാകും. ഈ ട്രെയിൻ സർവീസില്‍ സൈക്കിളുകള്‍ സൂക്ഷിക്കാനുള്ള പ്രത്യേക സ്റ്റാൻഡുകളും ഉള്‍പ്പെടുത്തുമെന്നാണ് അറിയുന്നത്.
ചെന്നൈയിലെ ഐസിഎഫ് ആണ് കോച്ചുകള്‍ നിർമ്മിക്കുന്നത്.ആകെ 148 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ബെംഗളൂരു സബർബൻ റെയില്‍വേ പദ്ധതി. ആകെ 306 കോച്ചുകളാണ് ആവശ്യം. സബർബൻ റെയിലിന്റെ നാല് കോറിഡോറുകളില്‍ കോറിഡോർ 2, കോറിഡോർ 4 എന്നിവയ്ക്കായി 153 കോച്ചുകള്‍ നിർമിക്കാനുള്ള വർക്ക് ഓർഡറാണ് പദ്ധതി നിർവ്വഹണ ഏജൻസിയായ ബെംഗളൂരു ഇന്റഗ്രേറ്റഡ് റെയില്‍ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് എന്റർപ്രൈസ് ലിമിറ്റഡ്, ചെന്നൈ ഐസിഎഫിന് കൈമാറിയിരിക്കുന്നത്.ഗവണ്മെന്റ് ഏജൻസി ആയതിനാല്‍ ഇരു കമ്പനികളും തമ്മില്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചാണ് പ്രവൃത്തികളിലേക്ക് നീങ്ങുക. ടെൻഡർ വിളിക്കാതെ തന്നെ ഐസിഎഫില്‍ നിന്ന് കോച്ചുകള്‍ വാങ്ങാൻ സംസ്ഥാന സർക്കാർ അനുമതി നല്‍കിയിട്ടുണ്ട്. ഇത് കർണാടക പബ്ലിക് പ്രൊക്യുർമെന്റിലെ സുതാര്യത നിയമത്തിലെ സെക്ഷൻ 4(g) പ്രകാരമാണ്.നിലവിലെ ഇന്ത്യൻ റെയില്‍വേ റേക്കുകളെപ്പോലെ 25 കിലോവാട്ട് ഓവർഹെഡ് ട്രാക്ഷൻ ഉപയോഗിച്ചായിരിക്കും ഈ ട്രെയിനുകള്‍ പ്രവർത്തിക്കുക.
ആദ്യ സർവീസ് 2028 ഡിസംബറില്‍ തന്നെ നടത്താനാണ് പദ്ധതി. 3, 6, 9 കോച്ചുകളുള്ള സെറ്റുകളായിട്ടായിരിക്കും ട്രെയിനുകള്‍ രൂപപ്പെടുത്തുക.2027 നവംബറില്‍ ആദ്യത്തെ പ്രോട്ടോടൈപ്പ് ട്രെയിൻ എത്തും. ഇത് ട്രാക്കുകളില്‍ ഓടി പരിശോധന നടത്തും. ശേഷം, ഓരോ മാസവും 3 കോച്ചുകള്‍ വീതമുള്ള മൂന്ന് ട്രെയിനുകള്‍ വീതം ബെംഗളൂരുവില്‍ എത്തിക്കും. 2028 ഡിസംബറോടെ ആദ്യ പാത പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനാണ് ബൈ-റൈഡ് (Bi-RIDE) ലക്ഷ്യമിടുന്നത്. തുടക്കത്തില്‍, തിരക്കുള്ള സമയങ്ങളില്‍ ഓരോ 5 മിനിറ്റിലും 3 കോച്ചുകളുള്ള ട്രെയിനുകള്‍ സർവീസ് നടത്തും. മൂന്ന് കോച്ചുകളുള്ള ഒരു ട്രെയിൻ സെറ്റിന് ഒരേസമയം പരമാവധി 1,000 യാത്രക്കാരെ ഉള്‍ക്കൊള്ളാൻ ശേഷിയുണ്ടാകും.